25 April 2024, Thursday

കാതങ്ങള്‍ക്കപ്പുറം.…

നയന രാധാകൃഷ്ണന്‍
February 2, 2022 8:59 pm

ട്രെയ്ന്‍ യാത്രയിലെ കാഴ്ച്ചയില്‍ മനോഹരമായ പുഴകളും മലകളും മരങ്ങളും വയലുകളുമെല്ലാം ഉണ്ടായിരുന്നു. ഉച്ചയായപ്പോഴും എന്റെ യാത്രയുടെ പകുതി ദൂരം പോലും ആയിരുന്നില്ല. വലിയൊരു സ്റ്റേഷനിലെത്തി, തിരക്ക് കുറവാണ്. ഭക്ഷണപ്പൊതികളുമായി വില്‍ക്കാന്‍ നടക്കുന്ന ഒരാളില്‍ നിന്ന് ഒരു ബിരിയാണി വാങ്ങിച്ചു, വിശപ്പുകൊണ്ടോ എന്തോ നല്ല സ്വാദ് തോന്നി. ഫില്‍റ്റര്‍ ചെയ്ത കുപ്പിവെള്ളവും ഒരെണ്ണം വാങ്ങിച്ചു. ആ സ്റ്റേഷനില്‍ എന്റെ കൂടെ ഇരുന്നിരുന്ന ചേച്ചി ഇറങ്ങിപ്പോയി. 20 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ അടുത്തിരിക്കുന്നത്. അവളെന്റെ പേരൊക്കെ ചോദിച്ചു പരിചയപ്പെട്ടു. പരീക്ഷ കഴിഞ്ഞ് വരികയാണ്, രേവതി എന്നാണ് പേര് പറഞ്ഞത്. എന്തോ അവളുടെ സംസാരവും പെരുമാറ്റവുമെല്ലാം അതിഥിയെ കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് നയിച്ചു, അതുകൊണ്ടാവാം അവളിറങ്ങിപ്പോയ സ്റ്റേഷന്‍ വരെ ഒരുപാട് സംസാരിച്ചു. എഞ്ചിനീയറിംഗ് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി കൂടെ നോക്കുന്ന ഒരു കാന്താരി പെണ്‍കുട്ടി. സംസാരത്തിനിടയില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത എന്നോട് അവളുടെ കോഴ്‌സിനെകുറിച്ചും കോളജിനെക്കുറിച്ചും അവിടെനിന്നു തളിരിട്ടൊരു പ്രണയത്തെകുറിച്ചുമെല്ലാം അവള്‍ വാ തോരാതെ സംസാരിച്ചു.

അവളിലൊരിക്കലുമൊരെന്നെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. കേട്ട കഥകളില്‍ നിന്ന് ഞാന്‍ ഒരിക്കല്‍ ജീവിച്ച എന്റെ ലോകവും അവളുടെ ഇന്നത്തെ ലോകവും ഒരുപാട് വ്യത്യസ്തമാണ്. എന്റെ ജോലിയെക്കുറിച്ചും ഡല്‍ഹിയെക്കുറിച്ചുമെല്ലാം അവളും ചോദിക്കുന്നുണ്ടായിരുന്നു. പറയത്തക്ക വിശേഷങ്ങളോ കാഴ്ചകളോ അവള്‍ക്കു മുന്നില്‍ വിശദീകരിക്കാന്‍ എന്റെ കൈയ്യിലില്ലായിരുന്നു. ആദ്യമായി ആ നാട്ടിലെത്തിയ സമയത്ത് നേരെ പോയി ഒരു ഹോട്ടല്‍ റൂം എടുത്ത് കുളിച്ച് ഫ്രഷ് ആയി ജോലിക്ക് ജോയിന്‍ ചെയ്തു. അടുത്ത ഞായറാഴ്ച തന്നെ ഹോസ്റ്റലിലേക്ക് താമസം മാറി. ബോഗണ്‍വില്ല നിറയെ പൂത്തു നിന്നിരുന്ന ആ ഹോസ്റ്റലിന് ഒരു പ്രത്യേക സൗന്ദര്യമുണ്ടായിരുന്നു. ഇളം ചുവപ്പിലും വെള്ള നിറത്തിലും പിന്നെ റോസ് നിറത്തിലുമെല്ലാം ഇല കാണാതെ പൂത്തു നിന്നിരുന്ന കടലാസുപൂക്കള്‍ പണ്ടെങ്ങോ കൈ കുത്തി നോവിച്ച മുള്ളുകളോടുണ്ടായിരുന്ന അലോസരം മാറ്റിയെടുത്തു. അതിരാവിലെ തന്നെ കെട്ടും ഭാണ്ഡവുമെടുത്ത് വാസസ്ഥലം തേടി പോയതുകൊണ്ടാവാം നിലത്തു പരവതാനി വിരിച്ച കടലാസുപൂക്കള്‍ എനിക്ക് വഴിയേകുകയും ചെയ്തത്. ഹോസ്റ്റലില്‍ പത്താം നമ്പര്‍ റൂം ആണ് എനിക്കന്ന് കിട്ടിയത്. വൃത്തിയാക്കിയിട്ട മുറിയില്‍ എന്റെ സാധനങ്ങള്‍ എല്ലാം ഒതുക്കിവെച്ചു. പറയത്തക്കതായൊന്നുമില്ല, കുറച്ചു വസ്ത്രങ്ങളും പിന്നെ പേപ്പറുകളും മറ്റും. എന്റെ കൈയ്യിലുണ്ടായിരുന്ന കുറച്ച് പൈസയൊഴിച്ചാല്‍ സമ്പാദ്യമായി ഉണ്ടായിരുന്നത് ഒരു ബാഗ് നിറഞ്ഞിരിക്കുന്ന പുസ്തകങ്ങളാണ്. ആ ബാഗില്‍ കൊള്ളാത്തത്രയും നാട്ടിലെ വായനശാലയിലേക്കു കൊടുത്താണ് പോന്നത്. എത്രമാത്രം പുസ്തകങ്ങളാണൊരാള്‍ക്ക് ഞാന്‍ കടം കൊടുത്തത്! വായിച്ചു തീര്‍ന്നിട്ടും തിരികെ തരാതെ ഇഷ്ടത്തിന്റെ മറ പറ്റി അയാളത് ഇന്നും വായിക്കുന്നുണ്ടാവുമോ? ഓരോന്നോര്‍ത്തു സമയം പോയതറിഞ്ഞില്ല.

മുറിയിലെ ജാലകം തുറന്നപ്പോള്‍ വല്ലാത്തൊരുന്മേഷം തോന്നി, അത് തുറക്കുന്നത് വരുമ്പോള്‍ താഴെ കണ്ട കടലാസുപൂക്കളുടെ പ്രൗഢിയിലേക്കാണ്. പിന്നെ നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന കെട്ടിടങ്ങളും അങ്ങനെ എല്ലാം അടുക്കിപ്പെറുക്കി വെച്ച് റൂം പൂട്ടി പുറത്തിറങ്ങി. റൂമില്‍ ഒരു കട്ടിലും ചെറിയൊയൊരു മേശയും ഉണ്ട്. പുറത്തിറങ്ങി ഒരു ക്യാബ് വിളിച്ച് ചെറിയൊരു ബെഡും 2 ബെഡ്ഷീറ്റും 2 പുതപ്പുകളും അങ്ങനെ ആവശ്യമുള്ള കുറച്ച് സാധനങ്ങള്‍ വാങ്ങി തിരിച്ചു വന്നു. സിംഗിള്‍ റൂം കിട്ടാന്‍ വേണ്ടി കുറച്ചു കഷ്ടപ്പെട്ടതുകൊണ്ടാണ് ഇവിടെയെത്തിയത്, വാടക കുറച്ച് കൂടുതലാണെങ്കിലും കാഴ്ച്ചയില്‍ കുഴപ്പമില്ലാത്ത വൃത്തിയുള്ള അന്തരീക്ഷം. റൂമില്‍ അറ്റാച്ച്ഡ് ബാത്രൂം ഉണ്ടായിരുന്നു. അങ്ങനെ ആരോടും മിണ്ടാതെ ഒതുങ്ങികൂടിയിരുന്ന എന്നിലേക്കു അവിടെ നിന്നാണ് അതിഥി വന്നത്. ആദ്യം കണ്ടപ്പോള്‍ ഒന്ന് ചിരിച്ചു. എന്തോ ഒരുപാട് കാലമായി ചിരി മറന്നതുകൊണ്ടോ എന്തോ തിരിച്ചൊന്നു നോക്കി ഓഫീസിലേക്കിറങ്ങി. ജോലി കഴിഞ്ഞ് വരുന്ന വഴി അവള്‍ അവിടെ ഗാര്‍ഡനില്‍ ഇരിക്കുന്നുണ്ടായിരുന്നു. അപ്പോഴും അവളൊന്നു ചിരിച്ചു. മാഞ്ഞുപോയ ചിരി മുഖത്തു വരുത്താനൊന്നു ശ്രമിച്ചു. പിന്നീടെപ്പോഴൊക്കെയോ സംസാരങ്ങളിലൂടെ ഒരു അനിയത്തിക്കുട്ടിയെ കിട്ടിയ സന്തോഷം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അവളുടെ വീട് അധികം ദൂരത്തല്ല. കോളേജിന്റെ അടുത്തുള്ള ഹോസ്റ്റലിലേക്ക് മാറി എന്നെ ഉള്ളൂ. അവള്‍ക്കും അവിടെ സുഹൃത്തുക്കളാരും ഇല്ലായിരുന്നു. ഞങ്ങള്‍ ഒരേ ദിവസമാണത്രെ അവിടെ വന്നത്. അവള്‍ അവിടെ എന്തോ ഫെല്ലോഷിപ്പ് കിട്ടി യൂണിവേഴ്‌സിറ്റില്‍ പഠിക്കുകയായിരുന്നു.

എല്ലാവര്‍ക്കുമെന്ന പോലെ അവള്‍ക്കും യൗവനത്തിന്റെ എല്ലാ മധുരങ്ങളും അറിഞ്ഞൊരു പ്രണയമുണ്ടായിരുന്നു. ധ്യാന്‍ ദേശായ്, അവളുടെ കൂടെ പഠിക്കുന്നൊരാള്‍. അവളിലെ ഒരുപാട് മാറ്റങ്ങള്‍ക്ക് കാരണക്കാരനായൊരാള്‍. വളരെ ടിപ്പിക്കല്‍, ഒരു ഗ്രാമീണ പെണ്‍കുട്ടിയെ ഇത്തരത്തില്‍ മാറ്റിയെടുത്തൊരാള്‍. പഠിത്തത്തിലെല്ലാം മികച്ചു നിന്നതിനാലാവണം അവര്‍ തമ്മില്‍ അടുത്തത്. അവരൊരുമിച്ച് പോയ യാത്രകളെകുറിച്ചെല്ലാം അവള്‍ ഒരുപാട് പറയാറുണ്ട്. അവളുടെ കുടുംബത്തെകുറിച്ചുള്ള അറിവ് കുറവായിരുന്നു. ആയിടക്ക് അവളുടെ കൂടെ ധ്യാന്‍ ഒരിക്കല്‍ എന്നെ പരിചയപെടാനായി വൈകുന്നേരം ഓഫീസിനടുത്തേക്ക് വന്നു. അങ്ങനെ ഒരു ചായയൊക്കെ കുടിച്ച് സംസാരിച്ച് പിരിഞ്ഞു. പിന്നീട് ഒഴിവു ദിവസങ്ങളില്‍ അതിഥി എന്നെയും കൂട്ടി ആ നാട് കാണിക്കാനിറങ്ങുമായിരുന്നു. ചെറിയ ചെറിയ യാത്രകള്‍, ചെറിയ ചെറിയ ഡെസ്റ്റിനേഷന്‍. അങ്ങനെ പറയാന്‍ വേണ്ടി ദൂരെ ഒരിക്കല്‍ പോയത് താജ്മഹല്‍ കാണാനായിരുന്നു. അവള്‍ അവിടെയെത്തിയപ്പോള്‍ മുതല്‍ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ഇടക്ക് ഒരുമിച്ചും കുറച്ച് ഫോട്ടോകള്‍. അങ്ങനെ യാത്രകളെല്ലാം കഴിഞ്ഞ് തിരികെ ഹോസ്റ്റലിലെത്തുമ്പോള്‍ വൈകുന്നേരമായിക്കാണും. ഒരിക്കല്‍ വീട്ടില്‍ പോയി വന്ന അവള്‍ രണ്ട് ദിവസം റൂമിലേക്ക് വരാതെയായപ്പോള്‍ എന്തോ ഒരു

വിങ്ങല്‍. തിരഞ്ഞു ചെന്നപ്പോഴും പഴയ ഉത്സാഹമില്ല. ചോദിച്ചറിഞ്ഞപ്പോഴാണ് അന്ന് വരെ പറയാത്ത വീട്ടുവിശേഷങ്ങളുടെ മാറാപ്പ് അവള്‍ അഴിച്ചു വെച്ചത്. അമ്മയില്ലാതെ വളര്‍ന്ന കുട്ടിക്കാലത്തിന്റെയും രണ്ടാനമ്മയുടെ ദ്രോഹങ്ങളുടെയും കഥകള്‍. അച്ഛന്‍ ഒരു സ്‌കൂള്‍ മാഷാണ്. അച്ഛന്റെ മുന്നില്‍ ഇവര്‍ മാതൃക അമ്മയായും മറിച്ച് ഒറ്റയ്ക്കാവുമ്പോള്‍ വളരെ മോശമായും പെരു

മാറുമെന്നും തന്റെ അമ്മയുടെ പേരിലുള്ള സ്വത്തെല്ലാം വിറ്റ് അവള്‍ക്കുള്ള കല്യാണത്തിനെന്നും പറഞ്ഞ് ആഭരണമാക്കി വെച്ചിരിക്കുകയായിരുന്നുവത്രെ. ഇത്തവണ പോയപ്പോഴാണ് രണ്ടാനമ്മയുടെ ഏട്ടന്റെ മകനുമായി അവളുടെ കല്ല്യാണം ഉറപ്പിച്ചിരിക്കുന്നതറിഞ്ഞത്. അച്ഛന്റെ സ്‌നേഹത്തിനു മുന്നില്‍ അവള്‍ക്ക് മറുത്തു പറയാനൊരു വാക്കുമില്ല. സ്വത്തെല്ലാം അവര്‍ക്കുള്ളതാക്കുന്ന അമ്മയുടെ ബുദ്ധി അറിഞ്ഞ് ഒരു നരകത്തിലേക്ക് പോവാന്‍ അവള്‍ക്ക് താല്പര്യവുമില്ല. അച്ഛനോടുള്ള സ്‌നേഹവും രണ്ടാനമ്മയിലുള്ള സഹോദരിമാരുടെ സ്‌നേഹവുമെല്ലാം കണ്ട് മിണ്ടാതെ പോരുമ്പോഴും, നമുക്ക് വളരെ ചെറുതായി തോന്നാവുന്ന അവളുടെ ജീവിതം അമ്മയില്ലാതെ വളര്‍ന്നു വരുന്ന ഏതൊരു കുട്ടിക്കും സഹിക്കാന്‍ പറ്റാത്തതായിരിക്കും. അങ്ങനെ ഇനി തിരികെ പോണില്ലെന്നും പറഞ്ഞ് അവള്‍ കുറെ കരഞ്ഞു. ധ്യാനിന്റെ കൂടെ ജീവിക്കണം, അടുത്ത് തന്നെ എന്നൊക്കെ പറഞ്ഞാണ് അവള്‍ ഉറങ്ങിയത്. വളരെ നല്ലയാളായി എല്ലാത്തിലും കൂടെ നിന്നിരുന്ന അയാള്‍ പിന്നീട് അവളുമായി അടുപ്പം കുറഞ്ഞു. അകലം വര്‍ധിച്ചത് കുടുംബമില്ലാതെ കെട്ടിക്കൊണ്ടു പോവണമെന്ന് പറഞ്ഞു ചെന്ന അവളെ സ്വീകരിക്കാനുള്ള സമ്മതക്കുറവ് കൊണ്ടാണോ അതോ കാലത്തിന്റെ പ്രണയമെന്നുല്ലസിച്ച സമയത്തു കണ്ടു മടുത്തത് കൊണ്ടാണോ എന്നറിയില്ല.

പ്രണയത്തിലിരുന്ന് അയാള്‍ക്ക് അവളെ എല്ലാ തരത്തിലും കിട്ടിയിരുന്നു. ലിവിങ് റിലേഷനുകള്‍ ഇപ്പോള്‍ സര്‍വസാധാരണമായി നടക്കുന്നുണ്ടല്ലോ. പക്ഷെ അങ്ങനെയിരിക്കെ തന്നെ ഒരാഴ്ചയ്ക്ക് ശേഷമുണ്ടായ ആക്‌സിഡന്റും  അങ്ങനെ ഈ ലോകത്തു നിന്ന് തന്നെ പോയ അതിഥിയും ഒന്നും അങ്ങോട്ട് കൂട്ടി വായിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുറേശ്ശേയെങ്കിലും പിന്നീട് അവളുടെ റൂം പരതിയപ്പോള്‍ കിട്ടിയ ഡയറിയിലൂടെയാണ് അറിഞ്ഞത്. അവനോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹത്തില്‍ നിന്ന് അവളിലൊരു കുഞ്ഞ് വളര്‍ന്നു വരുന്നുണ്ടായിരുന്നു എന്നും അത് ഒഴിവാക്കാതെ അവനവളെ അവന്റെ കുടുംബത്തില്‍ പരിചയപ്പെടുത്താന്‍ പറ്റില്ലെന്നുമൊക്കെയുള്ള വാക്കുതര്‍ക്കങ്ങളെല്ലാം അവളെഴുതിവെച്ച ഡയറിയില്‍ നിന്നാണറിഞ്ഞത്. എന്തോ! ആഗ്രഹിച്ച വാത്സല്യവും സ്‌നേഹവും അറിഞ്ഞ് വളരാത്തതിനാലാവണം അവളൊരിക്കലും ആര്‍ക്കും പിടികിട്ടാത്ത വിധത്തില്‍ ഒരു നാടകം തകര്‍ത്താടി ആത്മഹത്യയെന്നറിയിക്കാതെ ഒരു കാര്‍ ആക്‌സിഡന്റ് ഉണ്ടാക്കിയത്. ചിലപ്പോള്‍ റോഡ് സിഗ്‌നലില്‍ പച്ച കത്തിയത് കണ്ടിട്ടും അവള്‍ കുറുകെ നടന്നതാവാം. അവള്‍ക്കൊന്നുകൂടെ സംസാരിക്കാമായിരുന്നു. എന്നോടെങ്കിലും… ഏതായാലും അവളില്ലായ്മ എന്നെ ഒരുപാട് തളര്‍ത്തിയിരുന്നു, വീണ്ടും ഒറ്റപ്പെട്ടുപോയപോലെ. അന്ന് താജ്മഹല്‍ പോയപ്പോഴെടുത്ത ഫോട്ടോ അവള്‍ മുഖപുസ്തകത്തില്‍ ഇട്ടിരുന്നു. ആദ്യം തന്നെ എന്റെ കൂടെ ഉള്ള ഫോട്ടോ ആയിരുന്നു. ഞാനതറിഞ്ഞത് കുറച്ച് കാലങ്ങള്‍ക്കു ശേഷമാണ്. അവള്‍ക്കൊരുപാട് ഓണ്‍ലൈന്‍ സുഹൃത്തുക്കളുണ്ടായിരുന്നു, എല്ലാ നാട്ടിലും. വിദ്യാഭ്യാസത്തില്‍ ഒന്നാമതായതു കൊണ്ട് തന്നെ നല്ല കൂട്ടുകാര്‍.

തന്റെ നാട്ടിലേക്കങ്ങനെയൊരു എത്തിച്ചേരലുണ്ടാവുമെന്നവള്‍ കരുതിയിരുന്നില്ല, അവള്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ അഡ്രസ് അടക്കം മുഖപുസ്തകത്തില്‍ വിശദീകരിച്ചിരുന്നിരിക്കണം. ഒരിക്കല്‍ ഹോസ്റ്റലില്‍ ഒരു കത്ത് വന്നു. അഥിതിയുടെയും എന്റെയും പേര് പതിച്ചൊരു കത്ത്. വാര്‍ഡന്‍ അതെന്നെ ഏല്‍പിച്ചു. തുറന്നു നോക്കുന്നതിനു മുന്നേ മുന്നിലെ അഡ്രസ് ബാറിലെ കൈയ്യക്ഷരത്തില്‍ നിന്ന് തന്നെ എഴുതിയ ആളെ മനസ്സിലായി. എത്ര കാലമായി കാണും ഈ അക്ഷരങ്ങള്‍ തന്നിലേക്കെത്തിയിട്ട്. താനിവിടെ വന്നിട്ടു തന്നെ ഇപ്പോള്‍ 3 വര്‍ഷം കഴിഞ്ഞിരുന്നു. പൊട്ടിച്ചു നോക്കാതെ തന്നെ എനിക്കാ കത്ത് വായിക്കാമായിരുന്നു. സുഖമാണോ? ഓര്‍മ്മയുണ്ടോ? താനെവിടെയാടോ എത്ര കാലമായിങ്ങനെയിങ്ങനെ എന്നെല്ലാം തുടര്‍ന്ന് പോകുന്ന കുത്തിയൊഴുകുന്ന പുഴയാവും. വായിച്ചില്ല, ഡയറിയില്‍ വെച്ചു. ആരിലേക്കും തിരിച്ചു മടങ്ങേണ്ടെന്നു വെച്ചാണ് മുഖപുസ്തകമടക്കം സമൂഹമാധ്യമങ്ങളെല്ലാം ഒഴിവാക്കിയത്. ഉള്ളിന്റെയുള്ളില്‍ തനിക്ക് യാത്ര പറഞ്ഞു പോന്നതായിരുന്നു. അപ്പോഴേക്കും ഇവിടെയും എത്തിയിരിക്കുന്നു…

ചെലവാക്കാനോ ചോദിച്ചു വാങ്ങാനോ ആരുമില്ലാത്തതിനാല്‍ സമ്പാദ്യം അത്യാവശ്യത്തിനുണ്ടായിരുന്നതിനാല്‍ ഒരു വീട് വാങ്ങാന്‍ തീരുമാനിച്ചു. തിരഞ്ഞു പിടിച്ച് കൈയ്യിലൊതുങ്ങുന്ന പൈസക്കാണ് ഇപ്പോള്‍ താമസിക്കുന്ന ഫ്‌ലാറ്റ് വാങ്ങിയത്. ബാക്കി തവണ തവണയായി അടച്ചു പോകുന്ന ലോണ്‍ കൂടെ എടുത്തു. പെട്ടെന്നൊരു കാറ്റടിച്ച് ഒതുക്കമില്ലാത്ത തലമുടി മുഖത്തേക്ക് വന്നപ്പോഴാണ് നിമിഷ നേരങ്ങള്‍ കൊണ്ട് പോയി വന്ന ഓര്‍മകളുടെ പ്രദര്‍ശനത്തില്‍ നിന്ന് തിരികെ പോന്നത്. വണ്ടി മെല്ലെ നില്‍ക്കാന്‍ തുടങ്ങുകയാണ്. ഒരു വരണ്ട പ്രദേശം, ചുറ്റും മരങ്ങളോ പൂക്കളോ ഒന്നുമില്ലാതെ കുറേകാലം എടുത്തുവെച്ചു ചുവന്ന കടലയെപോലെ ചുക്കിച്ചുളിഞ്ഞൊരു പ്രദേശം. പ്ലാറ്റ്‌ഫോമില്‍ തിരക്ക് നന്നേ കുറവാണെന്നു പറയാം. തന്റെ കംപാര്‍ട്‌മെന്റില്‍ കാഴ്ചയിലാരും തന്നെ ഇറങ്ങിപോയിട്ടുമില്ല. ചെറിയൊരു സ്റ്റേഷന്‍ ആണ്, ചുറ്റും ഒരുപാട് കടകളൊന്നും തന്നെയില്ല. വരണ്ടുണങ്ങിയ ഇന്നാട്ടിലെല്ലാം ജീവിതം എങ്ങനെയായിരിക്കും? ഓരോന്നോര്‍ത്തിരിക്കുന്ന നേരത്ത് റെയില്‍ മുറിച്ചു കടന്ന് ഒരു മുത്തശ്ശിയും പയ്യനും വരുന്നത് കണ്ടു. എണ്ണ കാണാത്ത വരണ്ട സ്വര്‍ണനിറമാര്‍ന്ന മുടി. അവര്‍ ഞങ്ങളുടെ കംപാര്‍ട്‌മെന്റിലേക്ക് കയറി.

ഭാണ്ഡക്കെട്ട് നിലത്തു വെച്ച് നിലത്തു തന്നെ ഉള്ളസ്ഥലത്തൊരു തുണി വിരിച്ച് അവര്‍ അവിടെ ഇരുന്നു. വൈകുന്നേരമായപ്പോഴേക്ക് ചായക്കാരുടെ ബഹളമായി. ഇടക്ക് കംപാര്‍ട്‌മെന്റിലേക്ക് വന്ന കമ്പം കച്ചവടക്കാരനില്‍ നിന്ന് ചുട്ടെടുത്ത ഒരു കമ്പം വാങ്ങി കഴിച്ചു. മുമ്പെങ്ങോ ആദ്യത്തെ ട്രെയിന്‍ യാത്രയില്‍ വളരെ ആകാംക്ഷ തോന്നി വാങ്ങിക്കഴിച്ച കമ്പത്തിന്റെ രുചി ഇന്നും നാവിലുണ്ട്. വൈകുന്നേരത്തിന്റെ ചായയുടെയും കാപ്പിയുടെയും മണം മറഞ്ഞ് നൂലില്‍ കോര്‍ത്തെടുക്കുന്ന മുല്ലപ്പൂക്കളുടെ ഗന്ധം പറക്കാന്‍ തുടങ്ങിയ, പൗര്‍ണമിയടുത്ത നിലാവിലെ വെട്ടത്തിന്റെ കീഴെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ഒരു സംഗീത വിരുന്നൊരുങ്ങിയ പോലെ. ഉച്ചയ്ക്ക് ട്രെയിനില്‍ കേറിയ മുത്തശ്ശി ഏതോ നാട്ടുസൗന്ദര്യങ്ങള്‍ ഒരൊഴുക്കായി വര്‍ണിക്കുന്ന, ഏതു രാഗത്തിലെന്നറിയാത്തൊരു ഗാനമാലപിക്കുന്നു. പണ്ടെങ്ങോ കേട്ടു മറന്ന മുത്തശ്ശിപാട്ടുകളെപോലെ രാഗം കുറിക്കപ്പെടാത്ത ചൊല്‍പ്പാട്ടുകള്‍. ആ രാഗത്തില്‍ നിലാവും നൃത്തം ചെയ്യുന്ന പോലെ. നിര്‍ത്താതെയുള്ള കുതിരക്കുളമ്പടി പോലെ ട്രെയിന്‍ ചലിക്കുമ്പോഴുള്ള ശബ്ദം ആ ഗാനത്തിന് വേണ്ടി വാദ്യോപകരണമാവുന്നപോലെ. ഇടയ്ക്കു കേള്‍ക്കുന്ന വായ്ത്താരിയില്‍ നിന്ന് ആ പയ്യന്റെ സ്വരമധുരം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഇന്നും വരണ്ടുണങ്ങിയിട്ടില്ലാത്ത നാട്ടുപാട്ട്.

ട്രെയിന്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും മൂന്നാമത്തെ സ്റ്റേഷനില്‍ ഇറങ്ങണം. രണ്ട് ദിവസം അവിടെ താമസിക്കാനുദ്ദേശിക്കുന്നുണ്ട്. യാത്രയുടെ തുടക്കത്തില്‍ പ്ലാനിലില്ലാത്തതാണ് പക്ഷെ ഓര്‍മകള്‍ക്ക് മരണമില്ലാത്തിടത്തോളം എന്നെ കുത്തിനോവിക്കുന്നിടത്ത് ഒന്ന് രണ്ടു ദിവസം ചിലവഴിക്കാന്‍ ബാക്കി യാത്രയിലെങ്കിലും ഓര്‍മ്മകള്‍ കൊളുത്തിവലിക്കാതിരിക്കട്ടെ. രണ്ടു ദിവസം കഴിഞ്ഞ് ഇവിടെനിന്നും നേരെ തിരുവന്തപുരത്തേക്ക്. ടിക്കറ്റ് ബുക്കിംഗ് എല്ലാം ഉള്ളതുകൊണ്ട് ഭാഗ്യമായി സ്ലീപ്പര്‍ കോച്ചില്‍ സീറ്റ് കിട്ടി. അവിടെ നിന്നും ഇനി അടുത്ത ട്രെയിന്‍. സുഖമുള്ള ഇരിപ്പുറച്ചിടത്തു നിന്നെണീക്കാന്‍ ഒരു വിമ്മിഷ്ടമുണ്ടോ? ചിലപ്പോള്‍ തോന്നലാവാം. അടുത്തയിടത്തും ജാലകത്തിനടുത്തുള്ള സീറ്റാണ് പ്രതീക്ഷ. മൂന്ന് സ്റ്റേഷനുകള്‍ക്കുള്ളില്‍ ഒരുപാട് ദൂരമുള്ളതുപോലെ തോന്നി. ഇറങ്ങിപ്പോയവരുടെയും കയറി വന്നവരുടെയും എണ്ണമെടുത്താല്‍ ഇത്രയുമാളുകള്‍ ഈ ദിവസത്തിനിടയില്‍ എവിടെക്കാണിങ്ങനെ യാത്ര ചെയ്യുന്നതെന്ന് തോന്നും! യാത്രയ്‌ക്കൊരവസാനമുണ്ടെങ്കിലും ഇനിയിറങ്ങാനുള്ള സ്റ്റേഷനും അവിടത്തെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ കോണിയിറങ്ങി വരുമ്പോഴുള്ള രണ്ടാമത്തെ ഇരിപ്പിടവും ഓര്‍മ്മയില്‍ പെട്ടെന്നെന്തൊക്കെയോ മങ്ങിയ ചിത്രങ്ങള്‍.…

തുടരും…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.