ഹൗഡി മോഡി: പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യാക്കാര്‍

Web Desk
Posted on September 22, 2019, 1:03 pm

ഹൂസ്റ്റണ്‍: ഹൗഡി മോഡിയോടനുബന്ധിച്ച് ഇന്ത്യന്‍— അമേരിക്കക്കാരുടെ സഖ്യമായ അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി ഹൂസ്റ്റണില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. മോഡിക്ക് പുറമെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്ന പരിപാടിയാണിത്.

ഇന്ത്യയില്‍ വേരുകളുള്ള അമേരിക്കക്കാരാണ് തങ്ങളെന്നും തികച്ചും ജനാധിപത്യ വിരുദ്ധനായ ഒരാളെ തുറന്ന് കാട്ടുകമാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും സഖ്യത്തിലെ ഹിന്ദു മനുഷ്യാവകാശ സംഘടനയുടെ സഹസ്ഥാപക സുനിത വിശ്വനാഥ് പറഞ്ഞു. മോഡിയുടെ ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ‑ജനവിരുദ്ധ അജണ്ട തുറന്ന് കാട്ടുകയാണ് പ്രതിഷേധത്തിന്റെ ഉദ്ദേശ്യം. മറ്റ് യാതൊരു ദേശീയത, വിഭാഗീയ പ്രശ്‌നങ്ങളുമില്ലെന്നും അവര്‍ പറഞ്ഞു.

പ്രതിഷേധ സഖ്യത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം സമിതിയും ഇന്ത്യയിലെ ന്യൂനപക്ഷ സംഘടനയും ഉള്‍പ്പെട്ടിട്ടുണ്ട്. തങ്ങളുടെ മതത്തെ ഓര്‍ത്ത് ഏറെ ഭയപ്പാടിലോടെയാണ് കഴിയുന്നത്. ഇത് ചില തീവ്രവാദികളും ദേശീയവാദികളും തട്ടിയെടുത്തിരിക്കുന്നുവെന്നും സുനിത ചൂണ്ടിക്കാട്ടി. അവര്‍ മുസ്‌ലിങ്ങളെ തല്ലുന്നു, ജനാധിപത്യത്തെ തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ കൊല്ലുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

ജ്യുവിഷ് വോയ്‌സ് ഫോര്‍ പീസ്, ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്നീ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം അവിടെ നിന്നുയര്‍ന്ന എല്ലാ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്തിയ ശേഷമാണ് മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനമെന്നും എജെഎ പറഞ്ഞു. ഇന്ത്യയിലെ മത‑സാമൂഹ്യ ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, ദളിത്, ആദിവാസി വിഭാഗങ്ങളോടുള്ള അതിക്രമങ്ങള്‍ അഞ്ച് വര്‍ഷം കൊണ്ട് വര്‍ധിച്ചിരിക്കുകയാണ്. ഇത് ഇന്ത്യയുടെ അഖണ്ഡതയ്ക്ക് നേരെയുള്ള ഭീഷണിയും ദുരന്തവുമാണെന്നും അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.