Web Desk

തൊടുപുഴ

January 24, 2020, 7:01 pm

ഏകമനസോടെ മനുഷ്യമഹാശൃംഖലയിൽ കണ്ണികളാകണം: സിപിഐ

Janayugom Online

നാളെ നടക്കുന്ന മനുഷ്യമഹാശൃംഖലയിൽ കണ്ണികളാവാൻ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ എല്ലാ മതേതര കമനസുകളോടും അഭ്യർത്ഥിച്ചു. ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിനുള്ള സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് പൗരത്വനിയമ ഭേദഗതി. ഇന്ത്യയുടെ ഭരണഘടനക്കും മതനിരപേക്ഷതക്കും
ജനാധിപത്യ സംവിധാനത്തിനും നിരക്കാത്തതാണ് ഈ ഭേദഗതി. മനുസ്മൃതിയുടെ ആശയസംഹിതകളുടെ അടിസ്ഥാനത്തിലുള്ള ഒരു ഭരണഘടനയും ഭരണവുമാണ് സംഘപരിവാറുകാർ ലക്ഷ്യംവയ്ക്കുന്നത്.

മുസ്ലീംങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമാണ് ആർ എസ് എസുകാരുടെ പ്രഖ്യാപിത ശത്രുക്കൾ. ഇതിൽ മുസ്ലീം ജനവിഭാഗത്തിന് പൗരത്വം നിഷേധിക്കാനുള്ള നടപടികളാണിപ്പോൾ തുടങ്ങിവെച്ചിരിക്കുന്നത്. ഇതിനെതിരെ
രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുമുണ്ട്. ഇന്ത്യയെ വർഗീയവൽക്കരിക്കാനും വിഭജിക്കാനുമുള്ള സംഘപരിവാർ നീക്കത്തിനെതിരെയുള്ള ഉജ്ജ്വലമായ ജനകീയ മുന്നേറ്റമാകും നാളെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന മനുഷ്യമഹാശൃംഖല. ഇതിന്റെ ഭാഗമാണ് ഇടുക്കിയിൽ തങ്കമണി മുതൽ
കാ‍‍ഞ്ചിയാർ പള്ളിക്കവല വരെ 50000ത്തോളം പേർ അണിനിരക്കുന്ന മനുഷ്യമഹാശൃംഖല. വർഗീയ ഫാസിസത്തിനെതിരെയുള്ള ഈ ജനകീയ ശൃംഖലയിൽ മുഴുവൻ ജനങ്ങളും കണ്ണികളാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Eng­lish Sum­ma­ry: human chain followup

You may also like this video