നല്ല തയ്യാറെടുപ്പോടെയും ആത്മവിശ്വാസത്തോടെയും വേണം പരീക്ഷാ ഹാളിലെത്താൻ. ചോദ്യങ്ങളുടെ ക്രമം നോക്കാതെ ഉത്തരം എഴുതാമെങ്കിലും രസതന്ത്രം പോലെയുള്ള വിഷയങ്ങൾ കഴിവതും ചോദ്യങ്ങൾ ക്രമപ്പെടുത്തി ഉത്തരം എഴുതുന്നതാവും അഭികാമ്യം. നിർദ്ദേശങ്ങൾ നന്നായി വായിച്ച ശേഷം മാത്രമേ ഉത്തരമെഴുതൂ എന്ന നിർബന്ധബുദ്ധി രസതന്ത്രം പോലെയുള്ള വിഷയങ്ങളിൽ നല്ലതാണ്. കൃത്യമായ ഉത്തരമാണ് സയൻസ് വിഷയങ്ങളുടെ പ്രത്യേകത.
വാരിവലിച്ചെഴുന്നതല്ല, എഴുതുന്നതിൽ കൃത്യമായ പോയിന്റുകൾ ഉണ്ടോ എന്നുള്ളതാണ് രസതന്ത്രം പോലെയുള്ള വിഷയങ്ങളുടെ മൂല്യനിർണ്ണയത്തിൽ പരിഗണിക്കുക എന്ന കാര്യം ഓർക്കേണ്ടതുണ്ട്. പ്രധാന പോയിന്റുകൾ അടിവരയിടുന്നത് നല്ലതാണ്. നിർബന്ധമായും എഴുതേണ്ട ചോദ്യങ്ങൾ എഴുതി കഴിഞ്ഞാൽ ചോയിസ് ചോദ്യങ്ങളും എഴുതാവുന്നതാണ്. മാർക്ക് കൂട്ടികിട്ടിയില്ലെങ്കിലും ചോയിസ് ചോദ്യങ്ങളിൽ കൃത്യത കൂടിയതിന്റെ മാർക്ക് ലഭിക്കും എന്നുള്ളത് ചിലപ്പോഴെങ്കിലും പ്രയോജനപ്രദമാകാറുണ്ട്. മാത്രമല്ല കൂടുതൽ ആത്മവിശ്വാസം പ്രദാനം ചെയ്യും. A+ നേടുന്നതിന് പരിശ്രമിക്കുന്നവർ പാഠഭാഗങ്ങളെ സമഗ്രമായും സൂക്ഷ്മമായും പരിശോധിക്കുകയും കൂടുതൽ ചോദ്യങ്ങൾ പരിശീലിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. 7 പാഠഭാഗങ്ങളിൽ നിന്നാണ് രസതന്ത്രം പരീക്ഷക്ക് ചോദ്യങ്ങൾ ഉണ്ടാവുക.
ഒന്നാം പാഠഭാഗത്തിൽ അറ്റോമിക നമ്പർ 1 മുതൽ 30 വരെയുള്ള മൂലകങ്ങളുടെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം, Cr-Cu ഇലക്ട്രോൺ വിന്യാസം (പ്രത്യേകതകൾ ‑കാരണം), സബ്ഷെൽ ഇലക്ട്രോൺ വിന്യാസത്തിൽ നിന്ന് മൂലകങ്ങളുടെ പിരീഡ്, ഗ്രൂപ്പ്, ബ്ലോക്ക് എന്നിവ കണ്ടെത്തൽ, എസ്, പി, ഡി ബ്ലോക്ക് മൂലകങ്ങളുടെ പൊതു സ്വഭാവം, ഡി, എഫ് ബ്ലോക്ക്മൂലകങ്ങളുടെ പ്രത്യേകതകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഇലക്ട്രോൺ വിന്യാസം, പ്രത്യേകതകൾ, എന്നിവ പട്ടികയായി പഠിക്കുന്നരീതിയാണ് ഈ പാഠത്തിനനുയോജ്യം.
രണ്ടാം പാഠഭാഗം പ്രധാനമായും രസതന്ത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത നിയമങ്ങൾ ഉൾപ്പെടുന്നതാണ്. ബോയിൽ, ചാൾസ്, അവാഗഡ്രോ നിയമം ഏതൊരു നിലവാരത്തിലുള്ള കുട്ടിയും പഠിച്ചുറപ്പുവരുത്തേണ്ടതാണ്. GMM, GAM, ആപേക്ഷിക അറ്റോമിക മാസ്, ആറ്റം, തന്മാത്ര എന്നിവയുടെ എണ്ണം, അവഗാഡ്രോ നമ്പർ, എസ്. ടി. പി മോളാർ വ്യാപ്തം എന്നിവ കൂടി ഈ പാഠത്തിൽ വിശകലനം ചെയ്യുന്നു. ഗണിത പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാൻ അവസരം ഒരുക്കുന്ന ഒരു പാഠഭാഗവും കൂടിയാണിത്. ഗണിതപരമായ ചോദ്യങ്ങൾഈ പാഠത്തിൽ നിന്നും ഉറപ്പായും പ്രതീക്ഷിക്കേണ്ടതുണ്ട്.
A+ നിലവാരത്തിലുള്ള കുട്ടികൾ നിർബന്ധമായും ഗണിത പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്ത് പരിശീലിക്കേണ്ടതാണ്. മാർക്ക് എളുപ്പത്തിൽ കിട്ടാനും എളുപ്പത്തിൽ നഷ്ടപ്പെടാനും കൂടി ഈ പാഠഭാഗം വഴിയൊരുക്കുന്നു. വെള്ളം, വായു, ആസിഡ് എന്നിവയ്ക്ക് ലോഹവുമായുള്ള പ്രവർത്തനം, ക്രിയാശിലശ്രേണി, ഓക്സീകരണം, നിരോക്സീകരണം, രാസവാക്യങ്ങൾ, ഗാൽവാനിക്ക് സെൽ, ഇലക്ട്രോലൈറ്റിക് സെൽ, എന്നിവയെക്കുറിച്ചുള്ള പഠനമാണ് മൂന്നാം പാഠത്തിലുള്ളത്. രാസസമവാക്യങ്ങൾ ധാരാളമായി പ്രയോഗിക്കപ്പെടുന്ന ഒരു പാഠഭാഗമാണിത്. രാസവാക്യങ്ങളെഴുതി പഠിച്ചു പരിശീലിച്ചവർക്കേ പൂർണ്ണമായും ഉത്തരമെഴുതാൻ ഈ പാഠഭാഗത്തിൽ നിന്ന് സാധിക്കൂ എന്ന അറിവുണ്ടാകേണ്ടതാണ്. ഏതൊരു നിലവാരത്തിലുള്ള കുട്ടിക്കും കാണാപാഠം പഠിച്ച് ഉത്തരമെഴുതാനുള്ള സാധ്യത കൂടുതലുള്ള പാഠഭാഗമാണ് നാലാമത്തേത്. ധാതുക്കൾ, ലോഹങ്ങൾ, അയിരുകൾ, സാന്ദ്രണം, കാൽസിനേഷൻ, റോസ്റ്റിംഗ്, ലോഹശുദ്ധികരണം, അലൂമിനിയം നിർമ്മാണം, വൈദ്യുതി വിശ്ലേഷണം എന്നീ പ്രധാനപ്പെട്ട ആശയങ്ങളാണ് ഈ പാഠത്തിലുൾപ്പെടുന്നത്. അമോണിയ നിർമ്മാണം, ഉഭയദിശാപ്രവർത്തനം, രാസസന്തുലനം, ലെ-ഷാറ്റ്ലിയർ തത്ത്വം, ഗാഢത, മർദ്ദം, താപനില, ഉൾപ്രേരകം എന്നിവയുടെ സ്വാധീനം, H2SO4 ‑വ്യാവസായിക നിർമ്മാണം എന്നിവയാണ് അഞ്ചാം പാഠഭാഗത്തിന്റെ ഉള്ളടക്കം. രാസപരമായ ആശയങ്ങൾ പ്രതിപാദിക്കുന്ന പാഠഭാഗമാണിത്. കൂടുതൽ ആശയങ്ങൾ പഠിക്കുവാനുള്ളതിനാൽ കൂടുതൽ മാർക്കിനും സാധ്യതയുണ്ട്. രസതന്ത്രത്തിലെ 6 ഉം 7 ഉം പാഠഭാഗങ്ങൾ ഓർഗാനിക്ക് രസതന്ത്രമാണ്. മൊത്തം 40 മാർക്കിൽ 10 മാർക്കിൽ കൂടുതൽ ചോദ്യങ്ങൾ ഈ രണ്ട് പാഠഭാഗങ്ങളിൽ നിന്നുമായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഓർഗാനിക്ക് സംയുക്തങ്ങളുടെ നിർമ്മാണം, ഐസോമെറിസം, ഹൈഡ്രോകാർബൺ, ഹോമോലോഗസ് സീരീസ്, IUPAC നാമം, ബെൻസീൻ ഘടന എന്നിവ 6-ാം പാഠഭാഗത്തിലും ഓർഗാനിക്ക് സംയുക്തങ്ങൾ-അഞ്ചുതരം രാസപ്രവർത്തനങ്ങൾ, ആൽക്കഹോൾ, ആസിഡ് എന്നിവയുടെ ഉപയോഗം, എസ്റ്റർ, സോപ്പ്, ഡിറ്റർജന്റ് എന്നീ ആശയങ്ങൾ 7ാം പാഠഭാഗത്തിലും ഉൾപ്പെടുന്നു. പാഠഭാഗത്തിന്റെ മൂർത്തമായ ആശയങ്ങൾ ക്ലാസ് മുറികളിൽ നിന്ന് സ്വീകരിച്ച വിദ്യാർത്ഥികൾക്ക് ഈ രണ്ട് പാഠഭാഗങ്ങളും എളുപ്പത്തിൽ ഹൃദിസ്ഥമാക്കാനാവും. A+ നിലവാരത്തിലുള്ളവർക്ക് ഈ പാഠങ്ങൾ പ്രയാസകരമായി അനുഭവപ്പെടാറില്ല. പൊതുവേ രസതന്ത്രത്തെ രസകരമായ അനുഭവങ്ങളാക്കി പഠിക്കുന്ന വിദ്യാർത്ഥികളെ ഈ വിഷയം ബുദ്ധിമുട്ടിപ്പിക്കാറില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.