പഠനവും പരീക്ഷയും

Web Desk
Posted on January 30, 2018, 5:34 pm

പരീക്ഷയെ മുന്‍നിര്‍ത്തി സമയാസൂത്രണപ്പട്ടികയും സ്വന്തം പഠനശൈലിക്കനുസൃതമായ പഠന തന്ത്രങ്ങളും തീരുമാനിച്ചു കഴിഞ്ഞാല്‍ ഇനി ചിട്ടയായ പഠനം ആരംഭിക്കാം.
പഠനത്തില്‍ പ്രാധാന്യം വായനക്കു തന്നെയാണല്ലോ.!എന്നാല്‍, ’ കേവല വായന’ കാര്യക്ഷമമായൊരു വായനാ രീതിയല്ല. സക്രിയമായൊരു വായനയിലൂടെയാണ് പഠനം പുരോഗമിക്കേണ്ടത്. പരമാവധി പഞ്ചേന്ദ്രിയങ്ങളുടെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പഠന രീതിയവലംബിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും.

പരീക്ഷ റിവിഷന് അല്പം വേഗത കൂടിയ പഠനരീതിയാണ് ഉചിതം. ഇവിടെ, ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഫലപ്രദമായ പഠനത്തിന് ‘P V ടെക്‌നിക്’ എന്നു വിശേഷിപ്പിക്കുന്ന രീതി പരീക്ഷിച്ചുനോക്കൂ..
പൂര്‍വ്വ അവലോകനം (Pre­view) ചോദ്യം (Ques­tion )

വായന (Read­ing) സംഗ്രഹം(Summary) സ്വയംപരിശോധന(Self Test) പ്രയോഗം (Prac­tice) ദൃശ്യരൂപീകരണം(Visualisation ) എന്നിങ്ങനെ 7 ഘട്ടങ്ങള്‍ ചേര്‍ന്നതാണി രീതി.

P V ടെക്‌നിക് എന്നു വിളിക്കുന്ന ഈ രീതിയില്‍ പഠനം ആരംഭിക്കുന്നതിന് മുന്‍പ്, താഴെക്കൊടുത്ത ചെക്ക് ലിസ്റ്റ് അനുസരിച്ച് നിങ്ങളുടെ പഠന മേശയൊരുക്കുന്നത് നന്നായിരിക്കും.

1 ) പാഠപുസ്തകങ്ങള്‍ എല്ലാഭാഗങ്ങളും .

2) ക്ലാസ് നോട്ടുകള്‍

3 ) മുന്‍ പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍.

4) പേന ‚കടലാസ്, സ്‌കെച്ച് പെന്നുകള്‍ തുടങ്ങി ആവശ്യമായ പഠനസാമഗ്രികള്‍.

പഠനത്തിനിടയില്‍ സമയ നഷ്ടം ഒഴിവാക്കാനും ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും ഇത്തരം മുന്നൊരുക്കങ്ങള്‍ സഹായിക്കും ഇനി P V രീതിയനുസരിച്ച് എങ്ങനെ പഠിക്കാം എന്ന് നോക്കാം.

ഒറ്റനോട്ടം ഓടിച്ചു വായന

ഓരോ വിഷയത്തിലും ഓരോ അധ്യായങ്ങള്‍ക്കും നിശ്ചിതമായ പഠന ലക്ഷ്യങ്ങളും സ്‌കോറും നേരത്തെ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പാഠഭാഗത്തെ തലക്കെട്ടുകളും പ്രധാന ആശയങ്ങളും ഇതു സൂചിപ്പിക്കുന്നു. പൊതു പരീക്ഷയിലെ ചോദ്യങ്ങള്‍ ഏറെയും ഈ ആശയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും.
അതുകൊണ്ട് തന്നെ, പരീക്ഷാ പഠനത്തിന്റെ ആദ്യപടിയായി ഒരധ്യായം ഒന്ന് ഓടിച്ചു വായിച്ച് പ്രധാന തലക്കെട്ടുകള്‍, ആശയങ്ങള്‍, ചിത്രങ്ങള്‍, പട്ടികകള്‍ എന്നിവ ശ്രദ്ധിച്ച് മനസ്സില്‍ ക്രമീകരിക്കുകയാണ് വേണ്ടത്.

ചോദ്യങ്ങള്‍

ഓരോ അധ്യായത്തിന്റെയും ഉള്ളടക്കവുമായി ബന്ധപ്പെട്ടിട്ടുള്ള പരമാവധി ചോദ്യങ്ങള്‍ കണ്ടെത്തുന്നത് പരീക്ഷ പഠനത്തിലെ മര്‍മ്മപ്രധാനമായ ഭാഗമാണ് .
ആദ്യ വായനയില്‍ക്കണ്ട തലക്കെട്ടുകള്‍, പ്രധാന വാക്കുകള്‍ തുടങ്ങിയവ ആധാരമാക്കി ചോദ്യങ്ങള്‍ സൃഷ്ടിക്കാം. പാഠത്തിന്റെ ഭാഗമായി കൊടുത്തിട്ടുള്ള ചോദ്യങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. മുന്‍പരിക്ഷകളുടെ ചോദ്യക്കടലാസുകള്‍ സൂക്ഷ്മമായി വായിച്ച് വിവിധ തരം ചോദ്യങ്ങളെ യും നിര്‍ദ്ദേശങ്ങളെയും ഉള്‍ക്കൊള്ളണം. ഈ ഘട്ടത്തില്‍ വരുന്ന സംശയങ്ങള്‍ അധ്യാപകരോട് ചര്‍ച്ച ചെയ്യാനായി അടയാളപ്പെടുത്തുക

വായന അന്വേഷണബുദ്ധിയോടെ

ഇനി വായന ആരംഭിക്കാം ഇപ്പോള്‍ വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്‌കൂടുതല്‍ ജാഗ്രത പുലര്‍ത്തും കാരണം, നേരത്തെ വായിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള വായനയാകും സ്വാഭാവികമായും നിങ്ങള്‍ നടത്തുക.
വായനയുടെ ഈ ഘട്ടത്തില്‍ ചോദ്യങ്ങള്‍ക്കുത്തരമെന്നോണം കണ്ടെത്തുന്ന കാര്യങ്ങള്‍ പ്രത്യേകം ക്രമീകരിച്ച് എഴുതി സൂക്ഷിക്കണം. ഫലപ്രദമായി നോട്ടുകള്‍ തയ്യാറാക്കുന്നത് പരീക്ഷയില്‍ ഏറെ സഹായകരമാകും.

ആശയസംഗ്രഹം ആസ്വദിച്ചു പഠിക്കാന്‍

വായനക്കുറിപ്പുകള്‍ തയ്യാറാക്കുമ്പോള്‍ പൂര്‍ണ വാചകങ്ങള്‍ എഴുതുന്നതിനേക്കാള്‍ പോയിന്റുകളായോ ഡയഗ്രങ്ങളായോ പട്ടികകളായോ രേഖപ്പെടുത്തുകയാണ് ഉചിതം. കളര്‍ പേനകള്‍ ഉപയോഗിച്ച് കുറിപ്പെഴുതുന്നതും ചിത്ര രൂപത്തില്‍ ‘മൈന്റ് മാപ്പു‘കള്‍ തയ്യാറാക്കുന്നതും ഓര്‍മ്മശക്തിയെ ബലപ്പെടുത്തും.
പഠനം രസകരമാക്കും.

പരിശോധിച്ച് പഴുതടയ്ക്കാം

പരീക്ഷയ്ക്കു പ്രതീക്ഷിക്കുന്ന ചോദ്യങ്ങളുടെ വെളിച്ചത്തില്‍
തയ്യാറാക്കിയ നോട്ടുകള്‍ സ്വയം പരിശോധിക്കാം. വിഷയത്തെക്കുറിച്ചുള്ള വ്യത്യസ്ഥ കാഴ്ചപ്പാടുകളും മറ്റു വിഷയങ്ങളുമായുള്ള ബന്ധവും ചിന്തിച്ചു നോക്കൂ… ഇത്തരത്തില്‍ ഉള്ളടക്കം ധരിച്ചു പഠിച്ചാല്‍ ഏതു തരം ചോദ്യങ്ങളും നേരിടാന്‍ നിങ്ങള്‍ സജ്ജരായെന്നു ചുരുക്കം.!

പ്രയോഗിച്ചറിയാം പേടിയകറ്റാം

പരീക്ഷാ മുറിയില്‍ നിങ്ങള്‍ക്ക് നിങ്ങളോടും സമയത്തോടുമാണ് മത്സരിക്കാനുള്ളത്. അതിന് പ്രായോഗിക പരിശീലനം നേടണം. മാതൃകാചോദ്യപേപ്പര്‍ തയ്യാറാക്കി സമയം നിശ്ചയിച്ച് ഉത്തരങ്ങള്‍ എഴുതിപ്പരിശീലിക്കാം. പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിച്ചും പരിശീലിക്കാം.

ദൃശ്യരൂപീകരണം ദീര്‍ഘകാല ഓര്‍മ്മയ്ക്ക്

ഒരായിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു ചിത്രം. പഠിച്ച കാര്യങ്ങളെ ഭാവനാ ചിത്രങ്ങളാക്കുന്നത് ഒരു പാട് കാര്യങ്ങള്‍ പെട്ടന്ന് ഗ്രഹിക്കാനും ദീര്‍ഘകാലം ഓര്‍മ്മനിലനിര്‍ത്താനും സഹായിക്കും.ഓരോ വിഷയവും പഠിച്ചു കഴിഞ്ഞാല്‍ ചെറിയ ഇടവേളകള്‍ എടുക്കുകയും ആ സമയത്ത് പഠിച്ച കാര്യങ്ങള്‍, പേജുകള്‍, ചിത്രങ്ങള്‍ എന്നിവ ചിത്രങ്ങളായി മനസ്സിന്റെ സ്‌ക്രീനില്‍ ദര്‍ശിക്കുകയും ചെയ്താല്‍ പരീക്ഷ കഴിഞ്ഞാലും പഠിച്ചതൊന്നും മറക്കില്ല. കേവലം പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്നത് ആത്മവഞ്ചന കൂടിയാണെന്നോര്‍ക്കുക.