Web Desk

വുഹാൻ

March 18, 2020, 5:12 pm

കൊറോണയെ മെരുക്കി ചൈന; പ്രതിരോധിച്ചത് ഇങ്ങനെ

Janayugom Online

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ എങ്ങനെയാണ് ആ രാജ്യം പിടിച്ചുകെട്ടിയത്. ചൈനയിൽ ഇപ്പോൾ രോഗം ഏകദേശം കെട്ടടങ്ങിരിക്കുകയാണ്. എന്നാൽ, ലോകത്തിന്റെ മറ്റു മേഖലകളിലേക്ക് വൈറസ് വ്യപിച്ച് കൊണ്ടിരിക്കുകയാണ്. ഈ രോഗത്താൽ ലോകത്ത് ശരാശരി 500 പേർ വീതമാണ് ദിവസം മരിക്കുന്നത്.

എന്തൊക്കെയായിരുന്നു ചൈനയുടെ രോഗപ്രതിരോധ മാർഗങ്ങൾ? അതിൽ എത്രത്തോളം ചൈന വിജയിച്ചു. ചൈനയ്ക്ക് സംഭവിച്ച വീഴ്ചകൾ എന്തൊക്കെയായിരുന്നു? ഇക്കാര്യങ്ങൾ പരിശോധിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്താൽ നമ്മുടെ രാജ്യത്തും വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസ് ബാധയെ ഒരു പരിധി വരെ നമ്മുക്കും തടയാൻ സാധിക്കും. കൊറോണ വൈറസിനെ നേരിടാൻ ചൈന നടത്തിയ കഠിനപ്രയത്നങ്ങളാണ് ഇപ്പോൾ രോഗത്തെ നിയന്ത്രണവിധേയമകാകനും അവിടെ വ്യാപനം പിടിച്ചു നിർത്താനും സഹായിച്ചത്.

വുഹാനിൽ വൈറസ് ബാധ മൂലമുള്ള മരണങ്ങൾ ഡിസംബർ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ജനുവരി പകുതിയോടെയാണ് ചൈനീസ് അധികൃതർ കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പോഴേയ്ക്കും രോഗബാധ നിയന്ത്രണാതീതമായിക്കഴിഞ്ഞിരുന്നു. വൈറസിന്റെ കേന്ദ്രമായ വുഹാനിലും അതിന്റെ ചുറ്റുപാടുള്ള 15 നഗരങ്ങളിലെയും ജനങ്ങളുടെ യാത്രകൾ പൂർണമായും നിർത്തലാക്കുകയും വീടുകളിൽ കഴിയാൻ നിര്ബന്ധിക്കുകയുമായിരുന്നു ചൈനീസ് അധികൃതർ എടുത്ത നടപടി. വിമാനങ്ങളും ട്രെയിനുകളും ഗതാഗതം നിർത്തി. റോഡുകൾ അടച്ചുപൂട്ടി ഗതാഗതം തടഞ്ഞു.

പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് മുമ്പുവരെ വൈറസ് ബാധിതനായ ഒരാളില്‍നിന്ന് രണ്ടുപേര്‍ക്ക് വൈറസ് പകരുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇതാണ് രോഗബാധ അതിവേഗത്തിലാക്കാന്‍ ഇടയാക്കിയത്.ഏകദേശം 76 കോടി ജനങ്ങളെയാണ് വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ചൈനയുടെ ആകെ ജനസംഖ്യയുടെ പകുതി പേരാണ് അങ്ങനെ വീട്ടില്‍ അടച്ചുപൂട്ടപ്പെട്ടത്. ഭക്ഷണത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കും മാത്രമാണ് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നത്. രണ്ടു മാസമായി ഈ സ്ഥിതി തുടരുകയാണ്. ദിനംപ്രതി ആയിരങ്ങള്‍ രോഗബാധിതരായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15ല്‍ താഴെ മാത്രമാണ് പുതിയ രോഗികള്‍. ഇന്നലെയും ഇന്നും വുഹാനില്‍ ഓരോ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്‌. ജനങ്ങളുടെ സാമൂഹ്യമായ ഇടപടല്‍ ഏകദേശം പൂര്‍ണമായും തടഞ്ഞതോടെയാണ് രോഗബാധ ഇത്രയേറെ കുറയ്ക്കാനായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.നങ്ങള്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാതായ ആദ്യത്തെ ഏഴു ദിവസംകൊണ്ട് രോഗബാധയുടെ തോത് 1.5 (ഒരാളില്‍നിന്ന് മറ്റുള്ളവരിലേയ്ക്ക് പകരുന്നതിന്റെ തോത്) ആയി കുറയ്ക്കാനായി.

വൈറസ് വ്യാപിക്കുന്നതില്‍ ജനങ്ങളുടെ സഞ്ചാരം കുറയ്ക്കുക എന്നതിനുതന്നെയാണ് പ്രധാന്യമെങ്കിലും രോഗബാധ നേരത്തെ തന്നെ കണ്ടെത്തുന്നതും രോഗികളെ ഐസൊലേഷനില്‍ പാര്‍പ്പിക്കുന്നതും രോഗബാധ തടയുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം സിങ്കപ്പുരാണ്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വൈറസ് ബാധ സ്ഥിരീകരിച്ചവരെ ഐസൊലേഷനില്‍ പാര്‍പ്പിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുകയും ചെയ്തു. അതാണ് വൈറസ് ബാധ 250ന് താഴെ മാത്രമാക്കി ചുരുക്കാന്‍ അവരെ സഹായിച്ചത്.

ENGLISH SUMMARY: How chi­na con­trol coro­na virus

YOU MAY ALSO LIKE THIS VIDEO