22 April 2024, Monday

നേരത്തേ മരിക്കുന്നവരുടെ രാജ്യമായി ഇന്ത്യ മാറിയതെങ്ങനെ?

സി ആർ ജോസ്‌പ്രകാശ്
December 11, 2021 7:30 am

ലോക ജനസംഖ്യ 100 കോടിയില്‍ എത്തിയത് 1804ലാണ്. 1927 ആയപ്പോള്‍ ഇത് 200 കോടിയായി മാറി. പിന്നീട് 30 വര്‍ഷംകൊണ്ട് 300 കോടിയും തുടര്‍ന്ന് 32 വര്‍ഷംകൊണ്ട് (1989ല്‍) 500 കോടിയും ജനസംഖ്യ ഉയര്‍ന്നു. 2000ല്‍ 600 കോടിയുമായും 2017ല്‍ 750 കോടിയായും 2021 ഏപ്രില്‍ മാസത്തില്‍ 790 കോടിയായും ജനസംഖ്യ ഉയര്‍ന്നു എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്, കഴിഞ്ഞ 100 വര്‍ഷംകൊണ്ട് ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനവ് മൂന്നര ഇരട്ടിയിലധികമാണ് എന്നാണ്. 2030ല്‍ 855 കോടിയും 2055ല്‍ 1000 കോടിയുമായി ജനസംഖ്യ ഉയരും എന്ന് കണക്കാക്കുന്നു. നിലവിലുള്ള 790 കോടി ജനങ്ങളില്‍ 468 കോടി (60 ശതമാനം) ഏഷ്യയിലും 137 കോടി (17 ശതമാനം) ആഫ്രിക്കയിലും 75 കോടി (9.6 ശതമാനം) യൂറോപ്പിലും ബാക്കി വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലുമാണ്. ലോകജനസംഖ്യയില്‍ 141 കോടി (17.8 ശതമാനം) ചെെനയിലും 138 കോടി (17.4 ശതമാനം) ഇന്ത്യയിലുമാണ് എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി. ലോകത്ത് 100 കോടിയിലധികം ദാരിദ്ര്യത്തിലാണ്. അതില്‍ 24 കോടിയിലധികം പേര്‍ ഇന്ത്യയിലാണ്. അതില്‍ത്തന്നെ ഒമ്പത് കോടിയിലധികം പേര്‍ കടുത്ത ദാരിദ്ര്യത്തിലാണ്. ലോകപട്ടിണി സൂചികയില്‍ 1990ല്‍ ഇന്ത്യയുടെ സ്ഥാനം 55 ആയിരുന്നത്, 2017ല്‍ 100 ഉം 2021ല്‍ 111 ആയും ഉയര്‍ന്നു. ഇന്ത്യ നേരിടുന്ന ഭീകര ദാരിദ്ര്യത്തിന്റെ മുഖം ഈ കണക്കില്‍ വ്യക്തമാണ്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ജനങ്ങളുടെ ആരോഗ്യത്തിനുവേണ്ടി ഏറ്റവും കുറച്ച് തുക ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. നിലവില്‍ ജിഡിപിയുടെ 1.02 ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യമേഖലക്ക് വേണ്ടി മാറ്റിവയ്ക്കുന്നത്. അതേസമയം അതിന്റെ മൂന്നിരട്ടി തുക പ്രതിരോധ മേഖലക്കു മാത്രമായി ചെലവഴിക്കുന്നുണ്ട്. ഇന്ത്യയില്‍ 90.46 ശതമാനം പേരും പണിയെടുക്കുന്നത് ചെറുകിട‑ഇടത്തരം കമ്പനികളിലും അസംഘടിത മേഖലയിലുമാണ്. ആരോഗ്യസംരക്ഷണത്തിന് ഒരു സംവിധാനവും ഇവിടെയില്ല. ഈ ജനതക്കാകെ സര്‍ക്കാരിന്റെ ചികിത്സാ സഹായം ആവശ്യമാണ്. എന്നാല്‍ അവര്‍ക്കൊന്നും ഇത് ലഭ്യമാകുന്നില്ല എന്നതാണ് ദയനീയമായ അവസ്ഥ. സാമ്പത്തികമാന്ദ്യവും കോവിഡിന്റെ വിളയാട്ടവും സ്ഥിതി കൂടുതല്‍ ദുരിതപൂര്‍ണമാക്കിയിട്ടുണ്ട്. രാജ്യത്ത് ഒരു കുടുംബത്തില്‍ ശരാശരി 2.2 കുട്ടികള്‍ വീതമാണുള്ളത്. എന്നാല്‍ ബിഹാറില്‍ ഒരു കുടുംബത്തില്‍ ശരാശരി 3.7 കുട്ടികളും യുപിയില്‍ 2.7 കുട്ടികളുമുണ്ട്. അതേസമയം കേരളത്തില്‍ ഉള്ളത് 1.6 കുട്ടികള്‍ മാത്രമാണ്. തമിഴ്‌നാട്ടില്‍ 1.8 കുട്ടികളുണ്ട്. ഈ കണക്ക് വ്യക്തമാക്കുന്നത്, ആരോഗ്യ പരിപാലനരംഗത്ത്, ഓരോ സംസ്ഥാനവും കെെവരിച്ച നേട്ടത്തില്‍ സംഭവിക്കുന്ന അ­സന്തുലിതാവസ്ഥയാണ് ശിശുമരണം, പോഷകാഹാരക്കുറവ്, മുലയൂട്ടുന്ന അമ്മമാരുടെ മോശമായ അവസ്ഥ, സ്ത്രീകള്‍ നേരിടുന്ന പരിതാപകരമായ ചിത്രം, ശുദ്ധജലത്തിന്റെ അപര്യാപ്തത ഇവയിലൊക്കെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വളരെ പ്രകടമാണ്. അതുപോലെ തന്നെ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരവും വളരെ വലുതാണ്. ജനങ്ങളുടെ മിക്ക അടിസ്ഥാന ജീവിതാവശ്യങ്ങളുടെ കാര്യത്തിലും ഇന്ത്യയുടെ അവസ്ഥ ഏറ്റവും പരിതാപകരമാണെന്ന്, അന്തര്‍ദേശീയതലത്തില്‍, സമീപകാലത്തു പുറത്തുവന്ന എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നു. ഒരു സമൂഹത്തില്‍ ചെറുപ്പക്കാരുടെ എണ്ണം കൂടുതലും വൃദ്ധസമൂഹത്തിന്റെ എണ്ണം കുറവുമാണെങ്കില്‍ ആ സമൂഹം ആരോഗ്യമുള്ളതായി മാറേണ്ടതാണ്. പക്ഷെ ഇന്ത്യയില്‍ അങ്ങനെ സംഭവിക്കുന്നില്ല. ഇന്ത്യയുടെ ശരാശരി പ്രായം 28 വയസ് മാത്രമാണ്. എന്നാല്‍ വൃദ്ധസമൂഹം ജനസംഖ്യയുടെ 8.21 ശതമാനം മാത്രം. ചെെനയുടെ ശരാശരി പ്രായം 37 വയസാണ്.


ഇതുകൂടി വായിക്കാം; മനുഷ്യാവകാശങ്ങളുടെ ഭൂതം, വര്‍ത്തമാനം, ഭാവി


എല്ലാ വികസിത രാജ്യങ്ങളുടെയും ശരാശരി പ്രായം 40 വയസിന് മുകളിലാണ്. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യം ഇന്ത്യയാണ്. രാജ്യത്തിന് അത് വലിയ മുതല്‍ക്കൂട്ടായി മാറേണ്ടതാണ്. പക്ഷെ അതുണ്ടാകുന്നില്ല. ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യം, ഇന്ത്യ എങ്ങനെ ഇത്ര ചെറുപ്പമായിരിക്കുന്നു എന്നതാണ്. ലോകത്തേറ്റവും കൂടുതല്‍ കുട്ടികളുടെ ജനനം നടക്കുന്ന രാജ്യം ഇന്ത്യയാണ്. ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്ന രാജ്യവും ഇന്ത്യ തന്നെ. ഇവിടെ ജനിക്കുന്ന മനുഷ്യര്‍, മറ്റു രാജ്യങ്ങളിലെ മനുഷ്യരെ അപേക്ഷിച്ച് നേരത്തെ മരിക്കുന്നു എന്നതാണവസ്ഥ. ഇന്ത്യയുടെ ശരാശരി ആയുര്‍ദെെര്‍ഘ്യം 68 വയസാണ്. എന്നാല്‍ ചെെനയുടേത് 78 വയസാണ്. ശരാശരി ഇന്ത്യക്കാര്‍ ജീവിക്കുന്നതിനെക്കാള്‍ 10 വര്‍ഷം കൂടുതല്‍ ചെെനക്കാര്‍ ജീവിക്കുന്നു. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യക്കാരുടെയും ചെെനക്കാരുടെയും ശരാശരി ആയുര്‍ദെെര്‍ഘ്യം ഏതാണ്ട് തുല്യമായിരുന്നു എന്ന കാര്യം കൂടി ഓര്‍ക്കണം. ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പൊതുസമൂഹത്തിന് വിരുദ്ധമായ സാമ്പത്തികനയങ്ങളും വിലക്കയറ്റം, പണപ്പെരുപ്പം, പൊതുവിതരണരംഗത്തിന്റെ താളം തെറ്റല്‍, ആരോഗ്യരംഗത്തോടുള്ള അവഗണന, നിരക്ഷരത, തൊഴിലില്ലായ്മ, ഭൂരിപക്ഷ ജനതക്കും ശുദ്ധജലം എത്തിക്കുന്നതില്‍ കാട്ടുന്ന അലംഭാവം, നോട്ടുനിരോധനം, അശാസ്ത്രീയമായ രീതിയിലുള്ള ജിഎസ്‌ടി പരിഷ്കാരം, ഇന്ധന നികുതിയിലെ കുതിച്ചുകയറ്റം, പൊതുമേഖല വിറ്റഴിക്കല്‍ തുടങ്ങിയ നടപടികളെല്ലാം ദാരിദ്ര്യത്തിന്റെ തോത് വര്‍ധിപ്പിക്കുകയേയുള്ളു. സ്വാഭാവികമായും നേരത്തെ മരിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നുകൊണ്ടിരിക്കും. സംഖ്യാശാസ്ത്രപ്രകാരം ചെറുപ്പക്കാരുടെ എണ്ണം കൂടുന്ന സാഹചര്യമിതാണ്. പക്ഷെ ആരോഗ്യമുള്ള ചെറുപ്പക്കാരല്ല രാജ്യത്ത് ഭൂരിപക്ഷവും. ഇന്ത്യയിലെ ചെറുപ്പക്കാര്‍, അതിവേഗം വൃദ്ധരായി മാറുന്നു. അവിടെ വ്യത്യസ്തമായിരിക്കുന്നത്, കേരളം മാത്രമാണ്. ശരാശരി ഇന്ത്യക്കാര്‍ ജീവിക്കുന്നതിനെക്കാള്‍ 10 വര്‍ഷം കൂടുതല്‍ മലയാളികള്‍ ജീവിക്കുന്നു. ദാരിദ്ര്യമില്ലായ്മ, ശുദ്ധജലം ഉറപ്പാക്കല്‍, തൊഴിലില്ലായ്മ പരിഹരിക്കല്‍, പരിസ്ഥിതി സംരക്ഷണം, പാര്‍പ്പിടം ഉറപ്പാക്കല്‍, സമ്പൂര്‍ണ സാക്ഷരത, സാമൂഹിക പിന്തുണ, നീതിന്യായം ഉറപ്പാക്കല്‍, വ്യക്തിശുദ്ധി, വ്യക്തിസ്വാതന്ത്ര്യം, ഫലപ്രദവും അഴിമതിരഹിതവുമായ സിവില്‍ സര്‍വീസ്, ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം മുതലായ കാര്യങ്ങള്‍ മാനദണ്ഡമാക്കി, ലോകത്ത് സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക 2021 ഏപ്രില്‍ മാസത്തില്‍ പുറത്തുവന്നിരുന്നു. 149 രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. അതില്‍ ഫിന്‍ലന്റ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലന്റ് മുതലായ രാജ്യങ്ങളാണ് ആദ്യം വരുന്നത്. ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 139 ആണ്. ഈ സ്ഥിതിയെ ദയനീയമെന്നേ പറയാനാകൂ. ഇന്ത്യക്ക് താഴെ 10 രാജ്യങ്ങള്‍ ഉണ്ട്. അവയെല്ലാം തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളാണ്. റുവാന്‍ഡ, സിംബാബ്‌വെ, ബോട്ട്സ്‌വാന മുതലായ രാജ്യങ്ങള്‍ ഈ പട്ടികയില്‍ വരുന്നു. ഈ പട്ടികയിലെ ഇന്ത്യക്ക് ചുറ്റുമുള്ള രാജ്യങ്ങളിലെ സ്ഥിതി കൂടി പരിശോധിക്കാം. ചെെനയുടെ സ്ഥാനം-84, നേപ്പാള്‍-87, ബംഗ്ലാദേശ്-101, പാകിസ്ഥാന്‍-105, മ്യാന്‍മര്‍-126. ഈ പട്ടികയിലെ ആദ്യത്തെ 10 രാജ്യങ്ങളുടെ ശരാശരി ആയുര്‍ദെെര്‍ഘ്യം 83 വയസാണ്. ഈ കണക്ക് വ്യക്തമാക്കുന്നത്, ശരാശരി ഇന്ത്യക്കാര്‍ ജീവിക്കുന്നതിനേക്കാള്‍ 15 വര്‍ഷം ഈ രാജ്യങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ജീവിക്കുന്നു എന്നാണ്. ഈ രാജ്യങ്ങളിലെയും ഇന്ത്യയിലെയും ജനങ്ങളുടെ ജീവിതനിലവാരം തമ്മില്‍ യാതൊരു സമാനതയുമില്ല എന്നു കൂടി കാണണം. ദാരിദ്ര്യം ഉള്‍പ്പെടെ നേരത്തെ പറഞ്ഞ കാര്യങ്ങളോടൊപ്പം മതം, ജാതി, അന്ധവിശ്വാസങ്ങള്‍, അനാചാരങ്ങള്‍ മുതലായവയും നേരത്തെയുള്ള മരണത്തിന് കാരണമാകുന്നു. ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദെെര്‍ഘ്യം 68 വയസാണെങ്കിലും പട്ടികവര്‍ഗക്കാര്‍, പട്ടികജാതിക്കാര്‍, പിന്നാക്ക സമുദായക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ ഇവരെല്ലാം ശരാശരി 63 വയസെത്തുന്നതിനു മുന്‍പേ മരിക്കുന്നു എന്ന സംഗതി കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. നിലവിലുള്ള വ്യവസ്ഥിതിയില്‍ മാറ്റം വരാതെ, സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍, ഇന്ത്യയുടെ സ്ഥാനം മുന്നിലേക്ക് വരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.