വയോധികരായ ദമ്പതികൾ മൃഗീയമായി ആക്രമിക്കപ്പെട്ടു: ഗുരുതരമായി പരിക്കേറ്റ ഭാര്യ മരിച്ചു

Web Desk

കോട്ടയം

Posted on June 01, 2020, 7:31 pm

കോട്ടയം താഴത്തങ്ങാടിയിൽ പാറപ്പാടത്തിനടുത്ത് വയോധിക ദമ്പതികളെ വീടുകയറി ആക്രമിച്ചു. ആക്രമണത്തിനിരയായ ഭാര്യ മരിച്ചു. ഭർത്താവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.പാറപ്പാടം ഷാനി മൻസിലിൽ അബ്ദുൾസാലി (65) ഭാര്യ ഷീബ സാലി (60) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. മക്കൾ വിദേശത്തായതിനാൽ ഇവർ തനിച്ചാണ് താമസിച്ചു വന്നിരുന്നത്.

സമീപത്തു തന്നെ മറ്റു വീടുകൾ ഉണ്ടെങ്കിലും ആരും തന്നെ സംഭവം അറിഞ്ഞില്ല. ഇവരുടെ വീടിനു സമീപത്തുള്ള റോഡിൽ കൂടി നടന്നു പോയ യുവാവിന് പാചകവാതകത്തിന്റെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ കയറി നോക്കിയപ്പോഴാണ് രണ്ടു പേരും രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. ഇവരുടെ കൈകാലുകൾ കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. രണ്ടു പേരുടെയും തലയ്ക്ക് ആണ് ഗുരുതരമായ പരിക്കുള്ളത്. വീടിനുള്ളിലെ അലമാരയും മറ്റും നിരക്കി ഇളക്കി നീക്കിയിട്ടുണ്ട്. ഫാനിന്റെ ഇലകൾക്കും കേടു സംഭവിച്ചിട്ടുണ്ട്. വീടിന്റെ പോർച്ചിൽ കിടന്ന കാറും അക്രമികൾ തട്ടിക്കൊണ്ട് പോയി.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെസ്റ്റ് പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി. പൊലീസ് വീട്ടിൽ എത്തുമ്പോൾ അടുക്കളയിലെ അടുപ്പിൽ മുട്ട പുഴുങ്ങാൻ വച്ചിരുന്നതായി കണ്ടെത്തി. വീട്ടിൽ എത്തിയ പൊലീസ് സംഘം ആണ് അടുപ്പ് ഓഫ് ചെയ്തത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തുമ്പോൾ ദമ്പതികൾ കിടന്ന മുറിയിലും ഗ്യാസ് സിലിണ്ടർ എത്തിച്ച് തുറന്ന് വിട്ടിരിക്കുകയായിരുന്നു. കൈകൾ ബന്ധിച്ചിരുന്ന ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി കടത്തിവിടാൻ ക്രമീകരണം ചെയ്തിരുന്നു. മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് അഗ്നിരക്ഷാസേനാ സംഘം വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്.

സാലി നേരത്തെ നാഗമ്പടത്ത് വഴിയോര കച്ചവടം നടത്തിയിരുന്നു. രോഗാതുരനായതിനാൽ ഇപ്പോൾ വീട്ടിൽ തന്നെ കഴിഞ്ഞു വരികയായിരുന്നു. മോഷണശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംശയിക്കുന്നു. ഡോഗ് സ്ക്വാഡും പൊലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ സംഘവും സ്ഥലത്തെത്തി.കോട്ടയം പൊലീസ് മേധാവി വി ജി ജയദേവ്, ഡിവൈഎസ്പി പി ആർ ശ്രീകുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം ജെ അരുൺ, എസ്ഐ ടി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഷീബാ സാലിയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

 

ENGLISH SUMMARY: house­wife found dead in kot­tayam

YOU MAY ALSO LIKE THIS VIDEO