Web Desk

January 24, 2020, 11:03 pm

മനുഷ്യ മഹാശൃംഖല ചരിത്രസമരമാകും: കണ്ണിയാകാൻ 70 ലക്ഷം പേർ

Janayugom Online

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും കൂടുതൽ ജന പങ്കാളിത്തമുള്ള സാമൂഹ്യ ഇടപെടലായി എൽഡിഎഫ് സംഘടിപ്പിക്കുന്ന ജനുവരി 26 ലെ മനുഷ്യ മഹാശൃംഖല മാറും. 70 ലക്ഷം പേർ അണിനിരത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുളള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന് കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. അതിനാൽ പ്രതിപക്ഷവും തുറന്ന മനസോടെ മനുഷ്യമഹാശൃഖലയുമായി സഹകരിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി റിപ്പബ്ലിക് ദിനത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ ദേശീയപാതയിൽ കാസർകോട് മുതൽ കളിയിക്കാവിളവരെയാണ് മനുഷ്യ മഹാശൃംഖല സംഘടിപ്പിക്കുന്നത്. കാസർഗോഡ് സിപിഐ (എം) പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ആദ്യകണ്ണിയും കളിയിക്കാവിളയിൽ മുൻ മന്ത്രി എം എ ബേബി അവസാന കണ്ണിയുമാകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരത്ത് കണ്ണികളാകും.

മുന്നണിക്ക് പുറത്തുള്ള കക്ഷികളും കലാകാരന്മാർ, സാമൂഹ്യ– സാംസ്കാരിക – സമുദായ നേതാക്കളും പിന്തുണയുമായി എത്തുമെന്നും കൺവീനർ പറഞ്ഞു. ദേശീയ പാതയിൽ റോഡിന്റെ വലതുഭാഗത്തായിരിക്കും മനുഷ്യ മഹാശൃംഖല നീളുക. ഗതാഗത തടസമുണ്ടാകാതിരിക്കാൻ ജനങ്ങൾ രാവിലെതന്നെ ദേശീയപാതയിലെ അതത് കേന്ദ്രങ്ങളിലേക്ക് പുറപ്പെടും. കാസർകോട്– കണ്ണൂർ– രാമനാട്ടുകര– മലപ്പുറം– പെരുന്തൽമണ്ണ– പട്ടാമ്പി– തൃശൂർ– എറണാകുളം– ആലപ്പുഴ– തിരുവന്തപുരം– കളിയിക്കാവിള വരെ കേരളം ഒറ്റക്കെട്ടായി മഹാ ശൃംഖല തീർക്കും. ഉച്ചയ്ക്ക്ശേഷം 3.30ന് റീഹേഴ്സൽ നടക്കും. നാല് മണിക്ക് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഞ്ജ ചൊല്ലും. തുടർന്ന് കേരളത്തിലെ തെരഞ്ഞെടുത്ത 250 ഓളം കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർടികളും സമൂഹവും ഒറ്റക്കെട്ടായാണ് അണിനിരന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടത്തിയ സത്യഗ്രഹത്തിലും, നിയമസഭയിൽ പ്രമേയം പാസാക്കിയതും ഒറ്റക്കെട്ടായാണ്.

കേരളത്തിന്റെ മാതൃകയോട് രാജ്യമാകെ കൂടുതൽ അടുത്തുനിൽക്കുമ്പോൾ തുടർ പ്രക്ഷോഭമെന്ന നിലയിൽ തീർക്കുന്ന മനുഷ്യ മഹാശൃംഖലയോട് പ്രതിപക്ഷം തുറന്ന മനസ് കാണിക്കണം. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തെ ഇടുങ്ങിയ രാഷ്ട്രീയ താല്പര്യ വഴിയിൽ ചിന്തിക്കരുതെന്നും എ വിജയരാഘവൻ പറഞ്ഞു. ഭരണഘടനയെ ദുർബലപ്പെടുത്താനും വർഗീയ വിഭജനം സമൂഹത്തിൽ സൃഷ്ടിക്കാനുമായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള രൂക്ഷമായ പ്രതിഷേധമായി മാറുന്ന മഹാശൃംഖലയുടെ പ്രചരണാർഥം സമാനതകളില്ലാത്ത കൂട്ടായ്മകളാണ് കേരളമാകെ നടന്നത്. 40,000 പ്രദേശിക കുടുംബ സംഗമങ്ങൾ നടത്തുകയും രണ്ടായിരത്തിലേറെ കേന്ദ്രങ്ങളിൽ ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിക്കുകയും ചെയ്തു. എല്ലാവീടുകളിലും ആശയപ്രചാരണം നടത്തി. ലഘുലേഖകൾ വിതരണം ചെയ്തു. എൽഡിഎഫ് എന്ന നിലയിലും മുന്നണിയിലെ കക്ഷികൾ സ്വന്തം നിലയിലും പ്രചാരണം സംഘടിപ്പിച്ചതായും എ വിജയരാഘവൻ പറഞ്ഞു.

Eng­lish Sum­ma­ry: human-chain-70 lakhs peo­ple will involve

You may also like this video