വേനല്‍ കടുത്തു, സൂര്യമലയിലേയ്ക്ക് സഞ്ചാരികളുടെ വന്‍ പ്രവാഹം

Web Desk
Posted on July 21, 2019, 9:20 pm
ഒമാനിലെ സൂര്യമല സൂര്യമലയിലെ സൂര്യോദയം

കെ രംഗനാഥ്

മസ്‌ക്കറ്റ്: എണ്ണ സമ്പത്തിന്റെ അക്ഷയഖനിയായ ഒമാനിലെ സൂര്യമലയിലേയ്ക്ക് വേനല്‍ കടുത്തതോടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ പ്രവാഹം. മരുഭൂമികളുടെ നാടായ ഗള്‍ഫില്‍ കേരളത്തിന്റെ കാലാവസ്ഥയുള്ള ഒമാനില്‍ തെങ്ങും മാവും കവുങ്ങും പ്ലാവുമടക്കം ശക്തമായ ഒരു കാര്‍ഷിക സമ്പദ്‌വ്യവസ്ഥതന്നെ ഉടലെടുത്തിരിക്കുന്നു. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലേയ്ക്കുള്ള പച്ചക്കറികളില്‍ നല്ലൊരു പങ്കും ഒമാനില്‍ നിന്നാണ് എത്തുന്നത്.

കൃഷിയിലും മത്സ്യബന്ധനത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യം വിനോദസഞ്ചാരത്തിലൂടെ വന്‍ വരുമാനമാണുണ്ടാക്കുന്നത്. പുരാണ ഗുഹകളും മനോഹരമായ കടലോരങ്ങളും കുന്നിന്‍ പ്രദേശങ്ങളും ടൂറിസം കേന്ദ്രങ്ങളായി വളര്‍ത്തിയെടുക്കുന്നതില്‍ ഒമാന്‍ ഭരണകൂടം കാട്ടുന്ന ശുഷ്‌കാന്തിമൂലം ഒരു വിനോദ സഞ്ചാര സമ്പദ്‌വ്യവസ്ഥകൂടി പടുത്തുയര്‍ത്താന്‍ കഴിഞ്ഞുവെന്ന് ദാഖിലിയ ഗവര്‍ണറേറ്റ് ടൂറിസം ഡയറക്ടര്‍ ഖലീല്‍ അല്‍തൗബി വ്യക്തമാക്കി.

ടൂറിസം കേന്ദ്രങ്ങളിലെ മുന്‍നിര കേന്ദ്രമായി വളര്‍ന്ന ജബല്‍ശംസ്അവോ സൂര്യമലയിലേയ്ക്ക് നൂറുകണക്കിന് വിദേശികളടക്കം ആയിരങ്ങളാണ് സന്ദര്‍ശനത്തിനെത്തുന്നത്. പകല്‍നേരം മിതമായ ചൂടുള്ള സൂര്യമലയില്‍ രാത്രി കുളിരുള്ള കാലാവസ്ഥയാണ്. വേനല്‍ ചൂടിലുരുകുന്നവര്‍ക്ക് അതുകൊണ്ടുതന്നെ ഈ സൗന്ദര്യഭൂമി ഒരു ആകര്‍ഷണ ബിന്ദുവാകുന്നു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മലയിടുക്കും ഇവിടെയാണ്. പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഗ്രാമങ്ങളും പുരാതനമായ ഭവനങ്ങളും അറബി സംസ്‌കാരത്തിന്റെ ഗതകാല നേര്‍ക്കാഴ്ചകളാവുന്നതും സൂര്യമലയുടെ അടിവാരങ്ങളെ സഞ്ചാരികള്‍ക്കും സാഹസിക യാത്രക്കാര്‍ക്കും പ്രിയങ്കരമാക്കുന്നു.

You May Also Like This: