August 11, 2022 Thursday

പിഞ്ചു കുഞ്ഞെങ്ങനെ സമരം ചെയ്യും?

അന്ന
February 16, 2020 8:45 am

”പരമോന്നത നീതി പീഠം കഴിഞ്ഞ ദിവസം ചോദിച്ച ചോദ്യമാണ്, ” നാലു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഷഹീൻബാഗിൽ പോയത് സമരം ചെയ്യാനാണോ?” എന്ന്.

നാലു മാസം പ്രായം ചെന്ന മുഹമ്മദ് ജഹാൻ എന്ന മുലകുടി മാറാത്ത കുഞ്ഞിനേയും ഒക്കത്തിരുത്തിയാണ് ഇരുപത്തിനാലുകാരിയായ നാസിയ ഷഹീൻബാഗിൽ സമരത്തിനെത്തിയത്. അഞ്ചുവയസ്സും ഒരുവയസ്സും പ്രായമുള്ള മറ്റ് രണ്ട് മക്കളും ഭർത്താവും ഒപ്പമുണ്ടായിരുന്നു. 12 മണിക്കൂർ നീണ്ട സമരം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയ ജഹാന് കടുത്ത പനി പിടിക്കുകയും പിറ്റേന്ന് മരണപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ധീരതയ്ക്കുള്ള അവാർഡ് കിട്ടിയ സെൻ സദ്വാർത്തെ എന്ന പന്ത്രണ്ടുകാരി ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയ്ക്ക് കത്തെഴുതി. സമരരംഗത്തേക്ക് പിഞ്ചുകുഞ്ഞിനെ കൊണ്ടുപോയത് ക്രൂരതയും പീഡനവുമാണെന്നും ജീവന് സുരക്ഷ ഉറപ്പ് വരുത്തുകയെന്ന ഭരണഘടന നൽകുന്ന മൗലിക അവകാശമാണ് കുഞ്ഞിന് നിഷേധിക്കപ്പെട്ടതെന്നുമുള്ള വാദങ്ങൾ മുഖവിലക്കെടുത്തുകൊണ്ടാണ് കോടതി ഫെബ്രുവരി പത്താം തീയതി കേസെടുത്തത്. യുഎൻ കൺവെൻഷൻ പ്രകാരം പ്രതിഷേധിക്കുക എന്നതും കുട്ടിയുടെ മൗലിക അവകാശമാണ് എന്ന വാദം നാസിയക്കുവേണ്ടി ഉന്നയിക്കപ്പെട്ടപ്പ്പോഴാണ് രോഷം മറച്ചുവയ്ക്കാതെ കോടതി ആ ചോദ്യം ചോദിച്ചത്.

നിയമം നോക്കി പക്ഷം പിടിക്കാനാവുന്നൊരു വിഷയമല്ലിത്. രാഷ്ട്രീയവും സംസ്കാരവും സാമൂഹ്യ ചരിത്രവും കടമയും കാഴ്ചപാടുമൊക്കെ ചേർന്ന ഒരു പക്ഷരഹിത വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ടേ കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച ഈ വിഷയത്തിൽ ഒരു തീർപ്പിലെത്താനാവൂ. കാരണം ഇപ്പറഞ്ഞതിനൊക്കെയും ഒരു പക്ഷമുണ്ട്. മുതിർന്നവർ പക്ഷം ചേർന്ന് അവർക്കുവേണ്ടി രൂപംകൊടുത്ത് മുറ്റിപോയ ഒരു വ്യവസ്ഥകൂടിയാണത്. സമ്പൂർണമായും കുട്ടികളുടെ ഭാഗത്തുനിന്നുകൊണ്ടല്ലാതെ രൂപപ്പെടുത്തുന്ന ഒരു ഉത്തരവും ചീഫ് ജസ്റ്റിസിനുള്ള മറുപടിയാവുകയില്ല. പതിനെട്ടുവയസ്സു പൂർത്തിയാവുംവരെ ഏതു വ്യക്തിയും കുട്ടിയാണ്. ലോകത്താകമാനം പര-പല പീഡനങ്ങൾക്ക് വിധേയമാകുന്ന കോടിക്കണക്കിന് കുട്ടികളുണ്ട്. സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും മാത്രമല്ല യുദ്ധങ്ങൾക്കുപോലും പ്രതിരോധ ആയുധമായി പിഞ്ചുകുഞ്ഞുങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്. പലസ്തീൻ, സിറിയ, നൈജീരിയ, കാമറൂൺ, കോംഗോ, സൊമാലിയ, സുഡാൻ, യമൻ, റോഹിൻഗ്യ തുടങ്ങിയ ഇടങ്ങളിലൊക്കെ കൊടുംപോരാട്ടങ്ങൾക്കുള്ള മറയുപകരണങ്ങളായി കുട്ടികൾ ഉപയോഗിക്കപ്പെട്ടതിന്റെ ഭയപ്പെടുത്തുന്ന വിവരണങ്ങൾ UNICEF പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

യുദ്ധ‑പ്രതോരോധ‑പ്രതിഷേധങ്ങളുടെ കാര്യം പോകട്ടെ, പ്രസവിച്ച അമ്മയും പിറവി നൽകിയ അച്ഛനും കുടുംബ (കലഹ) ങ്ങളിൽ പോലും എത്രയോ തവണ അറിഞ്ഞും അറിയാതെയും കുട്ടികളെ ആയുധങ്ങളാക്കി മാറ്റുന്നു. കുട്ടികൾ ഉൽപന്നമോ ഉപകരണമോ അല്ലെന്നും കുടുംബങ്ങൾ വ്യവസായ ശാലകളല്ലെന്നും അറിയാത്ത മുതിര്ന്നവരെകൊണ്ട് നിറഞ്ഞ സമൂഹത്തോടാണ് ’ നാലുമാസം പ്രായമുള്ള കുഞ്ഞ് സമരം നടത്താനാണോ ഷഹീൻബാഗിൽ പോയത്’ എന്ന് കോടതിക്ക് ചോദിക്കേണ്ടിവന്നത്. ഓർമ്മയ്ക്ക് കുഞ്ഞിന്റെ ജീവനേക്കാൾ വലുതാണോ സമരം? , ഒരു രാജ്യത്തെ നിയമത്തെ വെല്ലുവിളിക്കുന്ന സമരത്തിൽ താനും പങ്കാളിയാണെന്ന് ഒരു മകൻ/മകൾ എന്ന വ്യക്തിക്കുവേണ്ടി പറയാൻ സ്വന്തം അമ്മയാണെങ്കിൽ പോലും അവർക്കെന്തവകാശമാണുള്ളത്?

എന്നിങ്ങനെയുള്ള ഒട്ടേറെ അന്വേഷണങ്ങളുടെ ഉള്ളടക്കമാണ് കോടതിയുടെ ചോദ്യം. അതുകൊണ്ടാണ് അതിലുമധികം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടുമാത്രമേ നമുക്കിതിന് ഉത്തരം പറയാനാവൂ എന്ന് പറയുന്നതും. പിഞ്ചുകുഞ്ഞിനെ സമരമുഖത്തേക്ക് കൊണ്ടുവന്ന ആ അമ്മതന്നെയാണ് ഒന്നാംപ്രതി എന്നകാര്യത്തിൽ തർക്കമില്ല. സമരം ചെയ്യാനുള്ള അവകാശത്തേക്കാൾ ജീവിക്കാനുള്ള അവന്റെ അവകാശം തന്നെയാണ് വലുത്. ജീവിക്കാനുള്ള ഏറ്റവും സുരക്ഷിതമായ ചുറ്റുപാട് എന്ന കുഞ്ഞിന്റെ അവകാശമാണ് അവർ ഹനിച്ചത്. ശിക്ഷ കോടതി തീരുമാനിക്കട്ടെ. പക്ഷെ അതിനുമുൻപ് അവരെ കേൾക്കേണ്ടതുണ്ട്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ’ സമ്പൂർണ്ണമായും ഇരുളടഞ്ഞുപോകാനിടയുണ്ടെന്ന് കരുതുന്ന ഒരു ഭാവിയെ ഭയന്ന് നടത്തുന്ന ജീവന്മരണപോരാട്ടമാണിത്. ആ സമരത്തിൽ തന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഭാവിജീവിത സുരക്ഷ നിശ്ചയിക്കപ്പെടുന്ന ചിന്തിക്കാൻ പക്വതയെത്തിയിട്ടില്ലാത്ത തന്റെ മകനെക്കൂടി കൂട്ടുന്നതിൽ എന്താണിത്ര തെറ്റ്? ’ എന്നാണ്. ഉണർവിലും ഉറക്കത്തിലും അവനുവേണ്ടി ചിന്തിക്കുന്ന ഒരമ്മയ്ക്ക് എന്തുകൊണ്ടാണ് അവന്റെ പ്രതിഷേധത്തെ സംബന്ധിച്ച് ചിന്തിച്ചുകൂടെന്ന് പറയുന്നത്. തന്റെ വീട്ടുകാരും നാട്ടുകാരും ബന്ധുമിത്രാദികൾ മുഴുവനും ഒന്നിച്ച് ഒരേമനസ്സോടെ ഒരു മുദ്രാവാക്യം കൊണ്ട് ഒരുമിക്കുന്ന ഇടമെങ്ങനെയാണ് തന്റെ കുഞ്ഞിന് സുരക്ഷിതമല്ലാതാകുന്നത്?

പിറന്നനാട്ടിൽനിന്നും ഇപ്പോൾവേണമെങ്കിലും പുറത്താക്കപ്പെട്ടേക്കാമെന്ന ഭീതിയുള്ളിലുള്ള ഒരു ജനതയ്ക്ക് സ്വന്തം മണ്ണിനേക്കാൾ ഭദ്രമല്ലേ സമരഭൂമി. ‘അത്തരമൊരിടത്തേക്കാണ് ഞാനെന്റെ മകനെ കൊണ്ടുവന്നത്’ എന്ന നാസിയയുടെ വാചകം ഒരു രാഷ്ട്രീയ പ്രതിനിധാനം കൂടിയാണ്. വോട്ടിന്റെ അടിത്തറയിൽ മാത്രം അധികാരം കയ്യാളുന്നവർ വോട്ടില്ലാത്ത ഒരു വിഭാഗത്തിനുവേണ്ടി കണിശമായും രൂപപ്പെടുത്തേണ്ട ഒരു ’ കുട്ടിപക്ഷ ’ രാഷ്ട്രീയമാണത്തിന്റെ അന്തസ്സത്ത. ഒരമ്മയ്ക്കും അച്ഛനും കുടുംബത്തിനും മാത്രമല്ല സ്റ്റേറ്റിനും കുഞ്ഞിന്റെ രക്ഷാചുമതലയുണ്ടെന്നും, സ്റ്റേറ്റും രാപകൽ ഉണർന്നിരിക്കുന്ന അവന്റെ/അവളുടെ രക്ഷാകർത്താവായി മാറണമെന്നുമുള്ള നിശിതമായ നിർബന്ധത്തിൽ മാത്രമേ കുട്ടികളുടെ ജീവനും ജീവന്റെ ഭദ്രതയും മറുചോദ്യങ്ങളില്ലാതെ അസന്നിഗ്ദ്ധമാവുകയുള്ളൂ.

തെരുവിൽനിന്നും തെരുവിലെ സമരത്തിലേക്കാണോ നാസിയ വന്നത് എന്ന് നമുക്കറിയില്ല. എന്നാൽ നമുക്കറിയാവുന്നതും നമ്മളറിയേണ്ടതുമായ ഒന്നുണ്ട്, ഈ ഇന്ത്യ മഹാരാജ്യത്ത് 18 ദശലക്ഷം കുട്ടികൾ തെരുവിലലയുന്നുണ്ട് എന്നതാണത്! ’ തെരുവിൽ ജനിച്ച് തെരുവിൽ ജീവിക്കുന്നവർ, ഉപജീവനത്തിനായി തെരുവിലെത്തുന്നവർ, ആരാലും ശ്രേധിക്കപ്പെടാതെയും സംരക്ഷിക്കപ്പെടാതെയും തെരുവിലലയുന്നവർ ’ എന്നിങ്ങനെയുള്ള കുട്ടികളെയാണ് UNICEF തെരുവ് കുട്ടി( Street Child)കളായി കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ 18 മില്യൺ കുട്ടികൾ അതിജീവനത്തിനായി സമരം ചെയ്യുന്ന തെരുവുകളുടെ നാടാണ് ഇന്ത്യ! വിശപ്പിന് വേദങ്ങളോ വേദപുസ്തകങ്ങൾക്ക് വിശപ്പോ പരിചിതമല്ലാത്തതുകൊണ്ടു ഒരു മതങ്ങളും അവരെ തുണയ്ക്കാനില്ല. ഉടുതുണിയ്ക്ക് മറുതുണിയില്ലാത്തതുകൊണ്ട് വസ്ത്രം നോക്കി ഈ സമരക്കാരുടെ മതം കണ്ടുപിടിക്കാനുമാവില്ല. അതുകൊണ്ടുതന്നെ അവർക്കായി ആരെങ്കിലും കത്തെഴുതിയതായോ എഴുതിയ കത്തിന്റെ പേരിൽ പരമോന്നതകോടതി ചോദ്യംചോദിച്ചതായോ നമുക്കറിയില്ല. ഇവിടെയാണ് അച്ഛനുമമ്മയ്ക്കുമൊപ്പം കുട്ടികൾ സ്റ്റേറ്റിന്റേതു കൂടിയാവണമെന്നുള്ള വാദത്തിന്റെ അടിസ്ഥാനം. അങ്ങനെയായിരുനെങ്കിൽ മുഹമ്മദ് ജഹാന് അവന്റെയമ്മ ഷാഹീൻബാഗിൽ പോകുമ്പോഴോ ലക്ഷക്കണക്കിന് കുട്ടികൾക്ക് അവരുടെ അച്ഛനമ്മമാർ തൊഴിലിടങ്ങളിൽ പോകുമ്പോഴോ ആ കുട്ടികൾക്ക് അമ്മയുടെ മാറിലെ ചൂടാറാത്ത സംരക്ഷണവുമായി ഒരു കാര്യാലയം അവിടെയുണ്ടാകുമായിരുന്നു. അവിടെ കളി കോപ്പുകളും പുസ്തകങ്ങളും ആയമാരുമുണ്ടാകുമായിരുന്നു. അവ ലാഭം കൊയ്യുന്ന പ്ലേയ് സ്കൂളുകളായിരിക്കരുത് കുഞ്ഞുങ്ങളെ പൗരന്മാരായി മാറ്റിയെടുക്കുന്ന പൊതുസ്ഥലങ്ങളായിരിക്കണം. മതവും ജാതിയും അറിയാതെയും പറയാതെയും കുട്ടികൾ പൗരന്മാരായി ജീവിക്കുന്ന ആ ഇടനാഴികളിൽ അവർ തെരുവ് ബാല്യങ്ങളെ ചേട്ടനെന്നും ചേച്ചിയെന്നും അനിയനെന്നും അനിയത്തിയെന്നും വിളിച്ച് കളിച്ച് ചിരിച്ച് കഴിയണം. എത്ര നിർമ്മിച്ചാലും അധികമാവാത്ത അത്തരം ‘കുട്ടിഭവന’ ങ്ങളിലൂടെയാണ് ഒരു സ്റ്റേറ്റിന്റെ നിർമ്മിതി പൂർത്തിയാവുന്നത്. തന്റെ കുഞ്ഞുങ്ങളുൾപ്പെടെ ഓരോ കുഞ്ഞും സ്റ്റേറ്റിന്റേതുകൂടിയാണെന്ന് കരുതി ജീവിച്ചാൽ മാത്രമവസാനിക്കാനിടയുള്ള ഒരു വിഷയത്തെയും വിഭാഗത്തെയുമാണ് സ്റ്റേറ്റിന്റെ കാര്യസ്ഥന്മാർ വോട്ടില്ലെന്ന ഒറ്റകാരണംകൊണ്ടു അവഗണിച്ച് തെരുവിലേയ്ക്ക് തള്ളുന്നത്. ലക്ഷം ഷഹീൻബാഗുകൾ കാണാത്തത്ര കടുത്തതും രൂക്ഷവുമായ അതിജീവനത്തിന്റെ ഉഷ്ണത്തിലാണ് ആ 18 ദശലക്ഷം കുഞ്ഞുങ്ങൾ പിടഞ്ഞുമുന്നേറുന്നതു. ” കുട്ടികൾക്കെങ്ങനെ സമരം ചെയ്യാനാവും?” എന്ന് അവരോട് ആരും ചോദിക്കാത്തത് അവർ പോരാട്ടത്തിലല്ലാത്തതുകൊണ്ടല്ല മറിച്ച് നമുക്കാർക്കും അതിനെകുറിച്ചറിഞ്ഞുകൂടാത്തതുകൊണ്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.