ലോക്ഡൗൺ തൊഴിലാളികളുടെ ഭാവി സുരക്ഷ ഇല്ലാതാക്കി; ഇപിഎഫിൽ നിന്നും പിൻവലിച്ചത് 30,000 കോടി

പ്രത്യേക ലേഖകൻ

 ന്യൂഡൽഹി

Posted on July 31, 2020, 10:09 pm

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ രാജ്യത്തെ ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ഭാവിസുരക്ഷയെ ഇല്ലാതാക്കിയെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 30,000 കോടി രൂപയാണ് തൊഴിലാളികൾ തങ്ങളുടെ ഇപിഎഫ് നിക്ഷേപങ്ങളിൽ നിന്നും പിൻവലിച്ചത്. പത്ത് ലക്ഷം കോടി തൊഴിലാളികളാണ് ഇപിഎഫ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. മഹാമാരിയെ തുടർന്നുള്ള തൊഴിൽ നഷ്ടം, വേതനം വെട്ടിക്കുറച്ച നടപടി, ചികിത്സാ ചെലവുകൾ തുടങ്ങിയ കാര്യങ്ങളാണ് പിഎഫ് അക്കൗണ്ടിൽ നിന്നും വൻതോതിൽ തുക പിൻവലിക്കാനുള്ള കാരണമെന്നും റിപ്പോർട്ട് പറയുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ വരുന്ന ഒരു മാസത്തിടെ ഒരു കോടി തൊഴിലാളികൾ തങ്ങളുടെ പിഎഫ് നിക്ഷേപം പിൻവലിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 80 ലക്ഷം തൊഴിലാളികളാണ് 30,000 കോടി രൂപ പിൻവലിച്ചത്.

2019–20 സാമ്പത്തിക വർഷത്തിൽ വിരമിക്കൽ ആനുകൂല്യ ഇനത്തിൽ 150 ലക്ഷം തൊഴിലാളികൾക്കാണ് 72,000 കോടി രൂപ അനുവദിച്ചത്. തൊഴിലാളികൾക്ക് തങ്ങളുടെ പിഎഫ് വിഹിതത്തിന്റെ 75 ശതമാനമോ മൂന്ന് മാസത്തെ വേതനത്തിന് തുല്യമായ തുകയോ പിൻവലിക്കാൻ കഴിയുമെന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ബാങ്ക് നിക്ഷേപങ്ങളിലും ഗണ്യമായ കുറവാണ് ഉണ്ടായത്. അതിനിടെ ദൈനം ദിന ചെലവുകൾക്കായി പിഎഫ് നിക്ഷേപം പിൻവലിച്ചവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടില്ല. നിലവിലുള്ള കണക്കുകൾ പ്രകാരം നാല് കോടി തൊഴിലാളികളാണ് ഇപിഎഫിൽ അംഗങ്ങളായിട്ടുള്ളത്.

പിഎഫ് നിക്ഷേപമുള്ളവർ ആ തുക പിൻവലിച്ച് ലോക്ഡൗൺ കാലത്തെ ചെലവ് കഴിച്ചു. പിഎഫ് ഉൾപ്പെടെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഒന്നുമില്ലാത്ത 35 മുതൽ 40 കോടി തൊഴിലാളികളാണ് ഇന്ത്യയിൽ പണിയെടുക്കുന്നത്. അവരുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല. മഹാമാരിയും അതിനെ കൈകാര്യം ചെയ്ത മോഡി സർക്കാരിന്റെ രീതിയും രാജ്യത്തെ പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.

Sub: huge amount with­drawn from EPF

You may like this video also