അരുൺ മാത്യ

മലേഷ്യ

April 06, 2020, 2:50 pm

ലോക് ഡൗണിൽ പട്ടാളം കാവൽ നിൽക്കുന്ന മലേഷ്യയിലെ കൊറോണ കാഴ്ചകൾ ഇങ്ങനെയാണ്

Janayugom Online

2020 ജനുവരി അവസാനം ആണ് മലേഷ്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരികരിക്കുന്നത്. മലേഷ്യയുടെ ഏതോ ഒരു കോണിൽ വൈറസ് വന്നതിന് ഇപ്പോഴേ മുണ്ട് മടക്കി കുത്തി നടക്കേണ്ടണ്ടല്ലോ എന്ന മട്ടിൽ ആയിരുന്നു ഞാൻ ഉൾപ്പടെയുള്ള ഭൂരിപക്ഷം ആളുകളുടേയും നിലപാട്. സാധാരണ പോലെ ജോലിയും മറ്റു കാര്യങ്ങളുമെല്ലാം തുടർന്നു കൊണ്ടേ ഇരുന്നു. ആ സമയത്താണ്, കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി ആദ്യദിവസങ്ങളിൽ ജോലി കഴിഞ്ഞു വന്ന എനിക്ക് പെട്ടെന്നു തളർച്ചപോലെ തോന്നി. കൂട്ടത്തിൽ പനിയും. ലക്ഷണങ്ങൾ കണ്ട് ഞാൻ നിശ്ചയിച്ചു എന്നെയും കോവിഡ് ബാധിച്ചു. മകൻ നാട്ടിൽ ആയത് കൊണ്ട് അവന്റെ അരികിലേക്ക് പോകാൻ ദിവസങ്ങൾ എണ്ണിയിരുന്ന സമയമായിരുന്നു. ഓരോ പ്രവാസിയെയും പോലെ വല്ലാതെ മനസ് തളർന്ന സമയം. ഫ്ലാറ്റിൽ പോയി വിശ്രമിച്ച ശേഷം ആശുപത്രിയിലേക്ക് പോയി. എന്നാൽ ഡോക്ടർ പരിശോധിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം “പേടിക്കേണ്ടതില്ല, ഇതു സാധാരണ ഇൻഫെക്ഷൻ ആണ് ” എന്നു പറഞ്ഞ ശേഷമാണ് സമാധാനമായത്. ആദ്യമേ തന്നെ സത്യസന്ധമായ വാർത്തകൾ വായിച്ചതും, മെഡിക്കൽ രംഗത്തെ സുഹൃത്തുകളുടെയും കൂടപ്പിറപ്പുകളുടെയും അടുത്തു നിന്ന് കിട്ടിയ അറിവുകളും ഉള്ളത് കൊണ്ട് പുറത്തിറങ്ങുമ്പോൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.

പുറത്തു ഇറങ്ങിയാൽ മുഖത്തു തൊടില്ല. ലിഫ്റ്റ്, ബസ് മുതൽ കാശിൽ തൊട്ടാൽ വരെ സോപ്പ് ഇട്ടു കൈ കഴുകേണം എന്നൊക്കെ തീരുമാനിച്ചു മുൻപോട്ടു നീങ്ങി. മാസ്ക് വെച്ചു ഓഫീസിൽ പോകുമ്പോൾ പലരും “ഇതിന്റെയൊക്കെ ആവശ്യം ഉണ്ടോ..” എന്ന രീതിയിലുള്ള ചോദ്യങ്ങളും “വരാൻ ഉള്ളത് ആണേൽ വരും” എന്ന ക്ലിഷേ ഡയലോഗുകളും പറയാൻ തുടങ്ങി. അത് കുറെ കേട്ടു കഴിഞ്ഞപ്പോൾ ഇതിന്റെ ഒന്നും ആവിശ്യമില്ലായെന്ന് എനിക്കും തോന്നി തുടങ്ങി. കാരണം അപ്പോൾ പൊതു ഗതാഗതം ഉപയോഗിക്കുന്ന ഒരു 10–20% ആളുകൾ മാത്രമായിരുന്നു മാസ്ക് വയ്ക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ കോവിഡ് 19 കേസുകൾ ദിവസം 1 — 2 മാത്രമാണ് ഉണ്ടായിരുന്നത്. അതോടെ വൃത്തിയും, ശ്രദ്ധയും കൈവിട്ടില്ലെങ്കിലും രോഗം വരുമെന്ന പേടിയെല്ലാം ഉപേക്ഷിച്ച് വീണ്ടും പഴയ ജീവിത രീതിയിൽ തുടർന്നു. എന്നാൽ വളരെ പെട്ടെന്നായിരുന്നു മലേഷ്യയുടെ ജീവിത ശൈലി തന്നെ മാറ്റിമറിച്ച വാർത്ത പുറത്ത് വന്നത്. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ മലേഷ്യയിലെ ക്വാലാലംപുരിൽ ബ്രൂണൈ, ഫിലിപ്പൈൻസ്, സിംഗപുർ ‚ഇന്തോനേഷ്യ എന്നിങ്ങനെ പല രാജ്യങ്ങളിൽ നിന്നും വന്ന ആളുകൾ ചേർന്ന് ഒരു പൊതുപരിപാടി നടക്കുകയുണ്ടായി. അതിൽ പങ്കെടുത്ത് മടങ്ങിയ ഒരാൾ ബ്രൂണെയിൽ പോസിറ്റീവ് ആയി കണ്ടെത്തിയെന്നും തുടർന്ന് മലേഷ്യയിലും പലരും രോഗബാധിതരെന്ന വാർത്ത പടർന്നു.

വെറും 1–2 ദിവസം കൊണ്ട് എല്ലാം തകിടം മറിഞ്ഞത് പോലെയായി. ഏകദേശം 1500 വിദേശി ഉൾപ്പടെ 16,000 ആളുകൾ ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 35,41,190 എന്നിങ്ങനെ മാർച്ച് 13,14,15 ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെ രാജ്യം ലോക്കഡോൺ ആകുന്നു, എല്ലാവരും 3 മാസത്തേക്ക് വീട്ടു സാധനങ്ങൾ വാങ്ങി വയ്ക്കണം, ആർക്കും പുറത്തു ഇറങ്ങാൻ പറ്റില്ല തുടങ്ങി സ്ഥിരം പേടിപ്പിക്കുന്ന സന്ദേശങ്ങളും പരന്ന് തുടങ്ങി.തൊട്ടു പുറകെ ആളുകൾ കടകളിലേക്ക് ഓടി കൂടി. അന്ന് തന്നെ ഡോക്ടർസ് അസോസിയേഷൻ ഉൾപ്പടെ ലോക്കഡോൺ വേണ്ടി വരുമെന്ന നിർദേശം മുൻമ്പോട്ടു വെച്ചു. മാർച്ച് 16 രാത്രിയിൽ പ്രധാനമന്ത്രി മലേഷ്യൻ സമയം 10 ആയപ്പോൾ മാർച്ച് 18 മുതൽ മാർച്ച് 31 വരെ ണ് ‑മൊമെന്റ് കണ്ട്രോൾ ഓർഡർ അഥവാ യാത്ര നിയന്ത്രണം ആഹ്വാനം ചെയ്തു. ലോക്ക്ഡോൺ എന്നു പറഞ്ഞാൽ ആളുകൾ ചൈനയിലെ സ്ഥിതി ചിന്തിച്ച് കൂടുതൽ പേടിക്കും എന്നതിനാലാവാം ഇങ്ങനെ ഒരു പേര് കൊടുത്തത്. അതു ഒരു വലിയ വ്യത്യാസം ഉണ്ടാക്കി എന്നുള്ളതും വസ്തുതയാണ്. അവശ്യസാധനം, സേവനം ഒഴികെ ബാക്കി ഒന്നും പ്രവർത്തിക്കാൻ അനുവാദമില്ലായിരുന്നു.

എന്നാൽ മാർച്ച് 15ന് നൂറിന് മുകളിൽ കേസുകൾ തുടങ്ങി പിന്നെ ഈ നിമിഷം വരെ എന്നും 100–200 കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു. 3 ദിവസങ്ങളിൽ 200 ന് മുകളിലും. അതുകൊണ്ട് തന്നെ എംസിഒ മാർച്ച് 31 എന്നുള്ളത് ഏപ്രിൽ 14 വരെ നീട്ടുകയുണ്ടായി. പോലീസിനെ സഹായിക്കാൻ മിലിറ്ററി ഇറങ്ങി. വീടിനു വെളിയിൽ ഒരാളെയും കാണരുത് എന്ന രീതിയിലേക്ക് മാറി. വീട്ടു സാധനങ്ങൾ വാങ്ങാൻ ഒരാൾക്കു മാത്രം ഒരു വീട്ടിൽ നിന്ന് പുറത്തു പോകാവൂ. 10km വെളിയിൽ പോകണമെങ്കിൽ പോലീസ് അനുവാദം വാങ്ങേണം, പുറത്തു പോകുമ്പോൾ താമസ സ്ഥലം തെളിയിക്കാൻ യൂട്ടിലിറ്റി ബില്ല് കൈയിൽ കരുതണം, കടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ രാത്രി 8 വരെയാക്കി, സാധനം വാങ്ങുവാൻ ക്യൂവിൽ നിൽകുമ്പോൾ 1മീറ്റർ ദൂരം പാലിക്കണം. എംസിഒ വന്നതോടൊപ്പം സിംഗപുരിലേക്കുള്ള ബോർഡർ അടയ്ക്കുവാനിടയായി.

അത് മൂലം ആയിരങ്ങൾ തിരികെ വീട്ടിലെത്താനാവാതെ അവിടെ കുടുങ്ങി പോയി. പല വീടുകളിലും മാതാപിതാക്കളില്ലാതെ മക്കൾ ആയ മാരോടൊപ്പം ആയിരിക്കുന്നു എന്നതും പലർക്കും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ജോഗിങിന് പോയവർക്ക് പിഴയും, കൃത്യമായി കാരണം ഇല്ലാതെ പുറത്തു കൂടെ നടക്കുന്നവർക്ക് ജയിൽ ശിക്ഷ വരെ ലഭിക്കുന്നുണ്ട്. അങ്ങനെ അക്ഷരാർത്ഥത്തിൽ എല്ലാവരെയും വീട്ടിൽ തന്നെ ഇരുത്താൻ മലേഷ്യൻ ഗവണ്മെന്റ് എല്ലാ നടപടിയും എടുക്കുകയുണ്ടായി. അതു വിജയം കാണുകയും ചെയ്തതായി വേണം മനസിലാക്കുവാൻ. പുതിയ കേസുകൾ കൂടുമ്പോഴും ദിവസവും 60–122 വരെ ആളുകളുടെ രോഗം ഭേദമാക്കാൻ കഴിയുന്നു എന്നത് മലേഷ്യയിലെ മുന്നിൽ നിന്ന് നയിക്കുന്നവരുടെ എടുത്തു പറയേണ്ട ശ്രമഫലം തന്നെയാണ്.അതോടൊപ്പം ഗവണ്മെന്റ് കൊണ്ടുവന്ന സാമ്പത്തിക പാക്കേജ് ആൾക്കാരിൽ ഒരുപാട് ആശ്വാസത്തിന് കാരണമായി.

ഏപ്രിൽ പകുതിയോടെ രോഗികളുടെ സംഖ്യ 5000–6000 വരെ എത്തിയേക്കാം എന്ന സർവ്വേ നിലനിൽക്കുമ്പോഴും, ഇനി കേസുകൾ കുറയുന്നില്ലെങ്കിൽ മാത്രം എംസിഒ ഏപ്രിൽ അവസാനം വരെ നീട്ടേണ്ടി വരും എന്ന നിലയിൽ ഗവണ്മെന്റ് ഏപ്രിൽ 10ന് തീരുമാനം എടുക്കാൻ തീരുമാനിച്ചിരിക്കുന്നു.ഇതു തരണം ചെയ്താലും വരുന്ന 6 മാസത്തോളം കാലം എല്ലാ പരിപാടികൾക്കും നിയന്ത്രണം ഉണ്ടാവും എന്ന സൂചനയും ഗവണ്മെന്റ് നല്കിയിട്ടുണ്ട്. അനേകം മലയാളികൾ ഇനിയും മലേഷ്യയിൽ കുടുങ്ങി കിടപ്പുണ്ടെങ്കിലും മലയാളീ അസോസിയേഷൻ ഒരുപാട് കരുതലോടെ അവരോട് കൂടെ ഉണ്ട്‌. കരഞ്ഞ് കൊണ്ട് വിഡിയോയിൽ വന്ന് സഹായമഭ്യർത്ഥിച്ച യുവാവിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വേണ്ട സഹായമെത്തിച്ചത് ഒരു ഉദാഹരണം മാത്രമാണ്. എല്ലാം ഉടനെ ശരിയാകും നാട്ടിൽ പോകേണ്ടവർക്ക് അതിന് കഴിയും എന്ന പ്രതീക്ഷയിൽ എല്ലാവരുമായിരിക്കുന്നു. ഏപ്രിൽ 5 വരെയുള്ള കണക്കനുസരിച്ച് — 3622 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു, അതിൽ 1005 ആളുകൾ രോഗ മുക്തരായി, 61 ജീവൻ ഇതുവരെ നഷ്ടപ്പെട്ടു. കണക്കറ്റ ജീവൻ നഷ്ടപ്പെടാതെ തന്നെ കൊറോണയിൽ നിന്ന് മുക്തി നേടുവാൻ മലേഷ്യയ്ക്കും ഇന്ത്യയ്ക്കുമെല്ലാം കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

Eng­lish Sum­ma­ry: How coro­na affects malaysia

You may also like this video