വീട്ടുജോലിക്കാരിയെ ഉപേക്ഷിച്ചു; നവയുഗത്തിന്‍റെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് പറന്നു

Web Desk
Posted on June 30, 2019, 7:10 pm
അല്ലാമലിന് അഹമ്മദ് യാസിന്‍ വിമാനടിക്കറ്റ് കൈമാറുന്നു. മഞ്ജു മണിക്കുട്ടന്‍ സമീപം

ദമ്മാം: സ്‌പോണ്‍സര്‍ ദമ്മാം വനിതാ ഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്‍റെയും സാമൂഹ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് തിരുവണ്ണാമലൈ ഇടത്താനൂര്‍ സ്വദേശിനിയായ സുബ്ബരായന്‍ അല്ലാമല്‍ എന്ന വനിതയാണ് വനിതാ അഭയകേന്ദ്രത്തിലെ മൂന്നു മാസത്തെ താമസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അല്ലാമല്‍ ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. ആദ്യത്തെ രണ്ടുമാസം കഴിഞ്ഞപ്പോള്‍, സ്‌പോണ്‍സര്‍ അല്ലാമലിനെ മറ്റൊരു വീട്ടില്‍ ജോലിയ്ക്ക് അയച്ചു. ആ വീട്ടില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു. എന്നാല്‍, പുതിയ സ്‌പോണ്‍സര്‍ ഇക്കാമ എടുത്തില്ല. നാട്ടിലേയ്ക്ക് തിരികെ അയയ്ക്കാന്‍ അല്ലാമല്‍ ആവശ്യപ്പെട്ടപ്പോള്‍, ഇക്കാമ ഇല്ലാത്തതിനാല്‍ എക്‌സിറ്റ് അടിയ്ക്കാന്‍ കഴിയാത്തതിനാല്‍, സ്‌പോണ്‍സര്‍ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് അല്ലാമല്‍ സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട്, അല്ലാമലിന് ഔട്ട്പാസ്സ് എടുത്തു നല്‍കുകയും വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു.

മഞ്ജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ജുബൈലിലെ തമിഴ് സാമൂഹ്യപ്രവര്‍ത്തനായ അഹമ്മദ് യാസിന്‍ അല്ലാമലിന് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, അല്ലാമല്‍ നാട്ടിലേയ്ക്ക് പറന്നു.

You May Also Like This: