പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 28, 2020, 10:36 pm

പിഎം കെയേഴ്സിലേയ്ക്ക് ചൈനീസ് കമ്പനികളിൽ നിന്ന് വൻതുക സംഭാവന കൈപ്പറ്റി

അതിർത്തിയിലെ നടപടികളെ വിമർശിക്കാത്തത് ഇതിനാലെന്ന് ആരോപണം ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും സഹായം ലഭിച്ചു
Janayugom Online

കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം നിലനിൽക്കുമ്പോൾ ചൈനീസ് കമ്പനികളിൽ നിന്ന് പിഎം കെയേഴ്സിലേയ്ക്ക് ഭീമമായ തുക സംഭാവന കൈപ്പറ്റി. അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിക്കാത്തതും ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ചില സംഘടനകളും ബിജെപി മന്ത്രിമാരടക്കം നേതാക്കളും ഉന്നയിച്ച ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോഡി വേണ്ടത്ര ഗൗനിക്കാതിരിക്കുന്നതും ഇതു കാരണമെന്നാണ് ആരോപണം.

അഞ്ച് പ്രമുഖ കമ്പനികൾ 153 കോടി രൂപ പിഎംകെയേഴ്സിലേക്ക് നൽകിയിട്ടുണ്ട്. ഇതിൽ പല കമ്പനികളും പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധം പുലർത്തുന്നവയാണെന്നും ഹുവേയ് ചൈനീസ് ആർമിയുമായി അടുത്ത ബന്ധം പുലർത്തുന്ന കമ്പനിയാണെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഘ്‌വി ആരോപിച്ചു. 20 സൈനികരെയാണ് അതിർത്തിയിലെ കയ്യാങ്കളിയിൽ ഇന്ത്യക്ക് നഷ്ടമായത്. എന്നിട്ടും ചൈന അധിനിവേശം നടത്തിയെന്ന് പറയാൻ ബിജെപിയും മോഡി സർക്കാരും തയ്യാറാകുന്നില്ല. കഴിഞ്ഞ ആറ് വർഷത്തിനിടെ 18 തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഇതൊന്നും നയതന്ത്ര തലത്തിൽ ഫലം കണ്ടില്ലെന്നാണ് ഗൽവാൻ അതിർത്തിയിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ആറ് വർഷത്തിനിടെ ചൈനീസ് കമ്പനികൾ സഹസ്രകോടികളാണ് ബിജെപിക്കും അതിന്റെ നേതാക്കൾക്കുമായി സംഭാവന നൽകിയത്. ഇതിലേറെ പണം തെരഞ്ഞെടുപ്പ് ഫണ്ട് ഇനത്തിലും ലഭിച്ചു. ഇപ്പോൾ കൊറോണ പ്രതിസന്ധി മറികടക്കാനെന്ന പേരിൽ ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിലേയ്ക്കും ചൈനീസ് കമ്പനികൾ കോടികൾ ഒഴുക്കി. ഇതിനുള്ള പ്രത്യുപകാരമായാണോ രാജ്യത്തിന്റെ അതിർത്തിയിൽ 18 കിലോമീറ്ററോളം കടന്നുകയറിയിട്ടും ഒരക്ഷരം പ്രതികരിക്കാൻ മോഡിയും ബിജെപിയും തയ്യാറാകാത്തതെന്ന് സിംഘ്‌വി കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അമിത് ഷാ എന്നിവർ ബിജെപി അധ്യക്ഷൻമാരായിരുന്ന കാലത്ത് വൻതോതിൽ സഹായം സ്വീകരിച്ചിരുന്നു. ഇവർ മൂന്നുപേരുടേയും കാലത്താണ് കൂടുതൽ വിനിമയങ്ങൾ നടന്നത്. കഴിഞ്ഞ 13 വർഷത്തിനിടെ ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ചൈനീസ് ഭരണവുമായി ഇത്ര അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ഇതിനുള്ള നന്ദിപ്രകടനമാണ് ലഡാക്ക് സംഘർഷത്തിൽ മോഡിയുടേയും കൂട്ടരുടേയും മൗനം.
അതിർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചൈനയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു.

ഇത് തങ്ങളുടെ ചോദ്യമല്ല മറിച്ച് രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ഉന്നയിക്കുന്നതാണ്. രാജ്യത്തെ അതിർത്തി ആരും കയ്യേറിയിട്ടില്ല, അതിന് അനുവദിക്കില്ലെന്നും മോഡി അന്ന് പറഞ്ഞു. എന്നാൽ പിന്നെ എങ്ങനെയാണ് 20 സൈനികർക്ക് ജീവൻ നഷ്ടമായത്, അതിർത്തിയിൽ വൻതോതിൽ സൈനിക വിന്യാസം നടത്തിയത് എന്തിനാണ്, അതിർത്തിയിൽ ജൂൺ ആറിന്റെ തൽസ്ഥിതി തുടരണമെന്ന് എന്തിനാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്- തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മോഡി സർക്കാരോ ബിജെപി നേതൃത്വമോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു കമ്പനികൾ നല്കിയത് 153 കോടി

ചൈനീസ് കമ്പനിയായ ഹുവേയ് ഏഴ് കോടി രൂപ പിഎം കെയേഴ്സ് ഫണ്ടിലേയ്ക്ക് സംഭാവന നൽകി. ടിക് ടോക് 30 കോടി രൂപയാണ് സംഭാവന നൽകിയത്. 38 ശതമാനം ഓഹരികൾ ചൈനീസ് കമ്പനികളുടെ പക്കലുള്ള പേടിഎം 100 കോടി രൂപയാണ് നൽകിയത്. മൊബൈൽ നിർമ്മാണ കമ്പനികളായ ഓപ്പോ ഒരു കോടി രൂപയും ഷവോമി 15 കോടി രൂപയും പിഎം കെയേഴ്സിന് നൽകിയതായാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ENGLISH SUMMARY:Huge dona­tions from Chi­nese com­pa­nies to PM Cares
you may also like this video