Monday
18 Feb 2019

750 ആനകള്‍ക്കു കയറാവുന്ന ഭീമന്‍ പത്തേമാരി റെഡിയാകുന്നു

By: Web Desk | Tuesday 10 July 2018 10:07 PM IST

പണി പൂര്‍ത്തിയാകുന്ന പത്തേമാരിക്കടുത്ത് മജീദ് ഉബൈദിയും സഹോദരനും പുത്രനും

പ്രത്യേക ലേഖകന്‍

ദുബായ്: എന്തിനുമേതിനും ലോകറെക്കോഡ് ചമയ്ക്കുന്നത് ശീലമാക്കിയ ദുബായുടെ തൊപ്പിയില്‍ മറ്റൊരു റെക്കോഡു കൂടി. 750 ആനകള്‍ക്ക് കയറി സമുദ്രസഞ്ചാരം നടത്താന്‍ ഇടമുള്ള ബ്രഹ്മാണ്ഡ പത്തേമാരി ദുബായ് കടലിടുക്കിലെ പണിശാലയില്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു.

4,500 ടണ്‍ കേവുഭാരമുള്ള ഈ പത്തേമാരി നീറ്റിലിറക്കുമ്പോള്‍ ഒപ്പം കയറുന്നത് ഗിന്നസ് ലോകറെക്കോഡും. കോഴിക്കോട് ബേപ്പൂരിലെ പത്തേമാരി നിര്‍മാണതൊഴിലാളികളുടെ കരവിരുതില്‍ നിന്നും ഈ യാന നിര്‍മാണകല അഭ്യസിച്ച മജീദ് ഉബൈദിന്റെ പരമ്പരാഗതമായ ഈ തോണിപ്പുരയില്‍ എല്ലാ ദിവസവുമെത്തി നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കുന്നത് സഹോദരന്‍ അഹമ്മദ് ഉബൈദും മകന്‍ ഉബൈദ് മജീദും. പത്തേമാരി നിര്‍മാണത്തില്‍ ഈ പയ്യന്റെ താല്‍പര്യത്തില്‍ നിന്നും ഒരുകാര്യം ഉറപ്പ്. അന്യം നിന്നുപോകുമെന്നു കരുതിയ പത്തേമാരി നിര്‍മാണകല തലമുറകളില്‍ നിന്ന് ഏറ്റുവാങ്ങി ഈ ബാലന്‍ കെടാതെ കാത്തുസൂക്ഷിക്കുമെന്ന്.

ലോകത്തെ ഏറ്റവും വലിയ പത്തേമാരി നിര്‍മാണം നടക്കുന്ന വാര്‍ത്തയറിഞ്ഞ് റോയിട്ടേഴ്‌സിന്റെയും സിഎന്‍എന്‍ന്റെയും റിപ്പോര്‍ട്ടര്‍മാരടക്കം മാധ്യമപ്പടകള്‍ തന്നെ മജീദ് ഉബൈദിനെ അഭിമുഖം നടത്തിക്കഴിഞ്ഞു. ലോകോത്തര ബഹുരാഷ്ട്രകമ്പനിയായ ബെന്റ്‌ലി മോട്ടോഴ്‌സും അദ്ദേഹത്തെ വിടാതെ പിടികൂടി ഈ നിര്‍മാണകലയുടെ രഹസ്യങ്ങള്‍ പഠിക്കുന്നു. ഉല്ലാസ സവാരിക്കുള്ള പത്തേമാരികള്‍ക്ക് ലോകമെങ്ങും പ്രിയമേറിയതോടെ മജീദ് ഉബൈദിന്റെ ബിസിനസിനും പൂക്കാലം. ‘പിടിച്ചതിനെക്കാള്‍ വലുത് അളയില്‍’ എന്ന മട്ടില്‍ 6,500 ടണ്‍ കേവുഭാരമുള്ള മറ്റൊരു ഭീമന്‍ പത്തേമാരി കൂടി പണിശാലയില്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.

91 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 11 മീറ്റര്‍ പൊക്കവുമുള്ള നിര്‍മാണം പൂര്‍ത്തിയാകുന്ന പത്തേമാരിക്ക് സാധാരണ ഇത്തരം ജലയാനങ്ങളെക്കാള്‍ പത്തിരട്ടിയിലധികമാണ് വലിപ്പം. 6,500 ടണ്‍ കേവുഭാരമുള്ള രണ്ടാത്തെ പത്തേമാരി നീറ്റിലിറങ്ങുമ്പോള്‍ അടുത്തെങ്ങും ഭേദിക്കാനാവാത്ത റെക്കോഡിനാണ് മജീദ് ഉബൈദ് എന്ന ഈ ദുബായ്ക്കാരന്‍ കച്ചമുറുക്കുന്നത്. പട്ടിണിപ്പാവമായിരുന്ന പിതാവാണ് പത്തേമാരി നിര്‍മാണം ഇത്ര വലിയൊരു വ്യവസായമായി വളര്‍ത്തിയെടുത്തത്. പത്തേമാരിയുടെ ഓരോ സൂക്ഷ്മാംശം പോലും കരവിരുതുകൊണ്ടായതിനാല്‍ ഇത് ലോകത്തെ ഏറ്റവും വലിയ കരകൗശല വസ്തുവെന്നു കൂടി ഇതിനെ വിശേഷിപ്പിക്കാമെന്ന് അദ്ദേഹം കരുതുന്നു. ഘടകങ്ങള്‍ കൂടി യോജിപ്പിക്കുന്ന തടി ആണികള്‍ പോലും കൈകൊണ്ട് നിര്‍മിച്ചവ. 25 തൊഴിലാളികള്‍ എട്ടു മണിക്കൂര്‍ വീതം ഒരു വര്‍ഷത്തോളമായി പണിചെയ്യുന്ന ഈ ജലവാഹനം നീറ്റിലിറക്കുന്നതിനു മുമ്പ് എഞ്ചിനുകള്‍ ഘടിപ്പിക്കുകയും എ സി സംവിധാനം സജ്ജീകരിക്കുകയും ചെയ്യും. പഴച്ചാറുകള്‍ മുതല്‍ കന്നുകാലിയും കരിക്കട്ടയും വരെ കയറ്റി ചരക്കുഗതാഗതത്തിന് തന്റെ ആറു പത്തേമാരികള്‍ വിവിധ കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. വേഗത മണിക്കൂറില്‍ പരമാവധി 12 മൈല്‍ മാത്രം.
ഒരിക്കല്‍ ഒരു പത്തേമാരി നിര്‍മാണം പൂര്‍ത്തിയാകാറായപ്പോള്‍ കത്തി നശിച്ചു. കറാച്ചിയില്‍ നിന്ന് അമിതഭാരം കയറ്റിവന്ന മറ്റൊരെണ്ണം മുങ്ങിത്താണു. പക്ഷേ ഞങ്ങള്‍ പണിക്കാരല്ലേ. ഒന്നുപോയാല്‍ നഷ്ടം സഹിച്ചും മറ്റൊന്നു പണിയും. ഈ നിര്‍മാണകലയോടുള്ള പ്രതിബദ്ധത തന്നെയാണ് മുഖ്യ ഘടകം. കര്‍മനിരതനായിരുന്ന പിതാവിന്റെ 17 മക്കളില്‍ ഒരുവനായ മജീദ് ഉബൈദിയുടെ വാക്കുകളിലും ആര്‍ജ്ജവം.

Related News