Janayugom Online
Jaspal Atwal (right) was photographed with Justin Trudeau's wife, Sophie in Mumbai.

ഖാലിസ്ഥാൻ തീവ്രവാദിയെ ക്ഷണിച്ചവർക്ക്‌ നടപടി: ജസ്റ്റിൻ ട്രൂഡോ

Web Desk
Posted on February 22, 2018, 8:59 pm

ഖാലിസ്ഥാൻ തീവ്രവാദി ജസ്വാൾ അട്വാൽ കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യ സോഫി ട്രൂഡോയോടൊപ്പം 

പഞ്ചാബ് മന്ത്രി മൽകിയാത് സിങ് സിധുവിനെ വധിക്കാൻ ശ്രമിച്ച ഖാലിസ്ഥാൻ തീവ്രവാദി ജസ്വാൾ അട്വാലിനെ തന്റെ രണ്ടു ഔദ്യോഗിക പരിപാടികളിലേക്ക് ക്ഷണിച്ചതിനു ഉത്തരവാദിയെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ സന്ദർശിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

“ഞങ്ങൾ ഇത് വളരെ ഗൗരവത്തോടെ എടുക്കുന്നു. ഈ വ്യക്തിക്ക് ഒരിക്കലും ക്ഷണം  കിട്ടരുതായിരുന്നു. ക്ഷണിച്ച വ്യക്തിയും വകുപ്പും ഇതിന്റെ പൂർണ ഉത്തരവാദിത്വം എടുക്കേണ്ടിവരും” ട്രൂഡോ പറഞ്ഞു. അട്വാൽ തന്റെ ഔദ്യോഗിക സംഘത്തിൽ  അംഗമല്ലെന്നും ട്രൂഡോ വ്യക്തമാക്കി.

അട്വാൽ ചൊവ്വാഴ്ച മുംബയിൽ പൊതു ചടങ്ങിൽ പങ്കെടുക്കുക മാത്രമല്ല, കാനഡയ്ക്കു അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കും വിധം പ്രധാനമന്ത്രിയുടെ ഭാര്യ സോഫി ട്രൂഡോയോടും കനേഡിയൻ അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി അമർജീത് സെഹിയോടുമൊപ്പവും ഫോട്ടോഗ്രാഫിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ട്രൂഡോയുടെ പഴയ ഖാലിസ്ഥാൻ അനുകൂല നിലപാടിന്റെ ഓർമപ്പെടുത്തലായി ഇത് മാറി.

നിരോധിക്കപ്പെട്ട ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷന്റെ (ഐ എസ്  വൈ എഫ്) പ്രവർത്തകനായ മൽകിയാത് സിങ് സിധു ജസ്റ്റിൻ ട്രൂഡോയ്‌ക്കൊപ്പം  ഇന്ത്യയിലെ ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു. 1986 ൽ വാൻകൂവറിൽ അനന്തരവന്റെ  വിവാഹത്തിനെത്തിയപ്പോഴാണ് മൽകിയാത് സിങ് സിധുവിനു നേരെ രണ്ടു തവണ വെടിവയ്പുണ്ടായത്. അന്ന് രക്ഷപ്പെട്ടെങ്കിലും സിധു അഞ്ചു വര്ഷങ്ങൾക്കു ശേഷം പഞ്ചാബിലെ മോഗയിൽ വച്ച് വധിക്കപ്പെട്ടു.

സിധുവിനെ വധിക്കാൻ ശ്രമിച്ചതിന് ജസ്വാൾ അട്വാൽ ഉൾപ്പെടെ നാല് പേർ 20 വര്ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും അപ്പീലിൽ മോചിതരായി. വിചാരണക്കോടതി ഇത് ‘ഭീകരപ്രവർത്തനം’ ആണെന്ന് വിധിച്ചിരുന്നു. ഒരു ഓട്ടോമൊബൈൽ തട്ടിപ്പു കേസിലും അട്വാലിനെ ശിക്ഷിച്ചിരുന്നു. സിഖ് വിഘടനവാദത്തെ എതിർത്ത, പിന്നീട് ബ്രിട്ടീഷ് കൊളംബിയയുടെ പ്രധാനമന്ത്രിയായ ഉജ്ജൽ ഡോസഞ്ചിനെ മാരകമായി ആക്രമിച്ച കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടു.

1985 ലെ കുപ്രസിദ്ധമായ എയർ ഇന്ത്യ ബോംബിങ്ങിന്റെ ഉത്തരവാദിയാണ് ഐ എസ്  വൈ എഫ്. സിഖുകാർക്കു പ്രത്യേക രാജ്യം വേണമെന്ന ആവശ്യമുയർത്തി പ്രവർത്തനം സംഘടിപ്പിച്ച ഐ എസ്  വൈ എഫിനെ ഇന്ത്യ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വൻ തോതിൽ സിഖ് ജനസംഖ്യയുള്ള കാനഡ, യു കെ, യു എസ്  തുടങ്ങിയ രാജ്യങ്ങളും ഇതിനെ നിരോധിച്ചു. ഇപ്പോൾ അട്വാൽ ഓൺലൈൻ റേഡിയോ സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.