ഹൗഡി മോഡി പരിപാടിയില്‍ നെഹ്‌റുവിനെ പുകഴ്ത്തി യുഎസ് സെനറ്റര്‍

Web Desk
Posted on September 23, 2019, 11:47 am

ഹൂസ്റ്റണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ഹൗഡി മോഡി പരിപാടിയില്‍ നെഹ്‌റുവിനെ പുകഴ്ത്തി യുഎസ് സെനറ്റര്‍.
നരേന്ദ്ര മോഡിയും ഡൊണാള്‍ഡ് ട്രംപും വേദിയിലിരിക്കെയാണ് രാഷ്ട്രപിതാവ് ഗാന്ധിജിയെക്കുറിച്ചും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വീക്ഷണങ്ങളെക്കുറിച്ചും യുഎസ് നേതാവ് സ്റ്റെനി ഹോയര്‍ പുകഴ്ത്തിയത്. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവ് ഹോയര്‍.

ഇന്ത്യ, അമേരിക്കയെ പോലെ അതിന്റെ പുരാതന പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നു. ഗാന്ധിയുടെ അധ്യാപനവും നെഹ്‌റുവിന്റെയും ഉള്‍ക്കാഴ്ചയുമാണ് ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമാക്കി അതിന്റെ ഭാവിയെ സുരക്ഷിതമാക്കിയത്. ആ രാജ്യത്ത് ബഹുസ്വരതയ്ക്കും ഓരോ വ്യക്തിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും ആദരമുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും കഴിഞ്ഞദിവസം കടന്നാക്രമിച്ചിരുന്നു. പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഉണ്ടായതിന് പേരില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയ അമിത് ഷാ 1947 ല്‍ പ്രഖ്യാപിച്ച ‘സമയോചിതമല്ലാത്ത വെടിനിര്‍ത്തല്‍’ കാരണമാണിതെന്ന് ആരോപിച്ചിരുന്നു. കശ്മീരിന്റെ ഏകീകരണം സാധ്യമാകാത്തതില്‍ നെഹ്‌റു ഉത്തരവാദിയാണെന്നും രാജ്യത്തെ ആദ്യത്തെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഈ വിഷയം കൈകാര്യം ചെയ്യണമായിരുന്നെന്നും അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. സമീപകാലത്തായി അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നെഹ്‌റുവിന്റെ നിലപാടുകള്‍ക്കെതിരെ സ്ഥിരം രംഗത്തെത്തിയിരുന്നു.