September 26, 2022 Monday

Related news

September 14, 2022
August 10, 2022
July 27, 2022
July 25, 2022
July 20, 2022
July 18, 2022
June 2, 2022
April 16, 2022
March 25, 2022
March 23, 2022

ഹൗസ് ബോട്ടുകൾ നീറ്റിലിറങ്ങി ;പ്രതീക്ഷയോടെ കുമരകം

സരിത കൃഷ്ണൻ
കോട്ടയം
August 9, 2021 9:47 pm

കോവിഡിനെ തുടർന്ന് ഓട്ടം നിലച്ചുപോയ ഹൗസ് ബോട്ടുകൾ നീറ്റിലിറങ്ങി തുടങ്ങിയതോടെ പ്രതീക്ഷയോടെ കുമരകത്തെ വിനോദസഞ്ചാരമേഖല. കഴിഞ്ഞ ഒന്നര വർഷമായി ഓട്ടം നിലച്ച ഹൗസ് ബോട്ടുകൾക്ക് സർവീസ് പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതോടെയാണ് കുമരകം അടക്കമുള്ള കായലോര വിനോദ സഞ്ചാരമേഖലകൾ പ്രതീക്ഷയുടെ ഓളങ്ങളിൽ യാത്ര ആരംഭിച്ചത്. ചെറിയ രീതിയിലാണ് സർവീസുകൾ ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ബോട്ടുകൾ സാനിറ്റെെസ് ചെയ്തെന്ന് ഉറപ്പുവരുത്തി, കോവിഡ് മാനദണ്ഡങ്ങളോടെയാണ് യാത്രാനുമതി നൽകിയത്.

വേമ്പനാട് കായലിലെ വിസ്മയക്കാഴ്ചയായിരുന്നു മനോഹരനിർമ്മിതികളായ ഹൗസ് ബോട്ടുകൾ. കുമരകം, തണ്ണീർമുക്കം എന്നിവിടങ്ങളിൽ മാത്രം 120 ഹൗസ് ബോട്ടുകളാണ് കോവിഡിനെ തുടർന്ന് ഓട്ടം നിലച്ചുപോയത്. കായൽ ടൂറിസത്തിനു കരുത്തു പകരുന്ന ബോട്ടുകളും ഒപ്പം വള്ളംകളിയും നിലച്ചത് ഹോട്ടൽ ടൂറിസം മേഖലയ്ക്കു വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇവ ഓടിത്തുടങ്ങാൻ അനുമതി ലഭിച്ചിട്ടും വിദേശ സഞ്ചാരികളെത്താതെ ഈ മേഖലയിൽ കാര്യമായ ഉണർവ് ലഭിക്കാൻ ഇടയില്ല. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചാലും വിദേശ ടൂറിസ്റ്റുകളുടെ വരവിന് സാധ്യത കുറവാണ്. ആഭ്യന്തര ടൂറിസം പുനരാരംഭിച്ചാൽത്തന്നെ സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് ടൂർ പാക്കേജുകൾക്ക് സാധ്യതയില്ല.

വർഷത്തിലേറെയായി ഓടാതെ കിടക്കുന്ന സാഹചര്യത്തിൽ ഏറെ ബോട്ടുകൾക്കും അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. 50 ലക്ഷം മുതൽ 75 ലക്ഷം വരെ രൂപ മുടക്കിലാണ് ആഡംബര ഹൗസ് ബോട്ടുകൾ പണിതിറക്കുന്നത്. റിസോർട്ടുകളും ഹോട്ടലുകളും വ്യക്തികളും ഇവ ബാങ്ക് വായ്പയിലാണു താല്പര്യമുള്ള ഡിസൈനിൽ പണിതീർക്കുന്നത്. ഉപ്പുവെള്ളത്തിൽ ഓടാതെ കിടന്ന് അടിവശം ദ്രവിച്ചും മുള, ഈറ്റ, ചൂരൽ നിർമ്മിത ഫർണിച്ചറുകൾക്ക് പൂപ്പൽ ബാധിച്ചും പലതിനും കേടുപാടുണ്ടായി.

2020 മാർച്ച് മുതൽ ഓട്ടമില്ലാതെ വന്നതോടെ ബോട്ടുകളിലെ ജീവനക്കാരും പ്രതിസന്ധിയിലാണ്. ഭാരിച്ച തുക മുടക്കി അറ്റകുറ്റപ്പണികൾ നടത്തി ഫിറ്റ്നസ് എടുത്തുവേണം ഇനി നീറ്റിലിറക്കാൻ. മാത്രമല്ല, കോവിഡ് പ്രോട്ടോകോൾ പാലിച്ചുവേണം സർവീസ് നടത്താൻ. 50 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ ഏറിയാൽ 20 പേരുടെ യാത്രയേ അനുവദിക്കൂ. ഭക്ഷണം, വെള്ളം എന്നിവ നൽകുന്നതിലും നിയന്ത്രണങ്ങളുണ്ട്. മൺസൂൺ ടൂറിസം, ഓണം, വള്ളംകളി എന്നിവ പ്രമാണിച്ച് മുൻപ് ഓട്ടം ലഭിച്ചിരുന്നത് ജൂൺ മുതൽ ഒക്ടോബർ വരെ മാസങ്ങളിലാണ്.

Eng­lish Sum­ma­ry: House­boats set sail; Kumarakom with hope

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.