Tuesday
17 Sep 2019

വരാപ്പുഴയിലെ രുചിക്കൂട്ടുമായി വീട്ടമ്മമാരുടെ വിജയഗാഥ

By: Web Desk | Tuesday 23 October 2018 10:20 PM IST


കൊച്ചി:

നാടന്‍ മത്സ്യവിഭവങ്ങള്‍ മലയാളികള്‍ക്ക് എന്നും പ്രിയമുള്ളതാണ്. എന്നാല്‍ മായം ചേര്‍ത്തതും പഴകിയതുമായ മത്സ്യങ്ങള്‍ വ്യാപകമായതിനാല്‍ പലരും മത്സ്യ വിഭവങ്ങളോട് മുഖം തിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാടന്‍ മത്സ്യങ്ങള്‍ വീട്ടില്‍ പൊടിച്ച മസാലയിലുണ്ടാക്കി നഗരത്തില്‍ എത്തിക്കുന്ന ഫിഷ് ന്യൂട്രി കാര്‍ട്ട് എന്ന സംരംഭവുമായി സ്ത്രീ സംരംഭകര്‍ രംഗത്തെത്തിയിരിക്കുന്നത്.

കേരളത്തിലെ മത്സ്യത്തൊഴിലാളികളായ വനിതകളെ സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ സമുദ്രോത്പന്ന കയറ്റുമതി അതോറിറ്റി (എംപിഇഡിഎ) ലക്ഷ്യമിടുന്ന പദ്ധതിയാണ് ഫിഷ് ന്യൂട്രി കാര്‍ട്ട്. മായം കലരാത്ത മീന്‍ വിഭവങ്ങള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുക എന്നതാണ് ഫിഷ് ന്യൂട്രി കാര്‍ട്ടിന്റെ ലക്ഷ്യം. കേരളത്തില്‍ എംപിഇഡിഎയുടെ സഹായത്തോടെ കൊച്ചിയിലാണ് ആദ്യമായി ഫിഷ് ന്യൂട്രി കാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന മത്സ്യ വിഭവശാല നടത്തിപ്പുകാര്‍ വരാപ്പുഴ സ്വദേശികളായ സുനിതാ സജീവന്‍, ഓമന സുബ്രഹ്മണ്യന്‍ എന്നി വീട്ടമ്മമാരാണ്. തുടക്കത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സംരംഭം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഉടനെ പ്രതീക്ഷിക്കാം.

പനമ്പള്ളി നഗറിലെ പാസ്‌പോര്‍ട്ടോഫീസിന് സമീപം എംപിഡിഇഎയില്‍ നിന്നും തവണ വ്യവസ്ഥയില്‍ അനുവദിച്ച മിനി ലോറിയിലാണ് ഇവര്‍ കച്ചവടം നടത്തുന്നത്. വണ്ടിയില്‍ ഗ്യാസ് കണക്ഷന്‍ അടക്കം സര്‍വ സജ്ജീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നല്ലഭക്ഷണം വൃത്തിയും വെടിപ്പുമായി നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇവര്‍ പറയുന്നു.
കഴിഞ്ഞ എട്ടുവര്‍ഷമായി സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍ (സാഫ്) കീഴിലുള്ള നാലുപേര്‍ അടങ്ങുന്ന അമൃത യൂണിറ്റിലെ അംഗങ്ങളാണ് ഇവര്‍. വരാപ്പുഴ മത്സ്യ മാര്‍ക്കറ്റില്‍ നിന്നുമാണ് ഇവര്‍ കടല്‍ മത്സ്യങ്ങള്‍ എടുക്കുന്നത്. കായല്‍ മത്സ്യങ്ങള്‍ മത്സ്യത്തൊഴിലാളികളുടെ പക്കല്‍ നിന്നും വാങ്ങും. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി എട്ടുമണി വരെയാണ് ഇവരുടെ കച്ചവടം.

ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് വിഭവങ്ങള്‍ എത്തിക്കാനും ഇവര്‍ തയ്യാറാണ്. ഓമനയുടെ മകന്‍ സുജിത്താണ് സഞ്ചരിക്കുന്ന മീന്‍ ഭക്ഷണ ശാലയുടെ അമരക്കാരന്‍. മീന്‍ പറ്റിച്ചത്, കരിമീന്‍ റോസ്റ്റ്, ഞണ്ട് റോസ്റ്റ്, ചെമ്മീന്‍ റോസ്റ്റ്, കൂന്തല്‍ റോസ്റ്റ്, കക്ക റോസ്റ്റ്, മീന്‍ കറി, പുട്ട്, ചപ്പാത്തി, കപ്പ. ചെമ്മീന്‍ ബിരിയാണി, മീന്‍ ബിരിയാണി. ഏരി ഫ്രൈ, അയല ഫ്രൈ, കരിമീന്‍ ഫ്രൈ, കൊഴുവ ഫ്രൈ, പള്ളത്തി ഫ്രൈ. സ്‌നാക്‌സ് വിഭവങ്ങളായ ഫിഷ് കട്‌ലേറ്റ്, ഫിഷ് സമൂസ, ഫിഷ് ബോള്‍ തുടങ്ങി നിരവധി മീന്‍ വിഭവങ്ങളാണ് ഇവര്‍ പാകം ചെയ്ത് നല്‍കുന്നത്. അതാതു ദിവസത്തെ മാര്‍ക്കറ്റ് വിലക്കനുസരിച്ചാണ് വിഭവങ്ങളുടെ വിലയും. കച്ചവടത്തില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ വണ്ടിയുടെ വാടക ബാങ്ക് വഴി എംപിഡിഇഎക്ക് നല്‍കണം. ആഴ്ചയില്‍ 400 രൂപ നിരക്കില്‍ മാസത്തിലാണ് വാടക അടക്കേണ്ടത്. ബാക്കിവരുന്ന തുക കൂലിയായി നിശ്ചയിച്ച് പങ്കിട്ടെടുക്കും

Related News