Web Desk

August 20, 2020, 1:08 pm

കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ അത്‌ രാജ്യദ്രോഹമാക്കുന്ന ഫേസ്ബുക്ക്‌ നിലപാട്‌

Janayugom Online

മുസ്ലീം വിരുദ്ധതയ്ക്ക്‌ ബിജെപിയെ ഫേസ്ബുക്ക്‌ സഹായിച്ചു എന്ന വാർത്ത അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ്‌ ജേണൽ പുറത്തു വിട്ടതിനു പിന്നാലെ ഇന്ത്യയിൽ വൻ വിവാദങ്ങൾക്കാണ്‌ തിരി കൊളുത്തിയിരിക്കുന്നത്‌. അതിനു പ്രധാന കാരണമായി പറയുന്നത്‌ വർഗീയ വിദ്വേഷ പരാമർസങ്ങൾ നടത്തിയവരെ സംരക്ഷിക്കുന്ന ഫേസ്ബുക്കിന്റെ ഇന്ത്യ നയവിഭാഗം മേധാവി അങ്ഖി ദാസിന്റെ ബിജെപി ബന്ധമാണ്‌. ഇവരുടെ സഹോദരി രശ്മി ദാസ്‌ ജെഎൻയുവിൽ എബിവിപി യൂണിറ്റ്‌ സെക്രട്ടറി ആയിരുന്നു. മാധ്യമ പ്രവർത്തകനായ സാകേത്‌ ഗോഖലെ പറയുന്നത്‌ ഇരുവരും സംഘപരിവാർ അനുകൂല സംഘടനയിൽ ഒരുമിച്ച്‌ പ്രവർത്തിച്ചിട്ടുണ്ട്‌ എന്നാണ്‌.

ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരായി വാർത്തകൾ നൽകിയാൽ അതിനെ രാജ്യദ്രോഹപരമെന്ന് മുദ്രകുത്തി ഉള്ളടക്കവും പേജും പരസ്യങ്ങളും വരെ നീക്കം ചെയ്യുന്നത്‌ പതിവാണ്‌. ഓൺലൈൻ മാധ്യമങ്ങളടക്കം സോഷ്യൽ മീഡിയ പരസ്യങ്ങളെ ആശ്രയിച്ച്‌ മുന്നോട്ടു പോകുമ്പോൾ കേന്ദ്ര സർക്കാരിനെതിരായ വാർത്തകളെ രാജ്യദ്രോഹ വാർത്തകളെന്ന ഗണത്തിൽപ്പെടുത്തി നീക്കം ചെയ്യുകയും പേജ്‌ ഉൾപ്പടെ നീക്കുമെന്ന് മുന്നറിയിപ്പ്‌ തരികയും ചെയ്യുന്നത്‌ ഫേസ്ബുക്ക്‌ ഇന്ത്യയുടെ പതിവാണ്‌. അതേസമയം ബിജെപി — ആർ.എസ്‌.എസ്‌. — കേന്ദ്ര സർക്കാർ അനുകൂല വാർത്തകൾക്കും പുകഴ്തലുകൾക്കും വൻ സ്വീകാര്യതയാണ്‌ ഫേസ്ബുക്ക്‌ ന്യൂസ്‌ ഫീഡിൽ പോലും ലഭിക്കുന്നത്‌. ഇവയൊക്കെയും സജസ്റ്റഡ്‌ പോസ്റ്റുകളായി മിക്കവരുടെയും ഫേസ്ബുക്ക്‌ വാളിൽ കൊണ്ടെത്തിക്കുകയും ചെയ്യും.

വാർത്തകളുടെ വിജയം കൂടുതൽ ആൾക്കാരിലേക്ക്‌ വാർത്ത എത്തുന്നതിനെ (പീപ്പിൾ റീച്ച്ഡ്‌) ആശ്രയിച്ചാണെന്നിരിക്കെ സർക്കാരിനെ വിമർശിക്കുന്ന വാർത്തകളെ ന്യൂസ്‌ ഫീഡിൽ നിന്ന് ഒഴിവാക്കാനും ഫേസ്ബുക്ക്‌ ശ്രമിക്കുന്നുണ്ട്‌. ബിജെപി — സംഘപരിവാർ ഇതര മാധ്യമങ്ങളുടെ ഫേസ്ബുക്ക്‌ പേജുകൾ ഉൾപ്പടെ റീച്ച്‌ കുറയ്ക്കുകയോ പരസ്യം റദ്ദ്‌ ചെയ്യുകയോ പേജ്‌ തന്നെ ഇല്ലാതാക്കുകയോ ചെയ്യുന്ന നടപടികളും ഇപ്പോഴും തുടരുകയാണ്‌. എന്ത്‌ അടിസ്ഥാനത്തിലാണ്‌ കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന വാർത്തകളെയൊക്കെ രാജ്യദ്രോഹ വാർത്തകളായി മാറ്റുന്നതെന്നുള്ള കൃത്യമായ മറുപടി തരാനും ഫേസ്ബുക്ക്‌ തയാറായിട്ടില്ല.

വിദ്വേഷപ്രചാരണത്തിനായി ഫേസ്ബുക്ക്‌ ഉൾപ്പടെയുള്ള സോഷ്യൽ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ബിജെപി നേതാക്കൾക്കെതിരെയും സംഘപരിവാർ അനുകൂല സംഘടനകൾക്കെതിരെയും നടപടി എടുത്താൽ അത്‌ ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുമെന്ന് നയവിഭാഗം മേധാവി അങ്ഖി ദാസ്‌ പറഞ്ഞതായി “ഫേസ്ബുക്ക്‌ വിദ്വേഷ പരാമർശ ചട്ടങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിലപ്പോകുന്നില്ല” എന്ന പേരിൽ വാൾസ്ട്രീറ്റ്‌ ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

YOU MAY ALSO LIKE THIS VIDEO