മണിയമ്മയ്ക്കും കുടുംബത്തിനും സിപിഐയുടെ കാരുണ്യ തണലൊരുങ്ങുന്നു

ടി കെ അനിൽകുമാർ
Posted on November 08, 2019, 1:33 pm

ആലപ്പുഴ: രോഗപീഡകളും ദാരിദ്ര്യവും മൂലം ജീവിതം വഴിമുട്ടിയ മണിയമ്മയുടെ കുടുംബത്തിന് തണലൊരുക്കി സിപിഐ. ആലപ്പുഴ ജില്ലയിൽ സിപിഐ നടത്തുന്ന സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഭവന നിർമ്മാണ പദ്ധതിയിലൂടെയാണ് മണിയമ്മയ്ക്കും കുടുംബത്തിനും വീടൊരുങ്ങുന്നത്. മാവേലിക്കര ചുനക്കര 14-ാം വാർഡിൽ പ്രസാദ് ഭവനത്തിൽ മണിയമ്മയ്ക്കും കുടുംബത്തിനും കുന്നോളമുണ്ട് ദുരിതം. മകൻ രാജേന്ദ്രപ്രസാദ് ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ബധിരയും മൂകയുമായ സഹോദരി സുനിതയ്ക്കും മണിയമ്മയ്ക്കും മരുന്നിനായി തന്നെ ഓരോ മാസവും വൻതുക വേണം. ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് നിർമ്മിച്ച വീട്ടിലാണ് ഇവരുടെ താമസം. കാലവർഷം ശക്തമാകുമ്പോൾ മഴവെള്ളം കൂരയ്ക്കകത്ത് പതിക്കുന്നതിനാൽ ദിവസങ്ങളോളം ഉറക്കം പോലും നഷ്ടമാകും.

മണിയമ്മയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം നേരിട്ടുകണ്ട പ്രദേശത്തെ സിപിഐ നേതാക്കളാണ് ഭവന നിർമ്മാണ പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. സിപിഐ മാവേലിക്കര മണ്ഡലം കമ്മിറ്റി അംഗം അഡ്വ. രാധ അന്തരിച്ച ഭർത്താവിന്റെ സ്മരണയ്കായി വീട് നിർമ്മിക്കുവാൻ മുന്നോട്ട് വന്നു. മണിയമ്മയ്ക്ക് സ്വന്തമായുള്ള അ‍ഞ്ച് സെന്റ് വസ്തുവിൽ ടെറസ് കെട്ടിടമാണ് നിർമ്മിക്കുക. വീടിന്റെ ശിലാസ്ഥാപനവും സിപിഐ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെ നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും 12ന് ദേശീയ സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി നിർവ്വഹിക്കും.

വൈകിട്ട് 4. 30 ന് ചുനക്കര മാർക്കറ്റ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ എസ് രവി അദ്ധ്യക്ഷനായിരിക്കും. ഭക്ഷ്യമന്ത്രി പി തിലോത്തമൻ ഉപഹാര സമർപ്പണം നടത്തും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ടി പുരുഷോത്തമൻ, പി പ്രസാദ്, ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, ജി കൃഷ്ണപ്രസാദ്, കെ എം ചന്ദ്രശർമ്മ, എൻ രവീന്ദ്രൻ, എ ഷാജഹാൻ, എസ് സോളമൻ, കെ ചന്ദ്രനുണ്ണിത്താൻ, എൻ സുകുമാരപിള്ള, കെ അശോക് കുമാർ, എ എൻ ആനന്ദൻ, എ നന്ദകുമാർ, കെ രാജേഷ്, എ മണിയമ്മ, കെ പങ്കജാക്ഷൻ, എസ് ശ്യാംകുമാർ, ബി അനിൽ, കെ ശിവദാസൻ, സതീഷ് ചന്ദ്രബാബു, സോബി, സിനുഖാൻ എന്നിവർ പ്രസംഗിക്കും.