അനുമതിയില്ലാതെ ഗൂഗിള്‍ പേ എങ്ങനെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നു

Web Desk
Posted on April 10, 2019, 5:50 pm

ഡല്‍ഹി: ഓണ്‍ലൈന്‍ പേയ്‌മെന്‍റ് ആപ്പായ ഗൂഗിള്‍ പേയ്ക്ക് അനുമതിയില്ലാതെ എങ്ങനെയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയുന്നതെന്ന് റിസര്‍വ് ബാങ്കിനോട് ഡല്‍ഹി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് അഭിജിത് മിശ്ര എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ ചോദ്യം. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിള്‍ ഇന്ത്യയ്ക്കും റിസര്‍വ് ബാങ്കിനും കോടതി നോട്ടീസയച്ചു.

ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ തലവനായ രണ്ടംഗ ബെഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചത്. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ഗൂഗിള്‍ പേ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. പെയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് ആക്ടിന്റെ ലംഘനമാണ് ഗൂഗ്ള്‍ പേയുടെ പ്രവര്‍ത്തനമെന്നും ഹര്‍ജിയില്‍ പറയുന്നു.