കോട്ടയത്ത് എത്ര മത്തായിമാരുണ്ട് ഇന്ത്യയില്‍ എത്ര വിഐപിമാരുണ്ട്!
സിനിമയിലെ അനശ്വര തേജസായിരുന്ന് അകാലത്തില്‍ പൊലിഞ്ഞ ജോണ്‍ എബ്രഹാം ഒരിക്കല്‍ ചോദിച്ചു, കോട്ടയത്ത് എത്ര മത്തായിമാരുണ്ട്? എണ്ണം തിട്ടപ്പെടുത്താന്‍ കാനേഷുമാരിക്കാര്ക്കും കഴിയാത്ത ചോദ്യം. അന്ന് ടെലിഫോണ്‍ ഡയറക്ടറി എന്ന ഒരു ബ്രഹ്മാണ്ഡന്‍ കിത്താബുണ്ടായിരുന്നു. അതു തപ്പിയാല്‍ അറിയാം കോട്ടയത്തെ ഫോണുള്ള മത്തായിമാരുടെ എണ്ണം. പിന്നെയും ഫോണില്ലാത്ത മത്തായിമാര്‍ കോട്ടയത്തങ്ങനെ തലങ്ങും വിലങ്ങും പടര്‍ന്നു കിടക്കുകയല്ലേ. ചോദ്യം കേട്ടവര്‍ കപ്പയും കള്ളും വാങ്ങിക്കൊടുത്ത് ജോണ്‍ എബ്രഹാമിനോട് അടിയറവ് പറഞ്ഞെന്നാണ് കഥ. ഇതിനിടെ കോഴിക്കോട്ടെ പോക്കറ്റടിക്കാരന് പോക്കരുടെ കഥ പുറത്തുവരുന്നു. പോക്കരെ പൊലീസ് പോക്കറ്റടിക്കിടെ കയ്യോടെ പൊക്കുന്നു. പൊലീസ് സംഘത്തിലൊരാള്‍ മഹസറെഴുതുന്ന തിരക്കില്‍. ഇതെല്ലാം കണ്ട് പോക്കര് മീശയൊന്നു തെല്ലു പിരിച്ച് ഏമാന്മാരോട് പറഞ്ഞു; ‘ഒരു വിഐപിയെയാണ് നിങ്ങള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന ഓര്മ വേണം. പോക്കറ്റടി എന്നൊന്നും എഴുതി വിഐപിയെ അപമാനിക്കരുത്. വേണമെങ്കില്‍ പോക്കറ്റ് ചലഞ്ച് എന്ന് എഴുതിക്കോ.” പൊലീസുകാര്‍ കണ്ണുംതള്ളി അന്തംവിട്ടു നില്ക്കുമ്പോള് പിന്നെയും പോക്കര്; ‘മരിച്ചാല്‍ നിങ്ങള്‍ വന്ന് ആചാരവെടി മുഴക്കി ആദരാഞ്ജലി അര്‍പ്പിക്കേണ്ട മൊതലാ ഈ പോക്കര്. ദേ അങ്ങോട്ടു നോക്കിക്കേ, യൂണിഫോമില്‍ നില്ക്കുന്ന രണ്ടു പൊലീസുകാര്‍. ഞാന്‍ അപേക്ഷിച്ചതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അംഗരക്ഷകരാണവര്.’ പൊലീസുകാര്‍ അങ്ങോട്ട് നോക്കിയപ്പോള്‍ മുറുക്കാന്‍ കടയില്‍ നിന്നും ബീഡിവാങ്ങുന്ന കേന്ദ്രത്തിന്റെ കരിമ്പൂച്ച കമാന്‍ഡോകള്‍!
പൊലീസ് കുഴങ്ങി. പോക്കറ്റടിക്കാരന് പോക്കറും വിഐപിയോ! ഇവിടെയാണ് കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന് ജോണ്‍ എബ്രഹാം ചോദിച്ചതിന്റെ സാംഗത്യമേറുന്നത്. ഇന്ത്യയില്‍ എത്ര വിഐപിമാരുണ്ടെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ കുറേ പുളിക്കും. വിഐപിമാരെയും അവരിലെ സവര്‍ണരായ വിവിഐപിമാരെയും തട്ടാതെ വഴിനടക്കാന്‍ മേലാ എന്ന സ്ഥിതി. അധികാരത്തില്‍ വന്ന് അല്പകാര്യം കഴിഞ്ഞപ്പോള്‍ മോഡി പ്രഖ്യാപിച്ചത് വിഐപി സംസ്കാരം താന്‍ വേരോടെ പിഴുതെറിഞ്ഞു കുളംകുഴിച്ച് അതിലിറങ്ങി കുളിച്ചുകളയുമെന്നായിരുന്നു. ഔദേ്യാഗിക വാഹനങ്ങള്‍ക്കു കിരീടം ചാര്‍ത്തിനില്‍ക്കുന്ന ബീക്കണ്‍ ലൈറ്റുകളാണ് വിഐപി സംസ്കാരത്തിന്റെ പ്രതീകമെന്നും മോഡി തിരുവായ് തുറന്നപ്പോള്‍ ആദ്യം ബീക്കണ്‍ ലൈറ്റ് എടുത്തുകളഞ്ഞത് ഡോ. തോമസ് ഐസക് അടക്കമുള്ള നമ്മുടെ മന്ത്രിമാരായിരുന്നു. മോഡിക്കു നല്ലതും പറയാനറിയാമായിരുന്ന പാവത്തുങ്ങള്!
പക്ഷേ വിഐപി നിഗ്രഹത്തെക്കുറിച്ച് ആക്രോശിച്ച മോഡിയുടെ പരിവാരങ്ങളെ ഒന്നു കാണണം. ചുറ്റും നൂറുകണക്കിന് കരിമ്പൂച്ച കമാന്‍ഡോ വ്യൂഹങ്ങള്‍. ആകാശനിരീക്ഷണത്തിനുപോലും സൈനിക ഹെലികോപ്റ്ററുകള്‍. മോഡിയുടെ വിമാനത്തിന് എസ്കോര്‍ട്ടും പൈലറ്റുമായി യുദ്ധവിമാനങ്ങള്‍. കരയിലും ആകാശത്തും വിഐപി സുരക്ഷയുടെ ആകെയൊരു പുകില്. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് വിഐപി സംസ്കാരധ്വംസനത്തില് ഒരു സാമൂഹ്യ നവോത്ഥാനം ഒളിച്ചിരിപ്പുണ്ടെന്നു തോന്നിപോവുക. ലോകരാഷ്ട്രങ്ങളിലെ വിഐപിമാരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോഴാണ് ഇന്ത്യയിലെ വിഐപിമാരുടെ അധികാരഗര്‍വിനു കുടപിടിക്കാന്‍ സുരക്ഷയ്ക്കെന്ന പേരില്‍ ഇന്ത്യ സഹസ്രകോടികളാണ് വാരിയെറിയുന്നതെന്ന ബോധ്യം വരിക.
കൊളോണിയല്‍ കാലം മുതല്‍ പ്രോട്ടോകോളിനു കീര്‍ത്തികേട്ട രാജ്യമാണ് ബ്രിട്ടന്. പക്ഷേ അവിടെ എലിസബത്ത് രാജ്ഞിയടക്കം ആകെ വിഐപിമാര്‍ 84 മാത്രം. ഫ്രാന്‍സില്‍ 109. ആചാരപെരുമ കൈവിടാതെ സൂക്ഷിക്കുന്ന ജപ്പാനില്‍ 125. ജര്‍മനിയില്‍ 142. ട്രംപിന്റെ അമേരിക്കയില്‍ 252. റഷ്യയില്‍ വിഐപിമാരുടെ എണ്ണം മുള്ളെണ്ണം മുന്നൂറ്റിപന്ത്രണ്ട്. അയലത്തെ ചൈനയില്‍ വെറും 435 വിഐപികളേയുള്ളു. ഇന്ത്യയില്‍ എത്രയാണെന്നറിയുമോ വിഐപി കുലത്തിലെ അംഗസംഖ്യ? വെറും 5,79,092! അംഗരക്ഷകരുടെ ചെലവ്, വിമാനക്കൂലി, അകമ്പടിക്കാരുടെ ചെലവ്, വിദേശസഞ്ചാരം, ഇവരുടെയെല്ലാം ഭീമന് യാത്രപ്പടി, ചക്കാത്തായി വെള്ളം, വൈദ്യുതി, ലോക്സഭാ-രാജ്യസഭാ കാന്റീനുകളില്‍ സബ്സിഡിയായി ഇഷ്ടഭോജ്യങ്ങള്‍ അങ്ങനെയങ്ങനെ വിഐപി ചെലവുകള്‍ നീണ്ടുനീണ്ടു പോകുന്നു. ഒരു സാധാരണക്കാരന് നാനൂറു രൂപ കൊടുത്തു കഴിക്കുന്ന ഒരു ബിരിയാണിക്ക് ലോക്സഭാ കാന്റീനില്‍ വിഐപി കൊടുക്കേണ്ടത് 5 രൂപ. നാനൂറു രൂപ 5 രൂപയാകുന്നത് അടുത്തിരിക്കുന്ന സാധാരണക്കാരന്റെ കീശയില്‍ നിന്നും വിഐപി പോക്കര് പോക്കറ്റ് ചലഞ്ച് നടത്തിയിട്ടാണെന്ന് അയാളുണ്ടോ അറിയുന്നു. ഇന്ത്യയിലെ വിഐപിമാരുടെ എണ്ണം 300 ആയി വെട്ടിച്ചുരുക്കി നോക്കട്ടെ. അതൊരു ഭരണപരമായ സാമൂഹ്യവിപ്ലവം മാത്രമല്ല സാമ്പത്തിക വിപ്ലവവുമായിരിക്കുമെന്ന് പോക്കറ്റടിക്കാരന് പോക്കര് പോലും സമ്മതിച്ചുപോവും.
‘കഷ്ടകാലം വന്നീടുകില്‍ വിരലും പാമ്പായ് വന്നു കടിച്ചിടാം എന്ന് പഴമക്കാര്‍ പറയാറുണ്ട്. പക്ഷേ വേലിയിലിരുന്ന പാമ്പിനെയെടുത്ത് കൗപീനമുടുത്തിട്ട് എന്നെ പാമ്പുകടിച്ചേ എന്നു വിളിച്ചാലോ. അത്തരക്കാരെ ഇപ്പോള്‍ അങ്ങനെ കാണാറില്ല. പക്ഷേ വേലിയിലെ പാമ്പിനെ പിടിച്ച് വേണ്ടാത്തിടത്തു വയ്ക്കുന്ന ജനുസിന് കുറ്റിയറ്റിട്ടില്ല എന്ന് ബിജെപിയുടെ ആസ്ഥാന അഭിഭാഷകന് പി എസ് ശ്രീധരന് പിള്ള തെളിയിച്ചിരിക്കുന്നു. ഹൈക്കോടതിയിലെ പേരെടുത്ത ക്രിമിനല്‍ വക്കീലാണ് താനെന്ന് ഊണിലും ഉറക്കത്തിലും അവകാശപ്പെടുന്ന പിള്ളയുടെ കഴിഞ്ഞ ദിവസത്തെ ലാ പോയിന്റുകള്‍ കേട്ടാല്‍ അദ്ദേഹം വാദിച്ചുവാദിച്ച് എത്ര പാവങ്ങള്‍ക്കു തൂക്കുകയര്‍ വാങ്ങിക്കൊടുത്തുവെന്നേ ഇനി അനേ്വഷിക്കേണ്ടതുള്ളു. താന്‍ വെറുതെ വിടാമെന്നു കരുതിയാലും പിള്ള വക്കീല്‍ വാദിച്ചുവാദിച്ച് തന്നെ കഴുമരത്തിലേറ്റിയേ പറ്റൂ എന്നു വന്നാല്‍ ഞാനെന്തു ചെയ്യും എന്ന് എത്ര ന്യായാധിപന്മാര് നിരപരാധിയായ പ്രതികളോട് പറഞ്ഞിട്ടുണ്ടെന്ന കണക്ക് വേറെയെടുക്കണം.
ശബരിമല അശുദ്ധമാക്കി നടയടപ്പിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന് തന്ത്രി കണ്ഠരര് രാജീവര് തന്നോട് നിയമോപദേശം തേടിയെന്ന് സംഘിപ്പയ്യന്മാരുടെ യോഗത്തില്‍ ശ്രീധരന്‍പിള്ള നൈസായി ഒരു തട്ടുതട്ടി. ഇതു കേട്ടപാടെ തന്ത്രി പറഞ്ഞു താന്‍ ഒരു പിള്ളയോടും തള്ളയോടും നിയമോപദേശം തേടിയിട്ടില്ല. ‘നിയമോപദേശം തേടാന്‍ കണ്ട സൈസ് ഉരുപ്പടി’യെന്ന് ആത്മഗതവും. ഗതവും ആത്മഗതവുമറിഞ്ഞ കേരളീയര്‍ക്കാകെ പിള്ള സമ്മാനിച്ച നുണയുടെ ദീപാവലിപ്പടക്കം. പടക്കം പൊട്ടിച്ച് ശബരിമല പൂങ്കാവനത്തെ സംഘികളുടെ ഗറില്ലാ യുദ്ധഭൂമിയാക്കാനുള്ള ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പിള്ളക്കെതിരെ പൊലീസ് കേസെടുത്തപ്പോഴല്ലേ പിള്ളയിലെ യഥാര്‍ഥ ക്രിമിനല്‍ വക്കീല്‍ ഉണര്‍ന്നത്. തന്ത്രിയാണോ മന്ത്രിയാണോ ഫോണ്‍ വിളിച്ച് നിയമോപദേശം തേടിയതെന്ന് ഓര്‍മയില്ലെന്ന് പിള്ള മലക്കം മറിഞ്ഞ് ഒന്നു കാച്ചിനോക്കി. തന്ത്രി കുടുംബത്തിലെ ആരെങ്കിലും വിളിച്ചിട്ടുണ്ടാവും. അതാരാണെന്നും ഓര്മയില്ലത്രേ. തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചിട്ടില്ലെന്ന് അദ്ദേഹം കട്ടായമായി പറയുന്നത് അംഗീകരിക്കുന്നുവെന്നും പിള്ള പറയുന്നു. മറവിരോഗം ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടാനുള്ള ഒരധികയോഗ്യതയെന്ന് എന്തായാലും മാലോകര്‍ക്കു മനസിലായി.
കഴിഞ്ഞ ദിവസം ദിഗംബര സന്യാസിമാരെ ആദരിക്കുന്ന ഒരു വീഡിയോ കാണാനിടയായി. തടിമാടന്മാരായ രണ്ടു സന്യാസിമാര്‍ നൂല്‍ബന്ധമില്ലാതെ പാല് നിറച്ച തളികയ്ക്കുള്ളില്‍ കയറിനില്ക്കുന്നു. മര്‍മസ്ഥാനം പോലും ഒരുളുപ്പുമില്ലാതെ അനാവൃതമായിട്ടിരിക്കുന്നു. തലയില്‍ പാല്കുംഭങ്ങളേന്തിയ യുവതികള്‍ ഈ നഗ്നതടിയന്മാരെ വലംവച്ച ശേഷം പാല്തളികയിലൊഴിച്ച് പൂക്കളും പാദപങ്കജങ്ങളില് അര്‍പ്പിച്ചു സാഷ്ടാംഗപ്രണാമം നടത്തുന്നു. കുമ്പിട്ടു നിവരുമ്പോള്‍ ആണുംപെണ്ണുമടങ്ങിയ ഭക്തരുടെ ശിരസ് ചെറുതായി സന്യാസിമാരുടെ വേണ്ടാത്തിടങ്ങളില്‍ അറിയാതെ മുട്ടുന്നുമുണ്ട്. ഇത് ആചാരപരമായ ആദരപ്രകടനമാണത്രേ. ഈ സന്യാസിമാര്‍ കേരളത്തില്‍ വന്നാല്‍ ശ്രീധരന്‍പിള്ളയും കുടുംബവും ഇവ്വിധം കുമ്പിട്ടു വണങ്ങുമോ. ആചാരമല്ലേ പിള്ളേ, അതും ഒന്നു ഞങ്ങളെ ലൈവായി കാണിച്ചു തരാമോ.