ഐഎഎസുകാര്‍ക്ക് കഷ്ടകാലമോ? സിറാജ് എങ്ങനെ ടി ഒ സൂരജ് ആയി

Web Desk
Posted on August 30, 2019, 4:50 pm

കേരളം കണ്ട മിടുക്കന്മാരായ അഴിമതിക്കാരായ ഐഎഎസ് ഉദ്യോഗസ്ഥന്മാരിലൊരാളാണ്  ടി ഒസൂരജ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ദേശീയപാത വിഭാഗത്തെ ഒഴിവാക്കി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് (ആര്‍.ബി.ഡി.സി.കെ) പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്. ഗതാഗതം ആരംഭിച്ച് മൂന്നു വര്‍ഷം തികയും മുമ്പേ അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടിവന്ന ദേശീയപാതയിലെ പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ പാലം സന്ദര്‍ശിച്ചയുടനെ തന്നെ ഉത്തരവിട്ടിരുന്നു. മേല്‍പാലം നിര്‍മ്മാണത്തില്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ അന്ന് ഉത്തരവിട്ടത്.

നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലത്തിന് ബലക്ഷയവും തകരാറും സംഭവിക്കാന്‍ കാരണം. പാലത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയും ക്രമക്കേടിന് ഉത്തരവാദികളാണ് എന്നും മന്ത്രി ആദ്യം മുതല്‍ പറഞ്ഞിരുന്നു. കരാറുകാരെ സഹായിക്കാനും ശ്രമിച്ചു. രൂപരേഖ മുതല്‍ നിര്‍മ്മാണം വരെ അപാകത സംഭവിച്ചു. അവ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം ആവശ്യമാണെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിന് യുഡിഎഫ് മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് വിജിലന്‍സ് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. പാലാരിവട്ടം പാലം ഉള്‍പ്പെടെ 51 പദ്ധതികളാണ് സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയതെന്നും ടി ഒ സൂരജ് പറഞ്ഞു. വ്യാഴാഴ്ച എറണാകുളത്തെ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

സ്പീഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കിയെങ്കിലും മൂന്ന് മാസംവരെയാണ് തല്‍സ്ഥാനത്തു ണ്ടായിരുന്നതെന്നും ടി ഒ സൂരജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാലത്തിന്റെ 90 ശതമാനം പണികളും അതിന് ശേഷമാണ് നടന്നത്. പാലത്തിന്റെ പൈലിങ് പണിക്കുമുന്നേ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി. പാലം ടെന്‍ഡര്‍ നടപടികള്‍ മുതല്‍ രൂപകല്‍പ്പന വരെയുള്ള കാര്യങ്ങളാണ് ടി ഒ സൂരജില്‍ നിന്നും ചോദിച്ചതെന്ന് വിജിലന്‍സ് പറഞ്ഞു. സൂരജ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നപ്പോഴാണ് പാലം നിര്‍മ്മാണത്തിന്റെ പണികള്‍ക്ക് തുടക്കമിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികളെക്കുറിച്ച് സൂരജിന് അറിയാം. പാലത്തിന്റെ രൂപകല്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയത് സൂരജിന്റെ കാലത്തായിരുന്നു. രൂപകല്‍പ്പനയില്‍ ഗുരുതര പിഴവുണ്ടെന്ന് വിദ്ഗ്ധര്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലന്‍സ് പറഞ്ഞു. പാലം നിര്‍മ്മാണ അഴിമതികേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും അവര്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനുപുറമേ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടി.ഒ സൂരജിന്റെ 8.8 കോടി രൂപ മൂല്യം വരുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. നാല് വാഹവനും 23 ലക്ഷം രൂപയുമാണ് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ടി.ഒ.സൂരജിന് 11.88 കോടി രൂപയുടെ അനധികൃത സ്വത്തെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പത്തുവര്‍ഷത്തിനിടെ 314 ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്നു വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതല്ലാതെ സൂരജിന് വരവിനേക്കാള്‍ നാലിരട്ടി സമ്പാദ്യമുണ്ടെന്നും വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം 2016ല്‍ വിജിലന്‍സ് ലോകായുക്തയെ അറിയിച്ചിരുന്നു. ഒട്ടേറെ സ്ഥലങ്ങളില്‍ സൂരജ് ഭൂമിവാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം, കൊച്ചി, ഇടുക്കി, തൃശൂര്‍ ജില്ലകളിലും കര്‍ണാടകയിലുമായി അനധികൃത ആഢംബര ഫ്‌ലാറ്റുകളും ഭൂമിയുമുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആറ് ആഡംബര കാറുകളും കൊച്ചിയില്‍ ഗോഡൗണ്‍ സഹിതമുള്ള ഭൂമിയും സ്വന്തമായുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അച്ഛനും അമ്മയും സൂരജിന് നല്‍കിയ പേര് സിറാജ് എന്നാണെന്നും തന്റെ ഇഷ്ടപ്രകാരം അതുമാറ്റി സൂരജ് എന്ന് ആക്കുകയുമാണെന്നും ചില ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ പേരുമാറ്റത്തിന് പിന്നിലും എന്തോ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നതായാണ് മറ്റ് റിപ്പോര്‍ട്ടുകള്‍.

YOU MAY LIKE THIS VIDEO ALSO