മുഹമ്മദ് റാഫി പയ്യനാട്

February 26, 2021, 5:50 am

റിസോർട്ട് രാഷ്ട്രീയം എത്രകാലം കോൺഗ്രസിനെ രക്ഷിക്കും

Janayugom Online

കർണാടകയിലും ഗോവയിലും മണിപ്പൂരിലും മധ്യപ്രദേശിലും കുതിരക്കച്ചവടത്തിൽ വിജയശ്രീലാളിതരായ ബിജെപി, പുതുച്ചേരിയിലും ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെയും ഡിഎംകെയുടെയും എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചാണ് അവിടെ അട്ടിമറി സംഘടിപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുടെ കാലത്തുണ്ടായ അടിയന്തരാവസ്ഥയുടെ അടിയൊഴുക്കിൽപ്പെട്ട കോൺഗ്രസിനു സമാനമായിരുന്നു കർണാടകയിലെ സംഭവം. അടിയന്തരാവസ്ഥാനാന്തരം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ റായ്ബറേലിയിൽ പോലും അവർക്ക് അടിതെറ്റി.

കേവല ഭൂരിപക്ഷമില്ലാതെ സഖ്യസർക്കാരിലൂടെ ഭരണത്തിൽ പങ്കാളിയായിരുന്നു, കർണാടകയിൽ കോൺഗ്രസ്. ബിജെപിയുടെ നെറികെട്ട രാഷ്ട്രീയത്തിന് മുന്നിൽ ഇവിടെ കോൺഗ്രസിന് പിടിച്ചു നിൽക്കാൻ കഴിയാതെ വന്നു. കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ടു പിടിച്ചതോടെ, ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെയാണ് സഖ്യസർക്കാർ നിലംപൊത്തിയത്.

ദേശീയതലത്തിൽ കോൺഗ്രസിനെ നയിക്കാൻ നാഥനില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. കർണാടകയിലെ ദുരനുഭവം പുതുച്ചേരിയിലും ആവർത്തിച്ചതിന്റെ കാരണങ്ങളിലൊന്ന് ഇതുതന്നെയാവാം. മതനിരപേക്ഷതയ്ക്കും മതേതര ചേരിയുടെ ഐക്യത്തിനും ഉണ്ടായിട്ടുള്ള ശൈഥില്യമാണ് സമീപകാലത്ത് തെരഞ്ഞെടുപ്പുകളിൽ ബിജെപി നേട്ടമാക്കിക്കൊണ്ടിരിക്കുന്നത്. ബിജെപിക്ക് ബദലാകേണ്ട കോൺഗ്രസ് പോലൊരു ദേശീയ രാഷ്ട്രീയ പാർട്ടിക്ക് അവരെ നേരിടുന്നതിൽ സംഭവിച്ച ജാഗ്രതക്കുറവാണ് ഇതിന്റെ മുഖ്യകാരണമാണ്. ഇനിയൊരിക്കലും ബിജെപിക്ക് ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്ന് ജനം വിശ്വസിച്ചു തുടങ്ങി. രാഹുൽ ഗാന്ധിയെ പോലെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു നേതാവിന്റെ നേതൃത്വത്തില്‍ നിന്നുള്ള പിന്മാറ്റത്തോടെ ആ പാർട്ടി തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കഴിവും പ്രാപ്തിയുമുള്ള അനേകം നേതാക്കളെ കൊണ്ട് സമ്പന്നമായിരുന്ന കോൺഗ്രസിന്, രണ്ടാം നരേന്ദ്ര മോഡി സർക്കാരിൽ പാർലമെന്റിൽ ഒരു അംഗീകൃത പ്രതിപക്ഷമായി പോലും നിലനിൽക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത. പതിറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച പാർട്ടിയാണിതെന്നോർക്കണം. പാർട്ടിയിലെ കഴിവും തന്റേടവുമുള്ള നേതാക്കളെവച്ച് ഹൈക്കമാന്‍ഡ് പുനഃസംഘടിപ്പിക്കുന്നതിൽപ്പോലും കോൺഗ്രസ് പാർട്ടി അമ്പേ പരാജയപ്പെട്ടിരിക്കുന്നു.

കേന്ദ്രത്തിൽ ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള എൻഡിഎ സർക്കാർ ഹിന്ദുത്വ രാഷ്ട്രത്തിലേക്ക് ശരവേഗം നടന്നടുക്കുമ്പോഴാണ് കോൺഗ്രസിന്റെ ഈ നിസഹായാവസ്ഥ. കൃത്യവും ശക്തവുമായ നിലപാടുകളെ രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. അത് കൊണ്ടാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേദിവസം കോൺഗ്രസിന് അവരുടെ എംഎൽഎമാരെ റിസോർട്ടിൽ രാപാർപ്പിക്കേണ്ടിവന്നത്. എത്രകാലം ഈ റിസോർട്ട് രാഷ്ട്രീയം കോൺഗ്രസിനെ രക്ഷിക്കും എന്നത് കണ്ടറിയുക തന്നെ വേണം. പണവും അധികാരവും കണ്ടാൽ കോൺഗ്രസിന്റെ എംഎൽഎമാർക്ക് മറുകണ്ടം ചാടാൻ ഒരു മനഃപ്രയാസവുമില്ലാത്തതിന്റെ കാരണം, ആ പാർട്ടിയുടെ നിലപാടുകളിലെ ജാഗ്രതക്കുറവൊന്നു മാത്രമാണ്.

മൃദുഹിദുത്വ നിലപാടുകളാണ് പലപ്പോഴായി കോൺഗ്രസ് പാർട്ടി സ്വീകരിച്ചു പോരുന്നത്. മതേതര ഇന്ത്യയുടെ നട്ടെല്ല് തകർത്തെറിഞ്ഞ സംഭവമായിരുന്നല്ലോ ബാബറി ധ്വംസനം. ഈ ഘട്ടത്തിൽ യുപിഎ ഭരണത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്ന നരസിംഹ റാവു കൈക്കൊണ്ട നിശബ്ദ പിന്തുണ, പിന്നീട് പ്രത്യക്ഷമായും പരോക്ഷമായും പല സമുന്നതരായ കോൺഗ്രസ് നേതാക്കളും പിന്തുടരുന്നത് നാം കാണുകയുണ്ടായി. രാജ്യത്തെ ഒരു മതവിഭാഗത്തെ വികാരം കൊള്ളിച്ചു കൊണ്ട് നടത്തിയ രാമക്ഷേത്ര ശിലാന്യാസത്തിന് ആശംസകൾ നേരാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ഒട്ടും മടിക്കേണ്ടി വന്നില്ല. വെള്ളി ഇഷ്ടികകൾ കൊടുത്തയച്ചുകൊണ്ടാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമൽനാഥ് പ്രാതിനിധ്യം അറിയിച്ചത്. ഏറ്റവുമൊടുവിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസിന്റെ നിയമസഭാംഗം എൽദോ കുന്നപ്പിള്ളി നൽകിയ സംഭാവന വരെയും കോൺഗ്രസിന്റെ ഈ സഹായഹസ്തം നീളുന്നുണ്ട്. ഗാന്ധിയുടെയും നെഹ്റുവിന്റയും കോൺഗ്രസ് പൂർണമായും വിസ്മൃതിയിലാണ്ടു എന്ന് തീർച്ച. സമകാലിക കോൺഗ്രസ് ബിജെപിയുടെ വില കുറഞ്ഞ രാഷ്ട്രീയത്തിൽ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്.

ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടു പോലും കോൺഗ്രസിന് അവിടെ സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്നത് അതിന്റെ ഉദാഹരണമാണ്. മാത്രമല്ല ഗോവയിലെ കോൺഗ്രസിന്റെ നേതാവ് ഇന്ന് ബിജെപിയുടെ ഉപമുഖ്യമന്ത്രി കസേരയിലാണു താനും. പണവും അധികാരവും കണ്ടാൽ ഏത് കോമാളി വേഷവും കെട്ടാന്‍ കോൺഗ്രസ് നേതാക്കൾ ഒരുക്കമാണിന്ന്. വമ്പൻ സ്രാവുകളായ പ്രിയങ്ക ചതുർവേദി(കോണ്‍ഗ്രസിന്റെ മുന്‍ വക്താക്കളില്‍ ഒരാള്‍)യുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും കൂറുമാറ്റം ഇതിനെ സാധൂകരിക്കുന്നതാണ്. മൃഗീയ ഭൂരിപക്ഷത്തോടെ പാർലമെന്റിലിരിക്കുന്ന ബിജെപിയുടെ ഇരുനൂറിൽപ്പരം എംപിമാരിൽ നൂറിലധികവും കോൺഗ്രസിന്റെ മുൻ സമുന്നത നേതാക്കളാണ്. എങ്ങനെ ഇത് സംഭവിക്കുന്നു? കോൺഗ്രസ് പാർട്ടി വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതര ദേശീയ, മതേതര പാർട്ടികളിൽനിന്നും ബിജെപിയിലേക്കുള്ള ഈ കൊഴിഞ്ഞുപോക്കില്ലാത്തതിന്റെ കാരണം പഠിക്കാനും കോൺഗ്രസ് തയ്യാറാവണം. അല്ലെങ്കിൽ മോഡിയുടെ ഇന്ത്യയിൽ ഞെരിഞ്ഞമർന്ന് ഇല്ലാതാകലാവും കോൺഗ്രസിന്റെ വിധി.