ഷാജി ഇടപ്പള്ളി

കൊച്ചി

July 30, 2021, 11:36 am

വാർത്ത തുണയായി: തുടർ ചികിത്സക്ക് വീട്ടമ്മക്ക് ബിപിഎൽ റേഷൻ കാർഡ് അനുവദിച്ചു, Janayugom Impact

Janayugom Online

കോവിഡ് വാക്സിനെടുത്തു രണ്ടുദിവസത്തിനുള്ളിൽ അക്യൂട്ട് ട്രാൻസ്‌വേഴ്സ് മൈലൈറ്റിസ് ബാധിച്ച് അരയ്ക്കു താഴെ തളർന്ന വീട്ടമ്മയുടെ  തുടർ ചികിത്സയ്ക്കായി ബിപിഎൽ റേഷൻ കാർഡ് അനുവദിച്ചു. തമ്മനം കൂത്താപ്പാടി സ്വദേശി സലാഹുദ്ദീന്റെ ഭാര്യ ബുഷ്റയ്ക്കാണ് മന്ത്രി ജി ആർ അനിലിന്റെ ഇടപെടലിനെത്തുടർന്നാണ് എപിഎൽ വിഭാഗത്തിലായിരുന്ന കാർഡ് അടിയന്തരമായി ബിപിഎൽ വിഭാഗത്തിലാക്കി നൽകിയത്.

വലിയ തുക ആവശ്യമായ പ്ലാസ്മാഫെരിസിസ് ചികിത്സയാണു ബുഷ്റയ്ക്ക് ഇനി വേണ്ടത്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചികിത്സ. എന്നാൽ, കാർഡ് എപിഎൽ ആയിരുന്നതിനാൽ സൗജന്യ ചികിത്സ ലഭിക്കാൻ വഴിയില്ലായിരുന്നു.  റേഷൻ കാർഡ് എപിഎൽ ആയത് മൂലം നിർധന കുടുംബത്തിലെ വീട്ടമ്മയും കുടുംബവും അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ജനയുഗം കഴിഞ്ഞ ആഴ്ചയിൽ വാർത്ത നൽകിയിരുന്നു. വീട്ടമ്മയുടെ ചികിത്സക്ക് വേണ്ടി ഇടപെട്ടിരുന്ന  സിപിഐ വെണ്ണല ലോക്കൽ സെക്രട്ടറി കെ പി ആൽബർട് ഇക്കാര്യം

മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹം എത്രയും വേഗം കാർഡ് മാറ്റി നൽകാൻ നിർദേശം നൽകുകയായിരുന്നു. ഇന്നലെ ജില്ലാ സപ്ലൈ ഓഫിസർ പിആർ ജയചന്ദ്രൻ, സിറ്റി റേഷനിങ് ഓഫിസർ ജോസഫ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ബുഷ്റയുടെ വീട്ടിലെത്തി പുതിയ റേഷൻകാർഡ് കൈമാറി.

You may also like this video: