ഹൗഡി മോഡിയോ ഹൗഡി ഡൂഡിയോ? ട്വിറ്റർ ലോകം ആശയക്കുഴപ്പത്തിൽ

Web Desk
Posted on September 20, 2019, 1:15 pm

ഹൂസ്റ്റണ്‍: യുഎസിലെ ഹൂസ്റ്റണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിക്ക് ‘ഹൗഡി മോഡി’യെന്ന പേരുലഭിച്ചതെങ്ങനെയെന്ന് ചർച്ചചെയ്ത് ട്വിറ്റർ ലോകം. കാർട്ടൂൺ ഷോയുമായി റാലിയുടെ പേരിനുള്ള സാമ്യമാണ് ചർച്ചയാകുന്നത്.

50 കളിൽ കുട്ടികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ കാർട്ടൂൺ ഷോയായിരുന്ന ഹൗഡി ഡൂഡിയിൽ നിന്നാണോ മോഡിയുടെ റാലിക്ക് പേരിടാനുള്ള പ്രചോദനം ലഭിച്ചതെന്നാണ് ട്വിറ്ററിൽ അന്വേഷണം പുരോഗമിക്കുന്നത്. 1947 മുതൽ 1960 വരെ ഹൗഡി ഡൂഡി കുട്ടികളെ രസിപ്പിച്ചിരുന്നത്, ബ്ലാക്ക് ആൻഡ് വൈറ്റ് പരമ്പരയായിരുന്ന ഹൗഡി ഡൂഡിയുടെ ഓരോ ഭാഗവും തുടങ്ങുന്നത് ഇറ്റ്സ് ഹൗഡി ഡൂഡി ടൈം എന്ന പഞ്ച് ഡയലോഗോടെയായിരുന്നു. ഇത്തരത്തിലുള്ള പഞ്ച് ഡയലോഗുകളാണ് പലരും മോഡിയുടെ പ്രസംഗത്തിലും പ്രതീക്ഷിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന ട്രംപിനും പരിഹാസം നേരിടുന്നുണ്ട്. ഹൗ ഡു യു ഡു എന്ന വാചകത്തിന്റെ ചുരുക്കമാണ് ഹൗഡി എന്ന വാക്ക് സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. എന്നാൽ പേരിടാനുള്ള കാരണം വ്യക്തമാക്കുന്നില്ലെങ്കിലും പേര് വേണ്ടത്ര ശ്രദ്ധനേടിയെന്ന അഭിപ്രായമാണ് സംഘാടകർക്കുളളത്.

ടെക്സസിലെ ഇന്ത്യൻ സമൂഹമാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും ഇതിന്റെ മുഖ്യ സ്പോൺസർമാർ എണ്ണ പര്യവേഷണ കമ്പനികളാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുറമെ ഗവര്‍ണര്‍മാര്‍, പാര്‍ലമെന്റംഗങ്ങള്‍, മേയര്‍മാര്‍ തുടങ്ങി നിരവധി അമേരിക്കന്‍ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

അതേസമയം  റാലി ശക്തമായ മഴയെത്തുടർന്ന് അനിശ്ചിതത്വത്തിലാണ്. മഴ ശക്തി പ്രാപിച്ചതോടെ ടെക്‌സസിന്റെ പല ഭാഗങ്ങളിലും ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ദക്ഷിണ പൂര്‍വ ടെക്‌സസില്‍ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 13 കൗണ്ടികളിലാണ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഫോര്‍ട്ട് ബെന്‍ഡ്, ഹാരിസ്, ഗാല്‍വെസ്റ്റണ്‍ തുടങ്ങിയ കൗണ്ടികളില്‍ മണിക്കൂറില്‍ മൂന്ന് ഇഞ്ച് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.