Web Desk

ചാരുംമൂട്

March 02, 2020, 10:43 am

വഴിയെ ചൊല്ലി തർക്കം; അർദ്ധരാത്രിയിൽ വൃദ്ധ ദമ്പതികളെയടക്കം ആറു പേരെ വീടുകയറി ആക്രമിച്ചു

Janayugom Online

വൃദ്ധ ദമ്പതികളെയടക്കം ആറു പേരെ വീടുകയറി ആക്രമിച്ചെന്ന പരാതിയിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. നൂറനാട് ഇടപ്പോണ്‍ തറയില്‍ സുകുമാരപിളള (75), ഭാര്യ കമലമ്മ (65), മക്കളായ അരുണ്‍ കുമാര്‍ (45 ), അനില്‍കുമാര്‍ (35), ചെറുമകന്‍ അനന്ദു (14), മാവേലിക്കര കാടുമഠത്തില്‍ അനീഷ് (38) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാത്രി 12 ഓടെയാണ് സംഭവം. ഒൻപത് പേരടങ്ങിയ സംഘമാണ് അക്രമം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

വീടിന്റെ ജനാല ചില്ലുകളും മറ്റും തകര്‍ക്കുന്ന ശബ്ദം കേട്ട് ഉണർന്നപ്പോള്‍ ആയുധങ്ങളുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞു. സംഭവ സമയം മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പം നൂറ് വയസുള്ള സുകുമാര പിള്ളയുടെ മാതാവും വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ടുണര്‍ന്ന് വീടിന്റെ മുറ്റത്തു നില്‍ക്കുമ്പോഴായിരുന്നു അനീഷിനെ സംഘം മർദ്ദിച്ചത്.

ഇവർക്ക് ബന്ധുക്കളായ അയല്‍ വീട്ടുകാരുമായി നിലനിന്നിരുന്ന വഴി തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് നൂറനാട് പൊലീസിൽ നൽകിയ പരാതികൾ കഴിഞ്ഞ ദിവസം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.

you may also like this video;