ഹൃദയവാഹിനീ ഒഴുകുന്നു നീ.… . .

Web Desk
Posted on April 08, 2018, 1:24 am

ബിന്ദു ഡി

പ്രണയത്തിനെന്തൊരു പ്രണയമെന്ന് മലയാളികളെ ഹൃദയത്തില്‍ തൊട്ട് പറയിച്ച കവിയാണ് ശ്രീകുമാരന്‍ തമ്പി. മലയാള സിനിമാസ്വാദകരുടെ നാവില്‍ ജീവിതാനന്ദങ്ങളുടെയും പ്രണയചിന്തകളുടെയും തേന്‍മധുരമായി തുള്ളിക്കളിക്കുന്ന പാട്ടുകളുമായി, 1966‑ല്‍ ‘കാട്ടുമല്ലിക’ എന്ന ചിത്രത്തിലെ ’ താമരത്തോണിയില്‍ താലോലമാടി താനേ തുഴഞ്ഞ്‌വരും പെണ്ണേ’ എന്നു പറഞ്ഞുകൊണ്ട്, നമ്മുടെ സൗന്ദര്യബോധത്തിലേക്കാണ് അദ്ദേഹം കടന്നിരുന്നത്.
ലാഭനഷ്ടങ്ങള്‍ പരിഗണിക്കാതെ 25 ചിത്രങ്ങള്‍ നിര്‍മ്മിച്ചും 85 ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചും 29 ചിത്രങ്ങളിലൂടെ തന്റെ സംവിധാനമികവു തെളിയിച്ചും, എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ബഹുമുഖ പ്രതിഭ വെളിവാകുമ്പോഴും അടിമുടി ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി. സ്വര്‍ഗത്തില്‍ നരകവും നരകത്തില്‍ സ്വര്‍ഗവുമുണ്ടെന്ന് തന്നെ പഠിപ്പിച്ച പ്രണയത്തിന് തെന്നയാണ് അദ്ദേഹം തന്റെ ഗാനങ്ങള്‍ സമര്‍പ്പിക്കുന്നത്.
സ്ഥലകാലങ്ങള്‍ക്കതീതമായ, വ്യക്തിനിരപേക്ഷമായ കാല്പനിക പ്രണയഭാവന ചങ്ങമ്പുഴയ്ക്ക് ശേഷം കവിതയെക്കാള്‍ സിനിമാഗാനങ്ങളിലാണ് പൂത്തുലഞ്ഞത്. ആ ഭാവന എന്തിനെയും കാല്പനികമാക്കുന്നതായിരുന്നു.
ഒരു കവിയുടെ സര്‍ഗപരമായ സ്വാതന്ത്ര്യം ഒരിക്കലും തൃപ്തിപ്പെടുന്ന മേഖലയല്ല ചലച്ചിത്ര ഗാനരചനയുടേത്. നിശ്ചിതമായ ഒരു സന്ദര്‍ഭത്തിന്റെ പരിധിയില്‍ നിന്നു കൊണ്ട് അതിന് അനുസൃതമായ ഒരന്തരീക്ഷത്തെ ദൃശ്യവത്ക്കരിക്കുക എന്നതാണ് ഒരു ചലച്ചിത്രഗാനരചയിതാവ് നേരിടുന്ന വെല്ലുവിളി. ഓരോ പാട്ടിലും ‘കാവ്യഭാവനാമഞ്ജരികളും കല്പനതന്‍ മധുമഞ്ജുഷകളും’ തീര്‍ത്ത് എത്ര ഭംഗിയായി ആ വെല്ലുവിളിയെ അദ്ദേഹം നേരിട്ടു!
നമ്മുടെ പ്രണയവും വിരഹവും ചിരിയും കരച്ചിലും ഭക്തിയും ദാര്‍ശനികതയും ഒക്കെ ഈ കവിയോടു കടപ്പെട്ടിരിക്കുന്നു. നമ്മളോര്‍ക്കാതെ നമ്മുടെ സ്വപ്നങ്ങളെ വര്‍ണാഭമാക്കുന്നു, ഈ കവി. ബാബുരാജിന്റെയും ദേവരാജന്റെയും എ ടി ഉമ്മറിന്റെയും, കണ്ണൂര്‍ രാജന്റെയും എം കെ അര്‍ജുനന്റെയും, ദക്ഷിണാമൂര്‍ത്തിയുടെയും ഒക്കെ ദൈവികകരങ്ങള്‍ക്കും, യേശുദാസിന്റെയും ജയചന്ദ്രന്റെയും ജാനകിയുടെയും സുശീലയുടെയും ബ്രഹ്മാനന്ദന്റെയും ഒക്കെ ദൈവികനാദങ്ങള്‍ക്കും ആസ്വാദക ഹൃദയത്തിലിടം കിട്ടിയത് അദ്ദേഹത്തിന്റെയും കൂടി കാവ്യാത്മകമായ വാങ്മയലാവണ്യത്തിലൂടെയാണ്.
‘ഹൃദയേശ്വരിയുടെ നെടുവീര്‍പ്പില്‍ മധുരസംഗീതം കേള്‍ക്കുന്നതും’, ‘എന്നുമെന്നും ഒന്നുചേരാന്‍ കാത്തിരിക്കുന്ന പ്രാണസഖി ആകാശത്താമര പോല്‍ മടിയില്‍ വന്നു വീഴുന്നത്’ കണ്ട് ആഹ്‌ളാദിക്കുന്നതും നമ്മുടെയുള്ളിലുള്ള കാമുകന്‍ തന്നെയാണ്.
‘പൊന്‍വെയില്‍ മണിക്കച്ച’ എന്നും ‘അനുരാഗനക്ഷത്രക്കണ്ണ്’ എന്നുമുള്ള പദപ്രയോഗങ്ങള്‍ നമ്മുടെയുള്ളില്‍ സൃഷ്ടിക്കുന്ന ഭാവപ്പകര്‍ച്ചകള്‍ എന്തൊക്കെയാണ്?!
‘നീയെന്ന മോഹനരാഗമില്ലെങ്കില്‍ ഞാന്‍
നിശ്ശബ്ദവീണയായേനെ’,

‘കരളാലവളെന്‍ കണ്ണീരുകോരി
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതീ’

നിയരികിലില്ലയെങ്കിലെന്ത് നിന്റെ
നിശ്വാസങ്ങള്‍
രാഗമാലയാക്കിവരും കാറ്റെന്നെ തഴുകുമല്ലോ’.

എന്നൊക്കെ കവി പാടുമ്പോള്‍, കണ്ണീരണിഞ്ഞ പ്രണയത്തിന് ഇത്രയും നൊമ്പരപ്പെടുത്താന്‍ പറ്റുമെന്ന് ഇതിലേറെ ഭംഗിയായി ആര്‍ക്ക് പറയാന്‍കഴിയും എന്ന് നമ്മള്‍ ആശ്ചര്യപ്പെടുന്നു.
‘ഒരുമലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും
ഒരു ചിരി കൊണ്ട് നമ്മള്‍ ഒരു കാര്‍ത്തിക തീര്‍ക്കും’
എന്നു പാടുമ്പോള്‍ പ്രണയത്തെ ഇതിനെക്കാള്‍ ഭംഗിയായി ആര്‍ക്കു നിര്‍വചിക്കാനാകും എന്ന് നമ്മള്‍ ചിന്തിക്കും.

സുഖമൊരു ബിന്ദു
ദുഃഖമൊരു ബിന്ദു
ബിന്ദുവില്‍ നിന്നും
ബിന്ദുവിലേക്കൊരു
പെന്റുലമാടുന്നു’.

ഇതാണു ജീവിതം എന്ന് ഈ കവി പറയുമ്പോള്‍ തത്ത്വചിന്തയ്ക്ക് ഇത്ര ഗാംഭീര്യമുണ്ടോ എന്ന് നമുക്ക് തോന്നും. ജീവിതരതിയുടെയും പ്രണയോന്മാദത്തിന്റെയും ആകാശപുഷ്പങ്ങള്‍ തേടിപ്പോകുന്ന കവി ഒടുവില്‍ ചെന്നെത്തുന്ന സത്യത്തിന്റെ, പ്രകാശമുള്ള വരികളാണ് ‘സുഖമെവിടെ ദുഃഖമെവിടെ’ എന്ന പാട്ടിലുള്ളത്. ‘സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം’ എന്നദ്ദേഹം പരിതപിക്കുന്നതും ആ സത്യത്തെ തിരിച്ചറിഞ്ഞതു കൊണ്ടാണ്.

‘പിരിയും മുന്‍പേ നിന്‍ പുഞ്ചിരിയുടെ
മധുരം പകരൂ ഒരിക്കല്‍ കൂടി’

എന്ന വരികളിലൂടെ പ്രണയത്തിന് കണ്ണീരിന്റെ കൂടി രുചിയുണ്ടെന്ന് നാമറിയുന്നു.
‘ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു’ എന്ന ഗാനം രാത്രിയുടെ നിശ്ശബ്ദതയില്‍ പതിഞ്ഞ ശബ്ദത്തില്‍ ഒന്നു കേട്ടു നോക്കൂ. കേള്‍ക്കുമ്പോള്‍ ഹൃദയസരസ്സില്‍ വിടരുന്ന പ്രണയപുഷ്പങ്ങള്‍ എത്രയെന്ന് കേട്ടുനോക്കിയവര്‍ക്കേ അറിയൂ. അത്രയ്ക്ക് സംഗീതാധിഷ്ഠിതമാണ് ശ്രീകുമാരന്‍ തമ്പിയുടെ പദവിന്യാസം. പരിചിതപദങ്ങളാണ് ആ വരികളിലുണ്ടാവുക. എന്നാല്‍ ആ സാധാരണത്വത്തിനപ്പുറം അസാധാരണത്വത്തിന്റെ മറ്റൊരു തലം കണ്ടെത്താനാവുമ്പോഴാണ് കാവ്യസൗന്ദര്യത്തിന്റെ കതിരൊളി ആ വരികളില്‍ തെളിയുന്നത്. അതൊരു രചനാകൗശലമാണ്. അതിലേക്ക് ദേവരാജന്റെ ഗന്ധര്‍വ സംഗീതം കൂടി ചേരുമ്പോള്‍ പ്രണയപരവശരാകാതെ നമ്മള്‍ മറ്റെന്തു ചെയ്യാന്‍.
ഇവിടെ കവിക്കും ആസ്വാദകനുമിടയില്‍ ഗാനത്തിന് ഒരു മദ്ധ്യവര്‍ത്തിയുടെ ആവശ്യമില്ല. മഴപോലെ നിലാവു പോലെ അവ നമ്മുടെ മേലെ പെയ്തിറങ്ങുകയാണ്.
ഇരുനൂറിലധികം സിനിമകളിലായി എഴുനൂറിലേറെ ഗാനങ്ങളൊരുക്കിയ അര്‍ജുനന്‍മാഷ് മുന്നൂറോളം പാട്ടുകളും ഒരുക്കിയത് തമ്പിയുടെ വരികളിലായിരുന്നു. ഏറ്റവുമവസാനം ‘ഭയാനക’ത്തിലെ ഗാനങ്ങള്‍ക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയതും ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് സംഗീതം നല്കിയപ്പോഴാണ്. കാര്യങ്ങള്‍ പറയേണ്ടിടത്ത് ഉറച്ചശബ്ദത്തില്‍ പറയുന്ന ശ്രീകുമാരന്‍ തമ്പിക്കും, പതിഞ്ഞ താളത്തില്‍ ഇടപെടുന്ന അര്‍ജുനന്‍മാഷിനും അര്‍ഹിക്കുന്ന അംഗീകാരം വൈകിയാണെങ്കിലും അടുത്ത സമയത്ത് തന്നെ കിട്ടിയത് യാദൃച്ഛികം!
പ്രണയവും തത്ത്വചിന്തയും ചേര്‍ന്നു സൃഷ്ടിച്ച ഗാനലോകത്തില്‍ കഥാപാത്രങ്ങളുടെ പ്രണയത്തിലൂടെ പൊതുപ്രണയങ്ങളെ, ദര്‍ശനങ്ങളെ അദ്ദേഹം ആവിഷ്‌കരിച്ചു.
‘പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു’ എന്ന ഗാനത്തില്‍
‘കണ്ണന്റെ മാറിലെ വനമാലയാകുവാന്‍’ എന്ന് പറഞ്ഞ് കാമുകനെ കണ്ണനാക്കി ആ പ്രണയത്തെ അദ്ദേഹം പൊതുപ്രണയമാക്കുന്നു.

‘ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
ഞാനൊരാവണിത്തെന്നലായ് മാറി
ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി’ എന്നു പറയുമ്പോഴും
‘ആര്‍ദ്രമാകും രതിസ്വരം നല്കും ആദ്യരോമാഞ്ചകുഡ്മളം’

എന്ന്, ‘എന്തിനെന്നെ വിളിച്ചു നീ വീണ്ടും’ എന്ന പാട്ടില്‍ എഴുതുമ്പോഴും, രതിയുടെ നിഗൂഢസൗന്ദര്യം തുറന്ന് അവതരിപ്പിക്കുന്ന കവി പക്ഷേ ‘കുളപ്പുര കല്ലില്‍ വച്ചോ ഊട്ടുപുരയ്ക്കുള്ളില്‍ വച്ചോ അരമണി നാണം മറന്നു’
എന്ന് എഴുതുമ്പോള്‍, ആ സൗന്ദര്യത്തെ ധ്വനിമര്യാദയില്‍ നിര്‍ത്തുന്നു.
‘ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ’ എന്ന് ശ്രീകുമാരന്‍ തമ്പി എഴുതുന്നത് ലോകാരംഭം മുതലുള്ള മുഴുവന്‍ കാമുകന്‍മാര്‍ക്കും വേണ്ടിയാണ്. പ്രണയം അലൗകിക നിര്‍വൃതിയാകുന്നു ഈ ഗാനത്തില്‍.

‘വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍’,

‘എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൗര്‍ണ്ണമി വിടര്‍ന്നേനെ’
എന്നീ ഗാനങ്ങളിലൊക്കെ യാഥാര്‍ത്ഥ്യത്തെ അദ്ദേഹം കാല്പനികമാക്കി. പ്രണയത്തെ യാഥാര്‍ത്ഥ്യത്തിന്നപ്പുറമുള്ള തലത്തിലേക്കെത്തിച്ചു. പ്രണയത്തോട് ഇത്ര പ്രണയമുളള അധികം കവികള്‍ മലയാളത്തിലില്ല എന്നതാണ് സത്യം. കേള്‍ക്കാനെടുക്കുന്ന രണ്ടു മിനിറ്റ്‌പോലും ആയുസ്സില്ലാത്ത ഗാനങ്ങളെ, ഗാനങ്ങളായി കരുതേണ്ടിവരുന്ന പുതു തലമുറ ശ്രീകുമാരന്‍ തമ്പിയിലേക്ക് തിരിച്ചുപോകട്ടെ എന്ന് ആഗ്രഹിക്കാം.