Web Desk

മുംബൈ

June 15, 2020, 6:39 pm

ഹോട്ട് സ്‌പോട്ടില്‍ നിന്ന് മാതൃകയായി മാറിയ ധാരാവി

Janayugom Online

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിക്ക് ഇപ്പോള്‍ പറയാനുള്ളത് ഒരു വിജയഗാഥയാണ്. കോവിഡ് ഹോട്ട്‌സ്‌പോട്ട് എന്ന വിശേഷണത്തില്‍ നിന്ന് ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയായി മാറിയ കഥ. കോവിഡ്19 എന്ന മഹാമാരിയെ മുട്ടുകുത്തിച്ച വീരകഥ.

ലോകത്തെ വമ്പന്‍ രാജ്യങ്ങളെല്ലാം ഈ മഹാമാരിക്ക് മുന്നില്‍ പകച്ച് നില്‍ക്കുമ്പോഴാണ് സമാനതകളില്ലാത്ത വിജയവുമായി ലോകത്തിന് മുന്നില്‍ ഈ ചേരി തലയെടുപ്പോടെ നില്‍ക്കുന്നത്.

അധികാരികള്‍ 47,500 വീടുകളില്‍ നേരിട്ടെത്തി ആളുകളുടെ ശരീരോഷ്മാവും ഓക്‌സിജന്‍ നിലയും പരിശോധിക്കുകയുണ്ടായി. ഏഴ് ലക്ഷത്തോളം പേരെ പരിശോധനക്ക് വിധേയമാക്കി. നിരവധി പനിക്ലിനിക്കുകള്‍ സ്ഥാപിച്ചു. രോഗലക്ഷണങ്ങളുള്ളവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയ അടുത്തുള്ള വിദ്യാലയങ്ങളിലേക്കും സ്‌പോര്‍ട്‌സ് ക്ലബ്ബുകളിലേക്കും മാറ്റി. പുതുതായി രോഗം ഉണ്ടാകുന്നവരുടെ എണ്ണം കഴിഞ്ഞ മാസത്തെക്കാള്‍ മൂന്നിലൊന്നായി ചുരുങ്ങി. രോഗബാധിതരാകുന്നവരില്‍ പകുതിയിലേറെയും രോഗമുക്തി നേടുന്നുണ്ട്. മരണസംഖ്യയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

അതേസമയം ഇന്ത്യയിലെ മറ്റിടങ്ങളില്‍ മെയ് മാസത്തെക്കാള്‍ നിത്യവും രോഗബാധിതരുടെ എണ്ണം നാല് മടങ്ങ് വര്‍ദ്ധിക്കുന്നു. എന്നാല്‍ സാമൂഹ്യ അകലം ചിന്തിക്കാന്‍ പോലുമാകാത്ത ധാരാവിയില്‍ വൈറസിനെ ഓടിക്കുക മാത്രമായിരുന്നു തങ്ങള്‍ക്ക് ചെയ്യാനാകുമായിരുന്നത് എന്ന് ഇവിടുത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുംബൈ മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് കമ്മിഷണറള്‍ കിരണ്‍ ദിഘവ്കര്‍ പറയുന്നു. രോഗികള്‍ ഉണ്ടാകുന്നത് വരെ കാത്ത് നില്‍ക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. പ്രതിരോധിക്കുന്നതിനെക്കാള്‍ മുന്‍കരുതലുകള്‍ കൈക്കൊണ്ട് സാഹചര്യങ്ങളെ വരുതിയിലാക്കുക എന്നതായിരുന്നു തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്ന ഏകപോംവഴി.
രോഗികള്‍ വര്‍ദ്ധിക്കുന്നത് ഉദ്യോഗസ്ഥരെ ആദ്യഘട്ടത്തില്‍ ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍ ആളുകള്‍ രോഗികളാകാന്‍ കാത്തിരിക്കുക എന്ന് ഇതിനര്‍ത്ഥമുണ്ടായിരുന്നില്ല. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോഴും പരിശോധനകള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. മരണസംഖ്യ കുറയ്ക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.

ആദ്യഘട്ടത്തില്‍ തന്നെ രോഗം സ്ഥിരീകരിച്ചവര്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്താനായി. മുംബൈയില്‍ മറ്റിടങ്ങളില്‍ പലപ്പോഴും രോഗികള്‍ ആശുപത്രികളില്‍ എത്തിയത് അവസാന ഘട്ടത്തിലായിരുന്നുവെന്നും ദിഘവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്ന 51ശതമാനം പേര്‍ രോഗമുക്തി നേടി. മുംബൈയിലാകെ 41ശതമാനം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. മെയ്മാസത്തില്‍ പ്രതിദിനം അറുപത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതില്‍ നിന്ന് ഇപ്പോഴത് 20 ആക്കി കുറയ്ക്കാനായിട്ടുണ്ട്. ഈ മാസം പതിമൂന്ന് വരെ 11,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പൂര്‍ണമായും കര്‍ശന അടച്ചിടലും പരിശോധനയും ഇവിടെ നടക്കുന്നുണ്ട്. സുഖമില്ലെന്ന് തോന്നുന്ന ആര്‍ക്കും വന്ന് പരിശോധന നടത്താം. ഇവരെ സ്ഥാപന നിരീക്ഷണത്തിലാക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുന്നു.

സമൂഹത്തിന്റെ വിശ്വസ്യത നേടാതെ ഇതൊന്നും ചെയ്യാന്‍ സാധ്യമല്ല. പത്ത് ലക്ഷം പേര്‍ തിങ്ങി പാര്‍ക്കുന്ന ഈ ചേരിയില്‍ 100 ചതുരശ്ര അടിയുള്ള ഒരു കുടിലില്‍ ഒരു കുടുംബത്തിലെ ഏഴംഗങ്ങളാണ് കഴിയുന്നത്.

മുസ്ലീങ്ങളുടെ വിശുദ്ധ റമദാന്‍ മാസം ആണ് ഏറ്റവും അധികം വിഷമിപ്പിച്ചത്. നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് നോമ്പെടുക്കാനും പ്രാര്‍ത്ഥനകള്‍ക്കുമുള്ള അസൗകര്യം. എന്നാല്‍ അധികൃതര്‍ വളരെ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൃത്യസമയങ്ങളില്‍ ഇവര്‍ക്ക് പഴങ്ങളും ഈന്തപ്പഴവും മറ്റും എത്തിച്ചു.

നിരീക്ഷണത്തിലുള്ളവര്‍ക്ക് തികച്ചും സൗജന്യമായി വൈദ്യസഹായം നല്‍കി. രാജ്യവ്യാപക അടച്ചിടലില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമ്പോഴും ആശുപത്രികളില്‍ കിടക്കകള്‍ പോലും കിട്ടാതെ മരണത്തിലേക്ക് നടന്നടുക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.
രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ പലരും സ്വയം സമ്പര്‍ക്ക വിലക്കില്‍ പ്രവേശിച്ചു. ജീവന്‍ രക്ഷിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. കോവിഡിനെതിരായ യുദ്ധം ധാരാവിയില്‍ ഇനിയും അവസാനിച്ചിപ്പിക്കാറായിട്ടില്ല. വീടുകളിലെ നിയന്ത്രണങ്ങള്‍ നീക്കുകയും സാധാരണപോലെ നഗരവാസികള്‍ ജോലിക്കും മറ്റും പോയിത്തുടങ്ങിയാല്‍ രണ്ടാം ഘട്ട വ്യാപനത്തിന്റെ സാധ്യതയുമുണ്ട്.

നഗരത്തില്‍ നിന്നും സംസ്ഥാനത്ത് നിന്നും രാജ്യത്ത് നിന്ന് തന്നെയും പൂര്‍ണമായും വൈറസ് ഒഴിയും വരെ യുദ്ധം അവസാനിപ്പിക്കാനാകില്ല. എങ്ങനെ സുരക്ഷിതരാകണമെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ അറിയാം. ലോക്ഡൗണ്‍ അവസാനിക്കുമ്പോഴേക്കും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രതിരോധ ശേഷിയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും ദിഘാവ്കര്‍ പറയുന്നു.

ENGLISH SUMMARY: How Dhar­avi, Asi­a’s Largest Slum, Went From Virus Hotspot To Model

YOU MAY ALSO LIKE THIS VIDEO: