വരേണ്യ ക്ലബ്ബുകള്‍ ഉണ്ടാകുന്നതെങ്ങിനെ…

Web Desk
Posted on August 04, 2019, 10:46 pm
devika

നാലഞ്ചുവര്‍ഷം മുമ്പാണ്. ‘ജനയുഗ’ത്തില്‍ അന്ന് ഒരു വാര്‍ത്തവന്നു. ഐഎഎസ് ഉദ്യോഗസ്ഥാനായ ടി ഒ സൂരജിന്റെ അവിഹിത സ്വത്തു സമ്പാദ്യത്തെയും തൃശൂരിലെ കോള്‍പാടങ്ങള്‍ ഫ്‌ളാറ്റുമാഫിയകള്‍ക്കു നിയമവിരുദ്ധമായി മറിച്ചു നല്‍കാനുള്ള നീക്കങ്ങളെയും സംബന്ധിച്ച വാര്‍ത്ത. ഇതിനിടെയാണ് ഇപ്പോഴത്തെ ചീഫ്‌സെക്രട്ടറി ടോം ജോസിനെതിരായ ആരോപണങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്താപ്രളയമായി രൂപപ്പെട്ടത്. ഒരു ദിവസം ടോം ജോസിനെതിരായ ആരോപണങ്ങള്‍ നേരിടുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ തലസ്ഥാനത്തെ ഏറ്റവും വലിയ വരേണ്യ ക്ലബായ വഴുതയ്ക്കാട്ടെ വരേണ്യ ക്ലബില്‍ ഐഎഎസ് അസോസിയേഷന്റെ അടിയന്തിരയോഗം ചേരുന്നു. യോഗത്തില്‍ ടി ഒ സൂരജുമുണ്ട്. ചര്‍ച്ചയും സല്‍ക്കാരവും മുറുകുന്നതിനിടെ സൂരജിന് ഒരു ഉള്‍വിളി. നേരെ വിളിപ്പാടകലെയുള്ള ‘ജനയുഗ’ത്തിലേക്കു ഒരു വിളി. തനിക്കെതിരായ വാര്‍ത്തയെഴുതിയവനെ കിട്ടണമത്രേ! ഫോണെടുത്തത് വാര്‍ത്തയെഴുതിയ ലേഖകന്‍ തന്നെയായിരുന്നു. തനിക്കെതിരായ വാര്‍ത്ത എവിടുന്നു കിട്ടിയെന്നറിയണം, തനിക്കെതിരെ വാര്‍ത്തയെഴുതാന്‍ എങ്ങനെ ധൈര്യമുണ്ടായെന്നുമറിയണം. സൂരജിന്റെ ഭാഷയും വാക്കുകളുടെ തടയണകളില്‍ തട്ടിയുള്ള ഒഴുക്കും കേട്ട ലേഖകന്‍ പറഞ്ഞു; സൂരജ് ഏമാന്റെ വീര്യം വയറ്റില്‍ കിടന്നാല്‍ മതി.
തുടര്‍ന്ന് ഇതേക്കുറിച്ച് ലേഖകന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും സ്പീക്കര്‍ കാര്‍ത്തികേയനും സൂരജിന്റെ വകുപ്പുമന്ത്രി അടൂര്‍ പ്രകാശിനും പരാതി നല്‍കി. മന്ത്രി പ്രകാശ് ഇടപെട്ട് സൂരജിനെക്കൊണ്ടു മാപ്പുപറയിപ്പിക്കുകയും ഇതു ‘ജനയുഗ’ ത്തില്‍ വാര്‍ത്തയായി വരികയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം ‘ജനയുഗം’ വാര്‍ത്തയ്ക്കു സ്ഥിരീകരണമായി ഒരു മാസംമുമ്പ് സൂരജിന്റെ ദശകോടികള്‍ വിലമതിക്കുന്ന മണിമന്ദിരങ്ങളും ഫ്‌ളാറ്റുകളും ഗോഡൗണുകളും ഭൂസ്വത്തും സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെയ്തു. അതെല്ലാം സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗം. ഇവിടെ വിഷയം അതല്ല. തലസ്ഥാനത്തു മാത്രമല്ല സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്ന നിരവധി വരേണ്യക്ലബുകളുണ്ട്. ഐഎഎസുകാരും ഐപിഎസുകാരും വന്‍ വ്യവസായികളും ബിസിനസ് കൊമ്പന്‍സ്രാവുകളുമാണ് ഈ ക്ലബ്ബുകളിലെ അംഗങ്ങള്‍. അരലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ അംഗത്വഫീസായതിനാല്‍ സാധാരണക്കാര്‍ക്ക് ഈ ക്ലബ്ബുകളില്‍ അംഗത്വം അപ്രാപ്യം. ഇതിനുപുറമെ അനധികൃത ബാറുകള്‍ സഹിതം പ്രവര്‍ത്തിക്കുന്ന അധോലോക ക്ലബ്ബുകള്‍ വേറെ. മദ്യപാനവും പണംവെച്ചുള്ള ചീട്ടുകളിയും തുടങ്ങിയവയ്ക്കിടയില്‍ നിയമവിരുദ്ധ ഇടപാടുകള്‍ക്കു അച്ചാരം വാങ്ങുന്ന കലാപരിപാടികളും മുഖ്യം. ഐഎഎസുകാര്‍ക്കും ഐപിഎസുകാര്‍ക്കുമൊപ്പം ചീട്ടുകളിച്ച് തോറ്റുകൊടുത്ത് ഈ ഏമാന്മാരെ വലയിലാക്കി കാര്യസാധ്യം നടത്തിയെടുക്കുന്ന വിരുതന്മാരും ഏറെ.
ഈ വരേണ്യക്ലബ്ബുകളെല്ലാം തന്നെ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ഭൂമികളിലാണെന്നതാണ് കൗതുകകരം. അനന്തപുരിയിലെ കണ്ണായ സ്ഥലങ്ങളിലുള്ള ട്രിവാന്‍ഡ്രം ക്ലബ്ബ്, ശ്രീമൂലം ക്ലബ്ബ്, ടെന്നീസ്‌ക്ലബ്ബ്, വിമന്‍സ് ക്ലബ്ബ് എന്നിവയെല്ലാം സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഭൂമികള്‍ക്കു മാത്രം 15700 കോടിയില്‍പ്പരം കമ്പോളവിലയുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇവയെല്ലാം തുച്ഛമായ പാട്ടത്തുകയ്ക്ക് രാജഭരണകാലത്ത് പാട്ടത്തിനു നല്‍കിയവയാണ്. ഇവയുടെയെല്ലാം പാട്ടക്കാലാവധി കഴിഞ്ഞിട്ടും മാറി മാറി വരുന്ന ഒരു സര്‍ക്കാരിനും ഈ ഭൂസ്വത്ത് ഏറ്റെടുക്കാനാവുന്നില്ല. ഇവയില്‍ കവടിയാറിലെ ഗോള്‍ഫ്ക്ലബ്ബ് സിപിഐ യുടെയും എെഎടിയുസിയുടെയും ക്ലബ്ബ് തൊഴിലാളികളുടെയും നേതൃത്വത്തില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്തു. ഐഎഎസ് െഎപിഎസ് ബിസിനസ് അച്ചുതണ്ട് പുറത്തായി. ട്രിവാന്‍ഡ്രം ക്ലബ്ബും ശ്രീമൂലം ക്ലബ്ബ് അടക്കമുള്ള സര്‍ക്കാര്‍ ഭൂമിയിലെ വരേണ്യക്ലബ്ബുകളും ഒഴിപ്പിച്ചെടുക്കാവുന്നതേയുള്ളൂ. ഈ ക്ലബ്ബുകളെല്ലാം തൊട്ടടുത്ത് അടുപ്പുകൂട്ടിയമട്ടില്‍ സ്ഥിതിചെയ്യുന്നതിനാല്‍ തിരുവനന്തപുരം കളക്ടറേറ്റ് ഇവിടേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള കുടപ്പനക്കുന്നിലെ കുറുക്കന്‍ കുന്നില്‍ ശതകോടികള്‍ മുടക്കി കളക്ടറേറ്റ് സ്ഥാപിക്കുകയായിരുന്നു. വരേണ്യ ക്ലബ്ബുകളിലെ ഐഎഎസ് മാഫിയകളുടെ അട്ടിമറിയുടെ സ്മാരകമായി:
ഈ വരേണ്യക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് ഐഎഎസ് ഐപിഎസ് ലോബികളും പുത്തന്‍ കോര്‍പ്പറേറ്റുകളും ചേര്‍ന്ന് സര്‍ക്കാരുകളുടെ നീക്കങ്ങളെയും പൊതുമനസിന്റെ താല്‍പര്യങ്ങളെയും അട്ടിമറിക്കാന്‍ കെണികളൊരുക്കിക്കൊണ്ടിരിക്കുന്നുവെങ്കിലും നമുക്ക് ഇതൊന്നും ‘ശരിയാക്കാന്‍’ കഴിയാതെ വരുന്നത് വലിയ ദുരന്തമാണ്. ഈ വരേണ്യക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് മിനി സമാന്തര സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം എല്ലാ ഭരണകൂടങ്ങള്‍ക്കും അറിയാത്തതല്ല. ഈ ക്ലബ്ബുകളും സര്‍ക്കാര്‍ ഭൂമികളും ഏറ്റെടുത്താല്‍ത്തന്നെ അതിനെ മറ്റൊരു വിപ്ലവകരമായ ഭൂപരിഷ്‌കരണനിയമമായി ജനം നെഞ്ചേറ്റും. തലസ്ഥാനത്ത് ഇത്തരം ഒരു ഐഎഎസ് ക്ലബ്ബ് എന്ന മദ്യപാന മദിരാക്ഷി കേന്ദ്രമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത് ഐഎഎസുകാരനായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടറാം കൂട്ടുകാരിയായ ഒരു മോഡലിനൊപ്പം മദ്യലഹരിയില്‍ കാറോടിച്ച് കെ എം ബഷീര്‍ എന്ന പ്രഗത്ഭ പത്രപ്രവര്‍ത്തകനെ കുരുതികഴിച്ചപ്പോഴാണ്. ഇത്തരം ക്ലബ്ബുകളിലേക്ക് പ്രഗത്ഭരായ ഭരണകര്‍ത്താക്കളെ ആകര്‍ഷിച്ച് തിന്മകളുടെ തമോഗര്‍ത്തത്തിലേക്ക് ആഴ്ത്തുന്നുവെന്ന കറുത്ത സന്ദേശമാണിത്. ഈ സംഭവത്തിന്റെ ചുവടുപിടിച്ച് ഇത്തരം വരേണ്യക്ലബ്ബുകള്‍ സര്‍ക്കാര്‍ അടിയന്തിരമായി പിടിച്ചെടുത്തില്ലെങ്കില്‍ ഈ ക്ലബ് സാംസ്‌കാരികച്യുതിക്കു മുന്നില്‍ പ്രബുദ്ധകേരളം അടിയറവു പറയുകയായിരിക്കും ഫലം.

മൂന്നു വയസുകാരിയെ മൃഗീയമായി കൂട്ട ബലാല്‍സംഗം ചെയ്തു കൊന്നശേഷം തല അറുത്തെടുത്തുകൊണ്ടുപോവുക, നളചരിതം കഥയിലെപ്പോലെ ഭാര്യയെ പണ്ടമാക്കി ചൂതുകളിക്കുക, ചൂതില്‍ തോറ്റപ്പോള്‍ ഭാര്യയെ കുട്ടബലാല്‍സംഗത്തിനു വിട്ടുകൊടുക്കുക. ഇതെല്ലാം കാണിയ്ക്കുന്നത് നാം കാട്ടാളത്തത്തിലേക്ക് തിരികെ യാത്ര ചെയ്യുന്നുവെന്നാണ്. ഇതെല്ലാം സംഭവിച്ചത് പൂച്ചസന്യാസിയായ ബിജെപി നേതാവ് യോഗി ആദിത്യനാഥ് വാണരുളുന്ന യുപിയിലാണ്. ഒരു ജോലിതേടി സമീപിച്ച ദരിദ്ര പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ്‌സിങ് സെന്‍ഗാറിന്റെ നാടും യുപി. ആ പെണ്‍കുട്ടി യോഗിയുടെ ഔദ്യോഗിക വസതിയില്‍ നീതി തേടി തീകൊളുത്തി ആത്മഹൂതിയ്ക്കു ശ്രമിച്ചപ്പോള്‍ കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ ജയിലിലടച്ച് തല്ലിക്കൊല്ലുക. ജയിലില്‍ കിടന്നുകൊണ്ട് ബിജെപി എംഎല്‍എ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്കിടിച്ച് കൊല്ലാന്‍ ശ്രമിക്കുക, ബന്ധു സ്ത്രീ അരുംകൊല ചെയ്യപ്പെടുക. പെണ്‍കുട്ടി ഒരാഴ്ചയിലേറെയായി മരണാസന്നയായി കിടക്കുക. ഈ രാജ്യത്ത് എന്തെല്ലാമാണ് നടക്കുന്നതെന്ന് പരമോന്നത നീതിപീഠം രോഷത്തോടെ ചോദിക്കുക. മോഡിയുടെ രണ്ടാംവരവ് അരുംകൊലകളിലൂടെ ആഘോഷിക്കുമ്പോള്‍ സനാതനഭൂമിയില്‍ ഒരു രാക്ഷസീയ സംസ്‌കാരം പിറവിയെടുത്തുകഴിഞ്ഞുവോ?

പണ്ട് ചലച്ചിത്ര പ്രതിഭയായ ജോണ്‍ അബ്രഹാം ചോദിച്ചിട്ടുണ്ട്, കോട്ടയത്ത് എത്ര മത്തായിമാരുണ്ട്. അതുപോലെ ഇപ്പോള്‍ ചോദിക്കേണ്ടിവന്നിരിക്കുന്നു, മൂന്നാറില്‍ എത്ര മണ്ടന്മാരും മണ്ടികളുമുണ്ട്! കഴിഞ്ഞ ദിവസം മൂന്നാറിലേയും ദേവികുളത്തേയും പോസ്റ്റ് ഓഫീസുകള്‍ക്കു മുന്നില്‍ സ്ത്രീപുരുഷന്മാരുടെ അനന്തമായ ക്യൂ കാണപ്പെട്ടു. എല്ലാവരുടേയും ലക്ഷ്യം പോസ്റ്റ് ഓഫീസ് ബാങ്കുകളില്‍ അക്കൗണ്ടു തുറക്കാന്‍. ഇത്രയധികം പേര്‍ക്ക് എന്തേയിത്ര തിടുക്കമെന്ന് ആരാഞ്ഞപ്പോഴല്ലേ ക്യൂവിന്റെ ഗുട്ടന്‍സ് പിടികിട്ടിയുള്ളൂ. വിദേശത്തുനിന്നും മോഡി പിടിച്ചെടുത്ത കാക്കത്തൊള്ളായിരം കോടി, 15 ലക്ഷം രൂപ വീതം ജനങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് ബാങ്കിലിടാന്‍ പോകുന്നുവെന്ന് ഏതോ വിരുതന്‍ പറഞ്ഞതുകേട്ട് പാഞ്ഞെത്തിയ പാവങ്ങള്‍. 15 ലക്ഷം രൂപ വീതം മോഡി അണ്ണാക്കില്‍ കൊണ്ടു വച്ചുതരുമെന്ന് സുരേഷ്‌ഗോപി പറഞ്ഞതുകേട്ടാണ് പാവങ്ങളായ തോട്ടം തൊഴിലാളികള്‍ കടംവാങ്ങിയും കെട്ടുതാലി പണയംവച്ചും പോസ്റ്റ് ഓഫീസ് അക്കൗണ്ടു തുറന്നതെന്നും പറയുന്നവരുമുണ്ട്. മൂന്നാറില്‍ ഒന്നോ രണ്ടോ ‘മര മണ്ട’ന്മാര്‍ കാണുമായിരിക്കും. പക്ഷേ മൂന്നാറുകാരെ ഒന്നടങ്കം മണ്ടന്മാരാക്കാന്‍ മോഡിക്കല്ലാതെ ഏതു ചാണക്യനു കഴിയും!.