Web Desk

ആസിഫ് റഹിം, സംഗീത ഷംനാദ്

October 26, 2020, 12:46 pm

പി കെ മേദിനി: കനല്‍ വഴികള്‍ കടന്നെത്തിയ സമരധീരത

Janayugom Online

ആസിഫ് റഹിം, സംഗീത ഷംനാദ്

പുന്നപ്ര വയലാറിൻ്റെ സമര പോരാട്ടങ്ങളുടെ 74 വർഷങ്ങളുടെ ചരിത്രം പറഞ്ഞു പോവുമ്പോൾ “റെഡ് സല്യൂട്ട് ” എന്ന വിപ്ലവഗാനമാണ് ഉള്ളിൽ അലയടിക്കുക. ആ കാലഘട്ടം നേരിൽ അനുഭവിച്ചറിഞ്ഞ പ്രിയ സഖാവ്. വിപ്ലവ ശബ്ദം  പി കെ മേദിനിയുടെ ഓർമ്മകളിലൂടെ…യുവകലാസാഹതി ജില്ലാ സെക്രട്ടറി ആസിഫ് റഹീമും സംഗീത ഷംനാദും ചേർന്ന് തയ്യാറാക്കിയ അഭിമുഖം.

1 ) പി കെ മേദിനി എന്ന ഒരു സാധാരണ പെൺകുട്ടി കമ്യൂണിസ്റ്റ് സഹയാത്രികയായത് എങ്ങനെ?

വളരെ ചെറുപ്പത്തിൽ എൻ്റെ പന്ത്രണ്ടാം വയസിൽ അമ്മ മരിച്ചു, കടുത്ത പട്ടിണിയാണ് തൊഴിലാളി കുടുംബങ്ങളിൽ. സ്കൂൾ ഫീസ് നൽകാനാവാതെ സ്കൂളിൽ നിന്ന് പുറത്താക്കി. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ്റെ കീഴിലെ കലാസാംസ്കാരിക വേദിയിൽ പോകുമായിരുന്നു. ” ആസന്നമായി സജീവ സമരം ഭാരത ഭൂമിയിലും “, ”ഫാസിസമാകെ കൊള്ളയടിക്കും ഭാരത ഭൂമിയിലും ” തുടങ്ങിയ തീഷ്ണമായ വരികൾ, നാടകത്തിലും വിപ്ലവ ഗാനങ്ങളിലുമായി കേട്ടത് അവിടെ വെച്ചാണ്. what is Marx­ism എന്നൊരു പുസ്തകം കൈയ്യിൽ കിട്ടിയതും അതെന്തെന്ന് അറിയാൻ തോന്നിയതും അവിടെ നിന്നാണ്. സഖാക്കൾ T. V തോമസിൻ്റെയും A. K പൊന്നൻ്റയുമെല്ലാം സജീവ സാന്നിദ്ധ്യമവിടെ ഉണ്ടായിരുന്നു.ചൂഷണങ്ങൾക്കെതിരെ ചെങ്കൊടി എടുത്തത് കലാപ്രസ്ഥാനത്തിൽ വന്നതോടെയാണ്.

2) ഗോവിന്ദ് പൻസാരെ മുതൽ വര വര റാവു വരെ ഫാസിസം കൊന്നു തള്ളിയവരും നിശബ്ദമാക്കിയ വരുമാണ്, സർഗാത്മകത ഫാസിസത്തിനുയർത്തുന്ന വെല്ലുവിളി എന്താണ്?

നാടകങ്ങൾ, വിപ്ലവഗാനങ്ങൾ ഇതെല്ലാം ആ കാലത്ത് നിശബ്ദമാക്കപ്പെട്ട ഒരു ജനതയ്ക്ക് വേണ്ടിയാണ് ഞങ്ങൾ വേദികളിൽ അവതരിപ്പിച്ചത്. ജന്മിയോട് ചെറുത്തു നിന്ന് നെല്ല് സ്വന്തമാക്കുന്ന തൊഴിലാളിയെ വേദിയിൽ കാണുമ്പോൾ ഹൃദയം കൊണ്ടാണ് ജനം അതേറ്റു വാങ്ങിയത് അവരുടെ സ്വപ്നങ്ങളാണ് ഞങ്ങൾ പറഞ്ഞും, പാടിയും കേൾപ്പിച്ചത്. വിപ്ലവ ഗാനങ്ങളും തീഷ്ണമായി സാധാരണക്കാരൻ്റെ ഭാഷയിൽ രാഷ്ട്രീയം പറഞ്ഞവയാണ്, അത് എല്ലാക്കാലവും അധികാരികൾക്ക് വെല്ലുവിളി തന്നെയാണ്.

3) ജാതീയ വേർതിരിവുകൾ നേരിട്ടനുഭവിച്ച കാലഘട്ടത്തിൽ വളർന്ന്, ഇന്നത്തെ തലമുറ വർഗീയതയുടെ ഇടങ്ങളിൽ ചേക്കേറുന്നത് കാണുമ്പോൾ എന്താണ് പറയാനുള്ളത്?

എനിക്ക് ഒരു തുണ്ട് ഭൂമി ഉണ്ടായിരുന്നില്ല, ഞങ്ങളിൽ പലർക്കും. പകലന്തി പണിയെടുത്താലും പട്ടിണിയാണ്. മാറ് മറയ്ക്കുവാനോ വഴി നടക്കുവാനോ അവകാശമുണ്ടായിരുന്നില്ല. നിങ്ങൾ ഇതൊക്കെ കേട്ടു മാത്രം മനസ്സിലാക്കിയവരാത്ത് ഞങ്ങൾ നേരിട്ടറിഞ്ഞവും. അതുകൊണ്ടാണ് നിങ്ങൾക്ക് ജാതീയതയുടെ ക്രൂരത എന്താണെന്ന് സങ്കൽപിക്കുവാൻ പോലും കഴിയാത്തത്.

4) കമ്മ്യൂണിണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് അന്നത്തെ ഓർമ്മകൾ എന്താണ്?

തൊഴിലാളികൾ അന്ന് പണിയിടങ്ങളിൽ നിന്ന് ചോറ്റുപാത്രവും പിടിച്ച് ആൺ പെൺ ഭേദമില്ലാതെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനങ്ങളായി പോവുന്ന കാലം. ജന്മിത്വവും ജാതീയതയും പട്ടിണിയും ചൂഷണങ്ങളും മാത്രം നൽകിയ കാലം. കലാ സംഘം വിപ്ലവ ഗാനങ്ങളും നാടകങ്ങളും രാഷ്ട്രീയ പ്രവർത്തനമായി കണ്ട കാലം അതിൻ്റെ പ്രവർത്തകർ, അനസൂയ, സുതൻ, ചക്രപാണി, കെ മീനാക്ഷി, ഗോപാലനാശാൻ തുടങ്ങി പേരുകൾ പറഞ്ഞു തീർക്കാൻ കഴിയാത്തത്ര പേർ, തൊഴിലാളി സഖാക്കൾ, കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലമാണതെന്നോർക്കണം.

5) സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന കാലം, സ്ത്രീ വിരുദ്ധത ഏറി വരുന്ന കാലം എന്താണ് സ്ത്രീ എന്ന നിലയിൽ പറയാനുള്ളത്?

ഇന്ന് നമ്മൾ അനുഭവിക്കുന്ന അവകാശങ്ങൾക്ക് പിന്നിലെ ത്യാഗവും കയ്പും അറിയാത്ത തലമുറയാണ് നിങ്ങൾ. തുല്യനീതിക്ക് വേണ്ടി,തുല്യ വേതനം പ്രസവാനുകൂല്യം തുടങ്ങി അവകാശങ്ങൾക്കായി സമരം ചെയ്ത തൊഴിലാളി സ്ത്രീകളുണ്ടായിരുന്നു അന്ന്. സംവരണം കൊണ്ടു മാത്രം സ്ത്രീ ശക്തിപ്പെടില്ല, അവൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസവും സ്വന്തമായി ഉൾക്കാഴ്ചയും ഉണ്ടാവണം,കരയുന്ന കുഞ്ഞിനേ പാലുള്ളു.

6) നിരോധിക്കപ്പെട്ട ഒരു പാട്ട് പാടിയതിന് ചെറുപ്പത്തിൽ അറസ്റ്റ് വരിച്ച സഖാവാണ് ‘ആ വരികൾ?

സാമ്രാജ്യത്വം വൻകിട ബൂർഷ്യാ വർഗ്ഗം ജന്മിത്വം

മർദ്ദക ചൂഷക മൂർത്തികൾ മൂവരും

ഒത്തു ഭരിക്കുന്നു

നാട്ടിത് ചുട്ടുകരിക്കുന്നേ

നരവേട്ടക്കാർ MSP ക്കാർ

അച്ചുത പാപ്പാളി

ഒ എം ഖാദർ, നാടാർ, രാമൻ കുട്ടികൾ, മന്നാടി

ഒന്നും തലപൊക്കില്ലിവിടെ.

7 ) കമ്മ്യൂണിസ്റ്റ് പാർട്ടി 95 ൻ്റെ നിറവിലും പുന്നപ്ര വയലാർ 74 വർഷങ്ങളുടെ ചരിത്രത്തിലും നിൽക്കുമ്പോൾ ആ സ്മരണകൾ നൽകുന്ന ഊർജ്ജം എന്താണ്?

തൊഴിലാളികൾ ഉന്നയിച്ച മുദ്രാവാക്യം അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നായിരുന്നു. പ്രായപൂർത്തി വോട്ടവകാശം തൊഴിൽപരമായ അവകാശങ്ങൾ ഇതൊക്കെ അവർ സ്വന്തം ജീവൻ നൽകി നമുക്ക് നേടിത്തന്നു. അച്ചുതമേനോൻ ഭരണ കാലമൊക്കെ സ്മരിക്കുകയാണ്. AKG യും MN ഉം പാർലമെൻ്റിൽ ബദൽ ശക്തികളായിരുന്ന കാലം. കേരളത്തിൻ്റെ പുറത്തെ സംസ്ഥാനങ്ങളിൽ നടക്കുന്ന ഓരോ കാര്യങ്ങളും എടുത്ത് നോക്കിയാൽ നമുക്ക് മനസ്സിലാവും കേരളത്തിലെ ജനതയുടെ രാഷ്ട്രീയ ബോധം, അത് നൽകിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ പോരാട്ട ചരിത്രങ്ങളാണ്.

8) ശാരീരിക അവശതകൾ ഏറെ ഉള്ളപ്പോഴും, റെഡ് സല്യൂട്ട് പാടുമ്പോൾ മേദിനിയമ്മയുടെ ശബ്ദം വൈകാരികവും ഉജ്ജ്വലവുമാണ്. ഇതെങ്ങനെയാണ് സാദ്ധ്യമാവുന്നത്?

ഞാൻ രക്തസാക്ഷികളെക്കുറിച്ച് പാടുമ്പോൾ, ഞാൻ നേരിൽ കണ്ട കാഴ്ചകളാണ് ഉള്ളിൽ നിറയുന്നത്. ആ കാഴ്ചകളെ അനുഭവങ്ങളെ ഹൃദയത്തിലേറ്റിയാണ് ഞാൻ പാടുന്നത്. എൻ്റെ കണ്ണിലപ്പോൾ അവർ തെളിഞ്ഞു നിൽക്കും എൻ്റെ അവശതകൾ ഞാൻ മറക്കും. സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മകൾ കൺമുന്നിലുണ്ട്, നിങ്ങൾ നോക്കുമ്പോൾ ഞാൻ സഖാവിൻ്റെ ചിത്രത്തിന് മുന്നിൽ നിന്നാണ് പാടുന്നത്, പക്ഷേ എനിക്ക് സഖാവ് കൂടെ നിൽക്കുന്ന പ്രതീതിയാണ്.

9) വ്യക്തി,കുടുബം എന്ന നിലകളിൽ രാഷ്ട്രീയം ഇടപെടുന്നതെങ്ങനെയാണ്?

ഒരു സാധാരണ കുടുംബമാണ് എൻ്റേത്, ഭർത്താവുമൊന്നിച്ച് അദ്ദേഹത്തിൻ്റെ 46 വയസു വരെ ജീവിച്ചു. ഞങ്ങൾക്ക് വ്യത്യസ് രാഷ്ട്രീയം ആണ്, അദ്ദേഹം കോൺഗ്രസ് അനുഭാവി ആയിരുന്നു, എൻ്റെ രാഷ്ട്രീയത്തിന് അത് തടസ്സമായില്ല. ജാതി മത ചിന്തകൾക്കപ്പുറത്തേയ്ക്ക് മക്കളെ വളർത്തു വാനും വിവാഹം കഴിപ്പിക്കുവാനും കഴിഞ്ഞു. രണ്ട് പെൺ മക്കളാണ്, വിദ്യാഭ്യാസമാ ണ് പെൺ കുട്ടികൾക്ക് നൽകേണ്ടത് ബോധ്യം, അതിൽ വിട്ടു കാണിച്ചില്ല. കേരള സ്പിന്നേഴ്സിലെ തൊഴിലാളി ആയിരുന്നു ഞാൻ, ഭർത്താവ് ദീർഘകാലം അസുഖബാധിതനായിരുന്നു. സഖാവ് അച്ചുതമേനോൻ, എത്രയോ തൊഴിലാളി സഖാക്കൾ ഇവരെല്ലാം ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടത്തിൽ എന്നെ ചേർത്തു നിർത്തിയവരാണ്, മറക്കില്ല.

10) കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇത്തവണ നടത്തുന്ന പുന്നപ്ര വയലാർ വാരാചരണത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

എൻ്റെ ഓർമ്മയിലെങ്ങും ഇങ്ങനെ നടന്നിട്ടില്ല കഴിഞ്ഞ 73 വർഷവും വിപുലമായി തന്നെയാണ് വാരാചരണം നടന്നത്.കോവിഡ് പോലുള്ള മഹാമാരി വരുമ്പോഴും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നമ്മൾ വാരാചരണം നടത്തണം, കാരണം അവർ കൊളുത്തി വെച്ച ജ്വാല കെടാതെ കാത്തു വെയ്ക്കേണ്ടത് നമ്മുടെ കടമയാണ്. ജന്മിത്വത്തിൽ നിന്ന് ജനാധിപത്യത്തിൻ്റെ മണ്ണിൽ ചവിട്ടി നിൽക്കാൻ ഇടം നൽകിയത് അവർ പ്രാണൻ നൽകിയാണ്. റെഡ് സല്യൂട്ട് പാടുന്നു.

you may also like this video