May 28, 2023 Sunday

ഞാൻ എങ്ങനെ നിശബ്ദനായിരിക്കും?

യൂഹാനോൻ മോർ മിലിത്തോസ്‌ മെത്രാപ്പൊലീത്ത
January 24, 2020 4:50 am

ഭാരതത്തിന്റെ പാർലമെന്റ് പാസാക്കി പ്രസിഡന്റിന്റെ അംഗീകാരം നേടി 2019 ഡിസംബർ 12 ന് നിയമമായ സിറ്റിസൺസ് അമെന്റ്മെന്റ് ആക്ട് അഥവാ പൗരത്വ ഭേദഗതി നിയമം 2019 സംബന്ധിച്ച ചർച്ച കഴിഞ്ഞ ഒരു മാസത്തിലേറെ ആയി മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും പ്രക്ഷോഭ വേദികളിലും നിറഞ്ഞു നിൽക്കുന്നുണ്ട്. ഈ വിഷയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഇതിനോടകം ധാരാളം സംസാരിച്ചുകഴിഞ്ഞു. വീണ്ടും ഇതേക്കുറിച്ചൊരു കുറിപ്പിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം ഉയർന്നേക്കാം. ഭാരതത്തിന്റെ മൗലിക സ്വഭാവത്തെക്കുറിച്ച് കരുതലുള്ള ഏതൊരാൾക്കും ഈ നിയമം പിൻവലിക്കപ്പെടുകയോ കോടതി അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതുവരെ ഇതേക്കുറിച്ചുള്ള ചർച്ച സജീവമാക്കി നിർത്താനുള്ള ഉത്തരവാദിത്തമുണ്ട്.

ചിലപ്പോൾ ഒരേ കാര്യംതന്നെ ആയിരിക്കും പലവട്ടം ആവർത്തിച്ച് പറയേണ്ടിവരുന്നത്. പ്രവർത്തിക്കേണ്ടവർക്ക് പറയുന്ന കാര്യം വ്യക്തമായി മനസ്സിലായിട്ട് അനുകൂലമായി പ്രതികരിക്കുന്നതുവരെ പറഞ്ഞുകൊണ്ടേ ഇരിക്കേണ്ടതുണ്ട്. “ക്വിറ്റ് ഇൻഡ്യ” എന്നതു ഒരു ദിവസമോ ഒരു വർഷമോ പറഞ്ഞിട്ടല്ലല്ലോ ബ്രിട്ടീഷുകാർ ഇവിടെനിന്നും നമ്മെ നമ്മുടെ ഭാവി സ്വയം നിർണ്ണയിക്കാൻ വിട്ടിട്ട് ക്വിറ്റ് ആയത്, അതിന് അരപ്പതിറ്റാണ്ട് എടുത്തു. ഇവിടെ അതുപോലൊരു സാഹചര്യമാണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഞാൻ ഈ വിഷയം ആവർത്തിക്കുന്നു. ഭാരതത്തിന്റെ സ്വത്വനിഷേധമാണ് ഈ നിയമത്തിലൂടെ ഈ നാട്ടിലെ ഭരണവർഗ്ഗം നടപ്പാക്കാൻ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ചരിത്രത്തിന്റെ ഏടുകളിൽ കാണുന്ന രണ്ട് പദപ്രയോഗങ്ങൾ ഓർമ്മപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമത്തേത് “സത്യാനന്തര രാഷ്ട്രീയം” എന്നതാണ്. ഇത് പൊതുശ്രദ്ധയിൽ വന്നത് 2016 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെയും ബ്രിട്ടനിലെ ബ്രക്സിറ്റ് വോട്ടെടുപ്പിന്റെയും പശ്ചാത്തലത്തിലാണ്. തീർച്ചയായും ഫ്രഡറിക് നീഷെ (1844–1900), മാക്സ് വെബ്ബർ (1864–1920) എന്നിവരുടെ ചിന്തകളിലും പിന്നീട് 20ാം നൂറ്റാണ്ടിൽ ഹന്ന ആറെൻഡിന്റെ (1906–1975) എഴുത്തുകളിലും ഈ ചിന്തയുടെ പ്രതിഫലനമുണ്ട്. ““സത്യത്തെക്കുറിച്ചുള്ള പൊതുമാനദണ്ഡങ്ങളുടെ നാശം” എന്ന് ഈ പ്രയോഗം സൂചിപ്പിക്കുന്നു ഇതിനോട് താരതമ്യം ചെയ്യാവുന്ന മറ്റൊരു പ്രയോഗമാണ് ““ബിഗ് ലൈ” അഥവാ “പെരും നുണ’ എന്നത്. 19ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ പ്രബലമായിരുന്ന സാംസ്കാരിക ദേശീയതയും രാഷ്ട്രീയവുമായിരുന്നു നാസിസം എന്ന് നമുക്കറിയാം.

ഇതിന്റെ പ്രചാരണത്തിന് ഉപയോഗിച്ച തന്ത്രങ്ങളിൽ ഒന്നായിരുന്നു ബിഗ് ലൈ എന്നത്. അതി വിദഗ്ധമായി സത്യത്തെ വളച്ചൊടിച്ച് പെരുംനുണയെ സത്യമെന്ന് ബോധ്യപ്പെടുത്തുന്ന പരിപാടിയെയാണ് ഈ പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിൽ ജർമ്മനി തോറ്റതിനെക്കുറിച്ച് യഹൂദർ പറഞ്ഞ് പരത്തിയത് “പെരും നുണ’ ആയിരുന്നു എന്ന് അഡോൾഫ് ഹിറ്റ്ലറും അദ്ദേഹത്തിന്റെ പ്രചാരണവിഭാഗം തലവൻ ഗീബൽസും ചേർന്ന് പ്രചരിപ്പിച്ചു. ഈ പ്രയോഗം ആദ്യം കാണുന്നത് ഹിറ്റ്ലറുടെ “മെയിൻ കാംഫ് (എന്റെ പോരാട്ടം — 1925) എന്ന ഗ്രന്ഥത്തിലാണ്. ജർമ്മൻ മിലിറ്ററി ജനറലായിരുന്ന എറിക് ലൂഡൻഡോർഫിന്റെ “സ്പ്രിംഗ് ഒഫൻസീവിൽ’ പ്രകടമായ കഴിവുകേടാണ് ജർമ്മനിയുടെ പരാജയത്തിന് കാരണം എന്ന് യഹൂദർ പ്രചരിപ്പിച്ചു എന്നായിരുന്നു ആരോപണം. യഹൂദരുടെ ഈ വാദം ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. പക്ഷെ ഇത് ഹിറ്റ്ലർക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അത് വലിയൊരു നുണയായി പല കാരണങ്ങളാൽ അദ്ദേഹത്തിന് പ്രചരിപ്പിക്കേണ്ടിയിരുന്നു. എന്നാൽ ഈ പ്രചാരണത്തിൽ പങ്കാളിയായ ഗീബൽസ് പിന്നീട് പെരുംനുണയുടെ പര്യായമായ കഥയാണ് നാം ചരിത്രത്തിൽ കാണുന്നത്. ഗുജറാത്ത് മോഡൽ വികസനം പറഞ്ഞ് പരത്തി ആരംഭിച്ച ആർഎസ്എസ് സംഘപരിവാർ പ്രചാരണങ്ങളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഗുജറാത്തിൽ നരേന്ദ്ര മോഡി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് താൽക്കാലികമായുണ്ടായ ചില നേട്ടങ്ങൾ ഒഴിവാക്കിയാൽ ദീർഘകാലാടിസ്ഥാനത്തിൽ പക്ഷെ നേട്ടങ്ങളല്ല കോട്ടമാണ് ഉണ്ടായത് എന്ന സത്യവും നേട്ടങ്ങൾക്ക്തന്നെ മുഖ്യ കാരണങ്ങൾ ആഗോള സാമ്പത്തിക വളർച്ചയും നല്ല മഴ ലഭിച്ചതും ആയിരുന്നു എന്നതും തന്ത്രപൂർവ്വം മറക്കപ്പെട്ടു. എന്നാൽ ഈ വികസനം മുഖ്യമന്ത്രിയുടെ പ്രത്യേക ഭരണസാമർത്ഥ്യം കൊണ്ടുണ്ടായതാണ് എന്ന് പ്രചരിപ്പിക്കുകയും ചെയ്തു. 2002 ഫെബ്രുവരിയിലെ ഗോദ്ര തീവണ്ടി അപകടത്തെ മുസ്ലിമുകളുടെ തലയിൽ കെട്ടിവച്ച് ഗുജറാത്തിൽ നടത്തിയ വംശശുദ്ധീകരണ ലക്ഷ്യത്തോടെയുള്ള കൊലപാതകപരമ്പര, ഇവ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനും ജഡ്ജിയും ദുരൂഹ സാഹചര്യങ്ങളിൽ കൊല ചെയ്യപ്പെടുന്നത്, രണ്ടാം മൻമോഹൻ സിങ് സർക്കാരിന്റെ പരാജയങ്ങളെയും അഴിമതിയെയും വെറുത്ത ജനം മറ്റൊരു വഴി നോക്കി ഗുജറാത്ത് അവകാശവാദങ്ങൾ വിശ്വസിച്ച് നരേന്ദ്ര മോഡിയെ ഡൽഹിയിൽ കൊണ്ടുവന്നത്; ലോകംചുറ്റി വികസനം കൊണ്ടുവന്നു എന്ന പ്രചാരണം, പാകിസ്ഥാൻ പ്രസിഡന്റിന്റെ ജന്മദിനത്തിന് നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിലൂടെ ഉണ്ടാകും എന്ന് പ്രചരിപ്പിക്കപ്പെട്ട അയൽപക്ക സൗഹൃദം പക്ഷെ കാർഗിലിലും, ബാലാക്കോട്ടിലും പുൽവാമയിലും എത്തിയത്; കള്ളപ്പണത്തിനും, തീവ്രവാദ പ്രവർത്തനത്തിനും എതിരെ എന്നവിധം നടപ്പാക്കിയ നോട്ടു നിരോധനം, എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ സമീപ (അതിർത്തി പങ്കിടുന്നത് എന്നു പറഞ്ഞാൽ അഫ്ഗാനിസ്ഥാൻ പുറത്താകും. അതുകൊണ്ട് സമീപ എന്ന വാക്ക് ഉപയോഗിക്കുì) രാജ്യങ്ങളിൽ ന്യൂനപക്ഷം നേരിടുന്ന പീഡനങ്ങളിൽ പുറത്തായ അഭയാർത്ഥികളെ എത്രയും വേഗം രക്ഷിക്കാൻ എന്നു പറഞ്ഞ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം, നടപ്പാക്കും എന്നും നടപ്പാക്കില്ല എന്നും, ഉണ്ടാകും എന്നും ഉണ്ടാകില്ല എന്നും മന്ത്രിമാർ മാറി മാറി പറയുന്ന പൗരത്വപട്ടിക തയാറാക്കൽ, അഭയ കേന്ദ്ര നിർമ്മാണം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കും എന്ന പ്രസ്താവനകൾ, കശ്മീർ വിഭജനവും പദവിദൂരീകരണം ഒക്കെ പ്രാരംഭത്തിൽ പറഞ്ഞ രണ്ടു വാക്കുകൾ ഉപയോഗിച്ച് ഞാൻ വിലയിരുത്തുന്നു.

ഈ രാജ്യം ഇന്ന് നേരിടുന്ന അനേക പ്രശ്നങ്ങളുണ്ട്: സാമ്പത്തികമായ ദരിദ്രാവസ്ഥ, രൂക്ഷമായ തൊഴിലില്ലായ്മ, കർഷകരുടെ ആത്മഹത്യ, കാലാവസ്ഥാവ്യതിയാന പ്രശ്നങ്ങൾ എന്നിവയെല്ലാം ഒഴിവാക്കി പന്ത്രണ്ട് കൊല്ലമാണോ അഞ്ച് കൊല്ലമാണോ ഏത് മതാനുയായിക്കാണ് ഏതെല്ലാം രാജ്യത്തുനിന്നുള്ളവർക്കാണ് പൗരത്വാവകാശം നൽകേണ്ടത് എന്ന ചോദ്യത്തിന് പ്രാധാന്യം നൽകുമ്പോൾ മുകളിൽ പറഞ്ഞ വാക്കുകളുടെ പ്രസക്തി പിന്നെയും ഉറപ്പിക്കപ്പെടുന്നു.. തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വർഗ്ഗങ്ങളിൽ ഞാനും ഉൾപ്പെടുന്നുണ്ട് എന്നറിഞ്ഞ് ഒരു ക്രെെസ്തവനായ ഞാൻ സന്തോഷിക്കേണ്ടതല്ലേ പിന്നെന്താ എന്നാണ് ചോദ്യമെങ്കിൽ എന്റെ ഉത്തരം രണ്ടാണ്.

ഞാൻ ഒരു ഭാരതീയനും ഭാരതത്തിന്റെ ജനാധിപത്യ‑മതനിരപേക്ഷ‑ബഹുസ്വര സ്വഭാവത്തിൽ വിശ്വസിക്കുന്ന, അത് നിലനിൽക്കണം എന്ന് തീവ്രമായ അഭിവാഞ്ഛ ഉള്ള ആളുമാണ് എന്നാണ് ഒന്നാമത്. പിന്നെ ഒഡിഷയിലെ ഖാണ്ടമാലിൽ 2007–2008 കാലത്ത് അൻപതിനായിരത്തിലധികം ക്രിസ്ത്യാനികളെ വീടുകൾ കത്തിച്ചും ആക്രമിച്ചും പീഡിപ്പിച്ചും നാട്ടിൽനിന്നോടിച്ചതിന്റെ ശേഷിപ്പിനെ നേരിൽ കണ്ട ആളുമാണ് ഞാൻ. അപ്പോൾ എന്റെ സമുദായം തിരഞ്ഞെടുക്കപ്പെട്ട സമുദായങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്നത് തന്നെ പെരുംനുണയായേ എനിക്ക് കാണാൻ പറ്റൂ. ഭാരതീയനല്ലാതെ വന്നിട്ട് അഭയകേന്ദ്രത്തിലും പിന്നീട് അറബിക്കടലിലും വാസമാക്കേണ്ടിവന്നേക്കാം എന്ന സോഫോക്ലീസിന്റെ വാൾ എന്റെ തലയ്ക്ക് മുകളിൽ ഏത് സമയത്തും നൂലറ്റ്വീഴാം എന്ന അവസ്ഥയിൽ തൂങ്ങികിടക്കുമ്പോൾ എനിക്ക് നിശബ്ദനായിരിക്കാൻ വയ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.