ഹൃദയം കൊണ്ടെഴുയ കവിത

Web Desk
Posted on August 11, 2019, 10:47 am

ബിന്ദു ഡി

ഇവിടെയൊരാളുണ്ട്. കാഴ്ചകള്‍ കണ്ട് കരള്‍ വിങ്ങിപ്പഴുത്തൊരാള്‍. ക്രമസമാധാനത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ മനസ്സ് പുകയുമ്പോഴും കരള്‍ പിളര്‍ത്തുന്ന കാഴ്ചകളത്രയും ഉള്ളുണര്‍ത്തുന്ന കവിതകളാക്കി ഒരു പോലീസ് ഓഫീസര്‍. എറണാകുളം റേഞ്ച് ഇന്റലിജന്‍സ് എസ് പി, എസ് ദേവമനോഹര്‍. തന്റെയുള്ളിലേക്കും, ചുറ്റുപാടുകളിലേക്കും കണ്ണുകള്‍ വിടര്‍ത്തിയപ്പോള്‍ കിട്ടിയ അപൂര്‍വ്വാനുഭവങ്ങള്‍ മൂന്ന് സമാഹാരങ്ങളിലെ നൂറിലേറെ കവിതകളായി അദ്ദേഹം നമുക്ക് നല്കിയിരിക്കുന്നു.
1995 ല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായി സര്‍വ്വീസില്‍ പ്രവേശിച്ചത് മുതല്‍ ഉള്ളില്‍ തിളച്ചിറങ്ങുന്ന ലാവാപ്രവാഹത്തിന്റെ ഉരുക്കവും ചൂടും കവിക്ക് തടുക്കാനാവുന്നില്ല. ആ പ്രവാഹത്തില്‍ പ്രണയമുണ്ട്, ഹരിതദര്‍ശനമുണ്ട്. സ്ത്രീവാദവും, ദളിത്‌വാദവും, മരണാവബോധവും ജീവിതാസക്തിയുമുണ്ട്. 2015 ല്‍ പ്രസിദ്ധീകരിച്ച ‘സഖീ ഞാന്‍ മടങ്ങട്ടെ’ എന്ന ആദ്യസമാഹാരം മുതല്‍ ഉള്ളുരുക്കത്തിന്റെ ആ തീക്ഷ്ണത നാം കാണുന്നുണ്ട്. ജിവിതത്തിന്റെ സമസ്തഭാവങ്ങളിലേക്കും കവി ഹൃദയം കടന്ന് ചെല്ലുന്നുണ്ടെങ്കിലും പ്രണയത്തില്‍ തന്നെയാണ് ആത്യന്തികമായി ആ ഭാവന ചെന്നത്തുന്നത്. സ്ത്രീപുരുഷപ്രണയത്തിന്റെ സൂക്ഷ്മതലങ്ങളെ സുന്ദരമായി ആവിഷ്‌കരിക്കുന്ന കവിതകളും പ്രണയത്തെ ദാര്‍ശനിക തലങ്ങളിലേക്ക് ഉയര്‍ത്തുന്ന കവിതകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ‘സഖീ ഞാന്‍ മടങ്ങട്ടെ’ എന്ന, സമാഹാരത്തില്‍ നിന്ന് ‘നാവ് ദഹനത്തി‘ലൂടെ ‘ഇവിടെയൊരാളുണ്ട്’ എന്ന സമാഹരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അദ്ദേഹം കൈവരിക്കുന്ന ഭാവുകത്വപരമായ പക്വത ഒരു കവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച തന്നെയാണ്.
ആ കവിതകളില്‍ അനുഭവങ്ങളുടെ തീക്ഷ്ണതയുണ്ട്, അനീതികള്‍ക്കെതിരെ എഴുത്തിലൂടെ പൊട്ടിപ്പടരുന്ന അസഹിഷ്ണുതയുണ്ട്. സ്വയം അനുഭവിച്ചറിയുന്നതോ കേട്ടറിയുന്നതോ ആയ പച്ചയായ ജീവിതങ്ങളുടെ തീവ്രതയുണ്ട്. കണ്ണു പൊട്ടിയ കാമത്തിന്റെ കൂര്‍ത്ത കോമ്പല്ലുകളില്‍ പെട്ട് കുഞ്ഞുടലുകള്‍ കീറിമുറിയുന്നത് കാണുമ്പോള്‍ ‘പിറക്കാതിരിക്കുക മകളേ നീയീ കെട്ടകാലം കഴിയും വരേക്കും’ എന്ന് കവി വിലപിക്കുന്നത് അതുകൊണ്ടാണ്.


ബാഹ്യമായ തിരക്കുകളിലും മറ്റുത്തരവാദിത്വങ്ങളിലും മുഴുകുമ്പോള്‍ തന്റെ കാവ്യാത്മക പ്രതികരണങ്ങളുടെ ഉറവ വറ്റിപ്പോയോ എന്ന് ഇടയ്ക്കിടെ സംശയം തോന്നുമെങ്കിലും, വിത്തില്‍ നിന്ന് മുള പോലെ ഉചിതമായ സമയത്ത് അവ വെളിച്ചം തേടി പുറത്തുവരുന്നത് തന്നെ അത്ഭുതപ്പെടുത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു.
എല്ലാവരും ഉപയോഗിക്കുന്നത് ഒരേ ഭാഷ തന്നെയാണ്. സംസാരഭാഷയിലെ പദങ്ങളെ പ്രത്യേകക്രമത്തില്‍ കോര്‍ത്തിണക്കി കവിതയെഴുതുമ്പോള്‍ നമുക്ക് കിട്ടുന്നത് നിശ്ചിതമായ ഒരര്‍ത്ഥത്തിനപ്പുറമുള്ള ഭാവതലവും ഭിന്നങ്ങളായ അര്‍ത്ഥഛായകളും അവ നല്കുന്ന അനുഭൂതി വിശേഷങ്ങളുമാണ് എന്ന് പറയുന്ന കവി, വ്യംഗ്യാര്‍ത്ഥചമത്ക്കാരമാണ് കവിതയുടെ ജീവന്‍ എന്നും അഭിപ്രായപ്പെടുന്നു. വൃത്തത്തില്‍ കവിത എഴുതി പാരമ്പര്യത്തിലേക്ക് തിരിച്ചു പോകാനും ശ്രമിക്കുന്നുണ്ട്. മുറുക്കമുള്ള ഭാഷയും ഒതുക്കിപ്പറയലും കവിതയ്ക്കുണ്ടാക്കുന്ന സൗന്ദര്യത്തെക്കുറിച്ച് അറിയുന്ന ഈ കവി, ആ ഗുണങ്ങള്‍ കൊണ്ട് തന്നെ വിജയലക്ഷ്മിയുടെ കവിതകളോട് തനിക്കുള്ള ഇഷ്ടം മറച്ചു വയ്ക്കുന്നില്ല. ‘എന്റെ പ്രണയമേ മനസ്സുകൊണ്ട് ചുറ്റിപ്പിടിച്ച് കണ്ണുകളുടെ മിന്നലില്‍ ഒരിക്കലെങ്കിലും നിന്നെ ചുംബിക്കണമെന്നുണ്ട്’ എന്ന് പറയുന്ന അതേ മനസ്സോടെ അദ്ദേഹം ഇരുട്ട,് മരണം, നിഴല്‍ എന്നീ നിരന്തരം ആവര്‍ത്തിക്കുന്ന ചിഹ്നങ്ങളിലൂടെ തന്റെ ഉള്ളിലെ മരണാവബോധത്തെയും വെളിവാക്കുന്നു.
തന്റെ ജീവിതപരിസരങ്ങള്‍, ചുനക്കര എന്ന ഗ്രാമം, ഇപ്പോള്‍ താമസിക്കുന്ന വിശ്വഭാരതി എന്ന വീടിന്റെ കാവും കുളവും ചേര്‍ന്ന ജൈവാന്തരീക്ഷം, നിത്യവും ഇടപഴകുന്ന സാധാരണക്കാരായ ജനങ്ങള്‍, ഔദ്യോഗികവും , വ്യക്തിപരവുമായ അനുഭവങ്ങള്‍ നല്‍കുന്ന സംഘര്‍ഷങ്ങള്‍ ഇവയൊക്കെ തന്നെയായിരുന്നു തന്റെ സര്‍ഗാത്മകതയുടെ അസംസ്‌കൃത വസ്തുക്കള്‍ എന്ന് കവി തിരിച്ചറിയുന്നു.
മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജിലെ ബിരുദ പഠനകാലത്തും പന്തളം എന്‍എസ്എസ് കോളേജിലെ എംഎ ഇക്കണോമിക്‌സ് പഠനകാലത്തും എഴുത്ത് ഭ്രമമായിരുന്നു. എഴുതിയതിനൊക്കെ കവിതയെന്ന് പേരിടാമോ എന്ന് സംശയിച്ച് മടിച്ച് നിന്നിടത്തു നിന്ന് മൂന്ന് സമാഹരങ്ങള്‍ പ്രസിദ്ധീകരിക്കാവുന്ന ആത്മവിശ്വാസത്തിലേക്ക് കവി വളര്‍ന്നിരിക്കുന്നു. ഗണിതശാസ്ത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനിലും നിയമത്തിലും , ബിരുദവും, ബിരുദാനന്തരബിരുദവും ഒക്കെ നേടിയ അദ്ദേഹം മാനേജ്‌മെന്റില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമാണിപ്പോള്‍. ഏറ്റവും അടുത്ത സമയത്ത്, അമ്പത് അദ്ധ്യായങ്ങളും മുന്നൂറ്റി രണ്ട് പുറവുമുള്ള ഒരു പുസ്തകം ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തികൊണ്ട് ആ മേഖലയിലും തന്റെ മികവ് തെളിയിച്ചു.

കവിതയാണ് തന്റെ മേഖലയെന്ന ബോദ്ധ്യത്തിനിടയിലും നോവല്‍ എന്ന വിശാലമായ ക്യാന്‍വാസിലേക്ക് കൂടി മനസ്സ് തിരിക്കാന്‍ ഒരു ശ്രമം അദ്ദേഹം നടത്തുന്നു. മനസ്സിന്റെ പണിപ്പുരയിലുള്ള നോവല്‍ എത്രയും വേഗം എഴുതിത്തുടങ്ങാനാവുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലെ കവിതാകൂട്ടായ്മകളിലും കാവ്യചര്‍ച്ചകളിലും പങ്കെടുത്തും, ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചും, ആകാശവാണി സാഹിത്യരംഗത്തില്‍ ഇടയ്ക്കിടെ കവിതകള്‍ അവതരിപ്പിച്ചും മുന്നോട്ട് പോകുമ്പോള്‍ ഒരു കവിയെന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതിന്റെ സന്തോഷം ഈ നിയമപാലകന്‍ പങ്ക് വയ്ക്കുന്നു. കങഏ യില്‍ ഉള്‍പ്പടെ ട്രെയിനിംഗ് ക്ലാസ്സുകളും, വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധവും ശുഭചിന്തയും പകര്‍ന്നു നല്കുന്ന ക്ലാസ്സുകളും കൈകാര്യം ചെയ്ത് ഭാഷയിലുള്ള തന്റെ കൈയടക്കം അദ്ദേഹം ഒന്നുകൂടി ഉറപ്പിക്കുന്നു.
വിഹ്വലതകളിലൂടെ നടത്തിയ വിസ്മയ സഞ്ചാരങ്ങളുടെ കവിതകള്‍ സമാഹരിച്ച, ‘സഖീ ഞാന്‍ മടങ്ങട്ടെ’, ശമനതാളത്തില്‍ അടങ്ങിപ്പോയ നാവുകളെപ്പറ്റി വേവലാതിപ്പെടുന്ന ‘നാവുദഹനം’, ചിരിയും കരച്ചിലും ഇടകലര്‍ന്ന അനുഭവങ്ങളിലൂടെ ജീവിതത്തിന്റെ ഉത്സവവും പ്രതിരോധവും ആഘോഷിക്കുന്ന ‘ഇവിടെയൊരാളുണ്ട്’ എന്നീ സമാഹാരങ്ങളിലാണ് അദ്ദേഹത്തിന്റെ കവിതകള്‍. യാത്രയും സംഗീതവും പുസ്തകങ്ങളും പിന്നെ മഴയും ചേര്‍ന്നുള്ളൊരു കാല്പനിക ലോകത്തില്‍ അഭിരമിക്കുന്ന കവിയുടെ ഭാവുകത്വം അടിമുടി കാല്പനികം തന്നെ. സ്വീകരിക്കുന്ന വിഷയത്തിന്റെ തീഷ്ണതയ്ക്കനുസരിച്ച് ഭാഷയും കല്പനകളും ബിംബങ്ങളും പരിവര്‍ത്തിക്കുമ്പോഴും അടിസ്ഥാനപരമായി ദേവമനോഹറിന്റെ ഭാവുകത്വം കാല്പനികതയുടെ വിശിഷ്യാ പ്രണയാവിഷ്ടതയുടേതാണ്.
കവിത പൂത്തുലഞ്ഞ മനസ്സുമായി ഈ ജീവിതത്തിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കുമ്പോഴും ഇങ്ങനെ ഉണര്‍ന്നിരിക്കുന്നത് കൊണ്ടാണ് ഗതികെട്ട ഈ ലോകത്തിന്റെ ദൈന്യം കവിഹൃദയത്തെ നീറ്റുന്നത്. ആ നീറ്റലാണ് കാഴ്ചകള്‍ കണ്ട് കരള് വിങ്ങി പഴുത്ത ഒരാള്‍ ഇവിടുണ്ട് എന്ന് പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അതെ അദ്ദേഹം തിരയുകയാണ്.…. ‘ഇവിടെ ഒരാളുണ്ടയാള്‍ക്ക് എവിടെയൊരാളുണ്ട് ’ എന്ന്.
ആലപ്പുഴ ജില്ലയിലെ ചുനക്കരയില്‍ ജനിച്ച് വളര്‍ന്ന ദേവമനോഹര്‍ ഇപ്പോള്‍ മാവേലിക്കര തട്ടാരമ്പലത്തിലുള്ള ‘വിശ്വഭാരതി‘യില്‍ താമസിക്കുന്നു. മാവേലിക്കരയില്‍ എസ്ബിഐ ലൈഫ് ഉദ്യോഗസ്ഥയായ സിമിയാണ് ഭാര്യ. ദേവമനോഹറിന്റെ ‘സഖീ ഞാന്‍ മടങ്ങട്ടെ’ എന്ന ആദ്യസമാഹാരത്തിലെ കവിതകളുടെ ഓഡിയോ സിഡി പുറത്തിറക്കിയത് ഗായിക കൂടിയായ സിമിയുടെ ഉത്സാഹത്തില്‍ ആണ്. ഒരു കവിതയും സൂക്ഷിച്ചു വയ്ക്കാത്ത കവിയുടെ, എഴുതിയ കവിതകളത്രയും സൂക്ഷിച്ചു വയ്ക്കുന്നതും ഭാര്യ തന്നെ. ഗൗതം കൃഷ്ണ, സൂര്യ കൃഷ്ണ ദേവനാരായണന്‍, ദേവനന്ദന്‍ എന്നിവരാണ് മക്കള്‍.