അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി കെ വേലായുധൻ്റെ ഭാര്യക്ക് ലെെഫ് മിഷനിലൂടെ വീട്; ചാരിതാർഥ്യം ചില്ലറയല്ലെന്ന് മന്ത്രി എ കെ ബാലന്‍

Web Desk

തിരുവനന്തപുരം

Posted on September 26, 2020, 11:40 pm

ലെെഫ് മിഷനിലൂടെ അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്രീ. പി.കെ. വേലായുധൻ്റെ ഭാര്യ ശ്രീമതി. ഗിരിജാ വേലായുധന് തല ചായ്ക്കാൻ സ്വന്തമായി ഒരു വീട് നൽകാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യം ചില്ലറയല്ലെന്ന് മന്ത്രി എ കെ ബാലന്‍. വേലായുധൻ അന്തരിച്ച ശേഷം ശ്രീമതി. ഗിരിജയുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. തുഛമായ പെൻഷൻ കൊണ്ട് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യക്ക് വീടു നല്‍കാന്‍ ഒരുങ്ങുകയാണ് ഇടത് സര്‍ക്കാര്‍ . തിരരുവനന്തപുരം കോർപറേഷൻ കല്ലടിമുഖത്ത് നിർമ്മിച്ച ഫ്ലാറ്റുകളിലൊന്ന് കൊടുക്കാൻ കഴിയുമോ എന്ന് മേയർ ശ്രീ. ശ്രീകുമാറിനോട് ഞാൻ ആരാഞ്ഞു. കോർപറേഷൻ ഇക്കാര്യം വിശദമായി പരിശോധിച്ചു. ശ്രീമതി. ഗിരിജയുടെ ജീവിത സാഹചര്യങ്ങൾ കണക്കിലെടുത്ത് അവർക്ക് ഒരു വീട് നൽകാൻ തീരുമാനിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അന്തരിച്ച മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ശ്രീ. പി.കെ. വേലായുധൻ്റെ ഭാര്യ ശ്രീമതി. ഗിരിജാ വേലായുധന് തല ചായ്ക്കാൻ സ്വന്തമായി ഒരു വീട് നൽകാൻ കഴിഞ്ഞതിൻ്റെ ചാരിതാർഥ്യം ചില്ലറയല്ല.
ശ്രീ. പി.കെ. വേലായുധൻ അന്തരിച്ച ശേഷം ശ്രീമതി. ഗിരിജയുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. കിട്ടുന്ന തുഛമായ പെൻഷൻ കൊണ്ട് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവർ ക്ലേശിച്ചു. വാടക കൊടുക്കാൻ തന്നെ ഏറെ ബുദ്ധിമുട്ടി.
ഈ സാഹചര്യത്തിൽ തൻ്റെ ദയനീയ സ്ഥിതി കോൺഗ്രസ് നേതാവായ എ. കെ. ആൻ്റണിയടക്കമുള്ളവരെ ധരിപ്പിച്ചിരുന്നുവെന്ന് അവർ പറഞ്ഞിട്ടുണ്ട്. തൻ്റെ സ്ഥിതി വിവരിച്ച് ഒരു കത്ത് 2014ൽ കെ പി സി സി പ്രസിഡൻ്റായ ശ്രീ. വി. എം. സുധീരന് കത്ത് നൽകി. അദ്ദേഹം ഒരു ശുപാർശക്കത്തോടെ അത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിക്ക് നൽകി. പക്ഷേ ഒന്നും സംഭവിച്ചില്ല.
തൻ്റെ ദയനീയ സ്ഥിതി വിവരിച്ച് അവർ ഒരു അപേക്ഷ എനിക്ക് തന്നിരുന്നു. തിരുവനന്തപുരം കോർപറേഷൻ കല്ലടിമുഖത്ത് നിർമ്മിച്ച ഫ്ലാറ്റുകളിലൊന്ന് കൊടുക്കാൻ കഴിയുമോ എന്ന് മേയർ ശ്രീ. ശ്രീകുമാറിനോട് ഞാൻ ആരാഞ്ഞു. കഴിയുമെങ്കിൽ ഒരു ഫ്ലാറ്റ് കൊടുക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. കോർപറേഷൻ ഇക്കാര്യം വിശദമായി പരിശോധിച്ചു. ശ്രീമതി. ഗിരിജയുടെ ജീവിത സാഹചര്യങ്ങൾ കണക്കിലെടുത്ത് അവർക്ക് ഒരു വീട് നൽകാൻ തീരുമാനിച്ചു.
എല്ലാവർക്കും തലചായ്ക്കാൻ സ്വന്തമായ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള മനുഷ്യത്വപൂർണമായ തീരുമാനമാണ് തിരുവനന്തപുരം കോർപറേഷൻ എടുത്തത്.
സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവർക്ക് വീട് നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കെട്ടിപ്പൊക്കുന്ന വീടുകൾ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം വളർത്തുന്നവർ അത് ചെയ്യട്ടെ.

 

 

Eng­lish sum­ma­ry: House for Ex-con­gress min­is­ter’s wife