ഹൗഡി മോഡിയുടെ സ്‌പോണ്‍സറുമായി ഇന്ത്യ 17,700 കോടിയുടെ കരാര്‍ ഒപ്പിട്ടു

Web Desk
Posted on September 28, 2019, 11:06 am

ന്യൂയോര്‍ക്ക്: ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത ഹൗഡി മോഡി പരിപാടി സ്‌പോണ്‍സര്‍ ചെയ്ത സ്ഥാപനവുമായി ഇന്ത്യ വന്‍ ഇന്ധന
ഇറക്കുമതിക്ക് കരാര്‍ ഉറപ്പിച്ചു. ഒരു യുഎസ് കമ്പനിയുമായി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുന്ന ഏറ്റവും വലിയ കരാറാണിത്.
സെപ്റ്റംബര്‍ 22 ന് ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായ ടെല്ലൂറിയന്‍ എന്ന സംരംഭവുമായാണ് ഇന്ത്യന്‍ പൊതുമേഖലാ സംരംഭമായ പെട്രോനെറ്റ് 17,700 കോടി രൂപയുടെ കരാര്‍ ഉറപ്പിച്ചിരിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസി, ഒഐസി, ബിപിസിഎല്‍, ഗെയില്‍ എന്നിവയുമായിചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് പെട്രോനെറ്റ്. കരാറിലൂടെ ഹൗഡി മോഡി സ്‌പോണ്‍സറായ ടെല്ലൂറിയന് പ്രതിവര്‍ഷം ഇന്ത്യയിലേക്ക് അഞ്ച് ദശലക്ഷം ടണ്‍ വരെ ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യാനാകും. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഹൂസ്റ്റണില്‍ വച്ചാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടതെന്ന് ദി ക്വിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ വാര്‍ത്തയില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പെട്രോനെറ്റുമായി ധാരണാപത്രം ഒപ്പുവച്ചത് ഒരു ബഹുമതിയാണെന്നും ഡ്രിഫ്റ്റ് വുഡ് പദ്ധതിയില്‍ പെട്രോനെറ്റുമായി ദീര്‍ഘവും സമൃദ്ധവുമായ പങ്കാളിത്തം ടെല്ലൂറിയന്‍ പ്രതീക്ഷിക്കുന്നുവെന്നും ടെല്ലൂറിയന്‍ പ്രസിഡന്റും സിഇഒയുമായ മെഗ് ജെന്റില്‍ പറഞ്ഞു. 2016 ല്‍ ലെബനന്‍ അമേരിക്കന്‍ വ്യവസായി ചരീഫ് സൗക്കി സ്ഥാപിച്ച ഹ്യൂസ്റ്റണ്‍ ആസ്ഥാനമായുള്ള പ്രകൃതി വാതക കമ്പനിയാണ് ടെല്ലൂറിയന്‍.

കഴിഞ്ഞ ശനിയാഴ്ച ഹൂസ്റ്റണില്‍ മുന്‍നിര എണ്ണക്കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്‌. ടെക്‌സസ് ഇന്ത്യ ഫോറമാണ് ഹൗഡി മോഡി
പരിപാടി സംഘടിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നിരവധി യുഎസ് സെനറ്റര്‍മാരും അതിഥികളായി. 50,000 ല്‍ അധികം ഇന്ത്യന്‍ പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.