May 27, 2023 Saturday

Related news

February 8, 2023
December 8, 2022
October 11, 2022
September 26, 2022
July 30, 2022
June 29, 2022
June 12, 2022
May 23, 2022
May 11, 2022
April 6, 2022

ആഗോളവൽക്കരണം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ എങ്ങനെ സ്വാധീനിക്കുന്നു?

Janayugom Webdesk
December 30, 2019 10:41 pm

ആഗോളവൽക്കരണം നമ്മുടെ ജീവിതത്തിലെ സമസ്തമേഖലകളെയും ബാധിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. അത് മനുഷ്യരുടെ ജീവിതവീക്ഷണത്തെ പോലും മാറ്റിമറിച്ചു. ഇന്ത്യയിൽ സോഷ്യലിസവും ജനാധിപത്യവും ലക്ഷ്യമാക്കുന്ന ഒ­രു ആസൂത്രണ സാമ്പത്തിക വികസന മാതൃക തകർത്തുകൊണ്ടാണ് ആഗോളവൽക്കരണ നടപടികൾ ആരംഭിച്ചത്. തൊണ്ണൂറുകളുടെ ആദ്യം ആസൂത്രണ വികസന മാതൃകയ്ക്ക് പകരം ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും നിർദ്ദേശിച്ച പുതിയ സാമ്പത്തിക വികസന മാതൃക ഇ­ന്ത്യയിൽ നടപ്പിലാക്കാൻ തുടങ്ങി. ധനപരമായ ഒരു സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനായി സ്വീകരിച്ച നടപടികൾ ഇതിലേക്ക് വഴിതെളിച്ചു എന്നതാണ് വിശദീകരണം.

ഓക്സ്ഫാം ഇന്റർനാഷണൽ തയ്യാറാക്കിയ 2018 ലെ ആഗോള അസമത്വ സൂചിക റിപ്പോർട്ട് പ്രകാരം 157 രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 147 ആണ്. ഇന്ത്യയിലെ മൊത്തം സമ്പത്തിനെ 73 ശതമാനത്തോളം ഒരു ശതമാനം ഉള്ള ശതകോടീശ്വരന്മാർ കൈക്കലാക്കി. ഇന്ത്യയിൽ വർധിച്ചുവരുന്ന അസമത്വം ദാരിദ്ര്യത്തിന് എതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും സാമൂഹ്യബന്ധങ്ങളെ ശിഥിലീകരിക്കുകയും സാമ്പത്തികവളർച്ചയെ മന്ദഗതിയിൽ ആക്കുകയും ചെ­യ്തു. ഇതാണ് 1990 മുതൽ നടപ്പിലാക്കിയ ആഗോളവൽക്കരണ നയങ്ങൾ മൂലം ഇന്ത്യൻ ജനത അഭിമുഖീകരിക്കുന്ന പ്രശ്നം. 2017 ജൂലൈയിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റിയും ലൂക്കാസ് ചാൻസലും നടത്തിയ പഠനം ‘ഇന്ത്യയിലെ വരുമാനത്തിന്റെ അസന്തുലിതാവസ്ഥ 1922 മുതൽ 2015 വരെ ബ്രിട്ടീഷ് രാജ് മുതൽ ബില്യണയർ രാജ് വരെ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചു. ഈ ഗവേഷണ ഫലങ്ങൾ വെളിപ്പെടുത്തുന്നത് ഇന്ത്യ ബ്രിട്ടീഷ് രാജിൽ നിന്ന് മോചിതമായി എങ്കിലും ഇന്ത്യയിലെ ഭരണാധികാരികൾ ജനതയെ ബില്യണയർ രാജിലേക്കാണ് തള്ളിവിടുന്നത്. അതുമൂലം ഇന്ത്യയിലെ സാമ്പത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിയിൽ ആണ്.

ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ആയിട്ടാണ് കഴിഞ്ഞവർഷംവരെ ഇന്ത്യയെ ഭരണാധികാരികൾ ചിത്രീകരിച്ചത്. എന്നാൽ 2019–20 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ വളർച്ച നിരക്ക് വെറും 4.5 ശതമാനം മാത്രമേയുള്ളൂ. കഴിഞ്ഞ 26 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ജിഡിപി വ­ളർച്ചനിരക്ക് കണക്കാക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയ ശേഷം ഉള്ള കണക്കാണിത്. ജിഡിപി വളർച്ച നിരക്ക് കണക്കാക്കുന്നതിന് രീതിശാസ്ത്രം, അടിസ്ഥാന വർഷം എന്നിവയിൽ വരുത്തിയ മാറ്റങ്ങൾ നിരവധി അന്താരാഷ്ട്ര ഏജൻസികളും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും വിമർശിച്ചിരുന്നു. ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിയെ നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. രാജ്യം കഴിഞ്ഞ 70 വർഷങ്ങൾക്കിടയിൽ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

എൻഡിഎ സർക്കാർ കാലത്തെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ വിശദീകരിക്കുന്നത് ഇന്ത്യ ഇന്ന് നേരിടുന്ന സാധാരണ സാമ്പത്തിക മാന്ദ്യം അല്ലെന്നും ഏറ്റവും വലിയ മാന്ദ്യം ആണെന്നുമാണ്. ഇറക്കുമതി, ക­യറ്റുമതി, വ്യവസായ വളർച്ച, ഉല്പാദന വളർച്ച നിരക്ക് എന്നിവയാണ് സാമ്പത്തികവളർച്ചയുടെ സൂചകങ്ങളായി പരിഗണിക്കേണ്ടതെന്നാണ് അ­ര­വിന്ദ് സുബ്രഹ്മണ്യന്റെ വാദം. ഈ സൂചകങ്ങളെ മുൻപത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം മനസിലാക്കാൻ സാധിക്കും. 2000-02 മാന്ദ്യകാലത്ത് ജിഡിപി വളർച്ച നിരക്ക് 4.5 ശതമാനം ആയിരുന്നിട്ടും ഈ സൂചകങ്ങൾ എല്ലാം പോസിറ്റീവ് ആ­യിരുന്നു. എന്നാൽ ഇപ്പോൾ ഈ നിരക്കുകൾ താഴ്ന്ന നിലയിലാണ്.

കഴിഞ്ഞ യുപിഎ ഭരണകാലത്ത് ഇന്ത്യയിൽ കർഷക ആത്മഹത്യകൾ പെരുകുന്നതായി നാം കണ്ടതാണ്. ഇന്ത്യയിൽ ഇന്ന് കർഷകരുടെ ആത്മഹത്യയുടെ യഥാർത്ഥ ചിത്രം വിശദീകരിക്കാൻ ഡാറ്റ ലഭ്യമല്ല. നാഷണൽ സാമ്പിൾ സർവേ റിപ്പോർട്ട് പോലും പുറത്തിറക്കാൻ ഇന്ത്യയിലെ ഭരണാധികാരികൾ സമ്മതിക്കുന്നില്ല.

തൊഴിലാളികളുടെ വേതനത്തിലും കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. 2008 മുതൽ 2013 ‑14 വരെ വേതനത്തിൽ 17 ശതമാനം വാർഷിക വളർച്ച ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി ഇതു പകുതിയായി കുറഞ്ഞു. അതുകൊണ്ടാണ് ഗ്രാമീണമേഖലയിലെ ഉപഭോഗം ഗണ്യമായി കുറഞ്ഞത്.

2017 ‑18 ‑ലേബർ സർവ്വേയിൽ കാർഷിക മേഖലയിൽ വൻ ഇടിവും കാർഷികേതര മേഖലയിൽ നേരിയ വളർച്ചയുമാണ് പ്രകടമായത്. വൻതോതിൽ തൊഴിൽ നൽകിയിരുന്ന ഓ­ട്ടോമൊബൈൽ രംഗത്തെ തളർച്ചയും ഇന്ത്യയിൽ തൊഴിലില്ലായ്മ രൂ­ക്ഷമാക്കി. രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനത്തോളം സ്വകാര്യ ഉപഭോഗത്തിന്റെ സംഭാവനയാണ്. പ്രതിമാസം ചെലവഴിക്കുന്നത് ശരാശരി ഉപഭോഗ ആവശ്യങ്ങൾക്കുള്ള ചെലവ് 2011-12 നും 2017 ‑18 നും ഇടയിൽ 3.7 ശതമാനമായി കുറഞ്ഞു. 2011 ‑12 ൽ 1501 രൂപ ആയിരുന്നുവെങ്കിൽ 2017- 18ൽ 1446 രൂപയാണ് ചെലവഴിക്കുന്നത്. ഇതിനൊപ്പം ഗാർഹിക സമ്പാദ്യനിരക്ക് ഗണ്യമായ നിരക്കിൽ കുറഞ്ഞു. 2011 ‑12ൽ ഗാർഹിക സമ്പാദ്യ നിരക്ക് 23.6 ശതമാനത്തിൽനിന്നും 2017- 18ൽ 17.2 ശതമാനമായാണ് കുറഞ്ഞത്.

വരുമാനവും സ്വത്തും അതിസമ്പന്നരിൽ കേന്ദ്രീകരിക്കുകയും സാധാരണ ജനതയ്ക്ക് അവരുടെ വാങ്ങൽശേഷി കുറയുകയും ചെയ്തതിലൂടെ ആണ് ഇന്ത്യയിലെ ഈ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടത്.

ഇന്ത്യയിലെ ഭരണാധികാരികൾ 1990 മുതൽ സ്വീകരിച്ച നയങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. 1990കളിലെ ആഗോളവൽക്കരണ നയങ്ങളാണ് ഈ പ്രതിസന്ധിക്ക് വിത്ത് പാകിയത്. ഇന്ത്യ ഇന്ന് കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലാണെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന് മുഖ്യകാരണമായി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാഗോപിനാഥ് ചൂണ്ടിക്കാട്ടുന്നത് നയങ്ങൾ നടപ്പിലാക്കുന്നതിലെ അനിശ്ചിതത്വമാണ്. സർക്കാർ വൻതോതിൽ മൂലധനം വർധിപ്പിച്ചിട്ടും 2019–20ൽ 70, 000 കോടി രൂപ നിഷ്ക്രിയ ആസ്തി വർധിച്ചുകൊണ്ടിരിക്കുന്നു. ബാങ്കിതര ധനകാര്യ മേഖലകളും കടുത്ത പ്രതിസന്ധിയിലാണ്.

2019 ലെ കേന്ദ്ര ബജറ്റിന് ശേഷം 5 ഉത്തേജക പാക്കേജുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഈ പാക്കേജുകളുടെ സാമ്പത്തിക യുക്തി പലിശനിരക്ക് കുറച്ച് കൂടുതൽ ബാങ്ക് വായ്പ ലഭ്യമാക്കിയും നികുതിയിളവുകൾ നൽകി കോർപ്പറേറ്റുകളുടെ ലാഭവും മുതൽമുടക്കാനുള്ള ശേഷി വർദ്ധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നതായിരുന്നു. ഇതിനുവേണ്ടി കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽ നിന്നും 22 ശതമാനമാക്കി കുറച്ചു. പലിശ നിരക്ക് ഈ സാമ്പത്തിക വർഷത്തിൽ അഞ്ചു തവണ 1.35 ശതമാനം കുറച്ചു. കോർപ്പറേറ്റ് നികുതി ഇളവ് നൽകിയതിലൂടെ കേന്ദ്രത്തിന് 1.45 കോടി രൂപയുടെ നഷ്ടവും അത്രയും തന്നെ കോർപ്പറേറ്റുകൾക്ക് ലാഭം നേടി കൊടുക്കുകയാണ് ചെയ്തത്. എന്നാൽ നടപടികളിലൂടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ഉണർവുണ്ടാക്കാൻ സാധിച്ചിട്ടില്ല. അതിനൊപ്പം കേന്ദ്ര സർക്കാർ സ്വീകരിച്ച ഈ നടപടികൾ സംസ്ഥാന സർക്കാരുകളെയും പ്രതിസന്ധിയിലേക്ക് നയിച്ചു.

സാമ്പത്തിക മാന്ദ്യം മൂലം ഉണ്ടായ ചരക്കുസേവന നികുതി വരുമാനത്തിൽ ഉള്ള കുറവ് സംസ്ഥാന സർക്കാരുകളെയും ദോഷകരമായി ബാധിക്കുന്നു. കേന്ദ്രസർക്കാർ മാന്ദ്യം മറികടക്കാൻ ശ്രമിക്കുന്നത് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളായ എയർ ഇന്ത്യ, ഇന്ത്യൻ റെയിൽവേ പോലുള്ളവയുടെ ഓഹരി വല്പനയിലൂടെയാണ്. ഇത് ഒരുതരത്തിലും ന്യായീകരിക്കാൻ സാധ്യമല്ല. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണാണ് പൊതുമേഖല. പൊതുമേഖലയെ വിറ്റു തുലച്ചുകൊണ്ട് മാന്ദ്യത്തെ മറികടക്കാം എന്നത് വെറും മിഥ്യാധാരണയാണ്. ഇതിനുപകരം ജനങ്ങൾക്ക് കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയും, അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വരുമാന വർധനവ് സൃഷ്ടിച്ച് ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിച്ചാൽ മാത്രമേ സാമ്പത്തികമാന്ദ്യത്തെ മറികടക്കാൻ സാധിക്കൂ. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃകയിൽ ഇന്ത്യയിലെ ഗ്രാമ- നഗര വ്യത്യാസമില്ലാതെ സാധാരണ ജനങ്ങൾക്ക് നേരിട്ട് ഗുണകരമാകുന്ന സാമ്പത്തിക ഭദ്രതാ പദ്ധതി നടപ്പിലാക്കണം. ഒപ്പം ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജ മേഖല എന്നിവയ്ക്ക് കൂടുതൽ സർക്കാർ നിക്ഷേപം കണ്ടെത്തണം. അതിനൊപ്പം ചരക്കു-സേവന നികുതി പിരിച്ചെടുക്കുന്നതിലെ അപാകം പരിഹരിക്കുകയും ചെയ്ത് ജനങ്ങളുടെ ഉപഭോഗം വർധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യക്ക് കരകയറാനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.