‘ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി റിപ്പബ്ലിക് ദിനത്തിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന ‘മനുഷ്യ മഹാശൃംഖല’യുടെ ഒരുക്കങ്ങൾ തെക്കൻ ജില്ലകളിൽ പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലാണ് മനുഷ്യ മഹാശൃംഖല’യുടെ ആദ്യ കണ്ണി. കളിയിക്കാവിള മുതൽ കാസർകോട് വരെയുള്ള ശൃംഖലയിൽ തിരുവനന്തപുരം ജില്ലയിൽ 77. 5 കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യ മഹാശൃംഖല സൃഷ്ടിക്കുന്നത്. തലസ്ഥാന ജില്ലയില്‍ ശൃംഖലയുടെ പ്രചാരണവുമായി രണ്ട് ജില്ലാ ജാഥകൾ സംഘടിപ്പിച്ചിരുന്നു. ഗ്രാമീണ മേഖലകളെയും നഗരത്തെയും ഒരു പോലെ ആവേശത്തിലാക്കി പ്രൗഢഗംഭീരമായിത്തന്നെ ജാഥകൾ അവസാനിച്ചു.
ജാഥാ പോയിന്റുകളിലെല്ലാം വൻ ജനപിന്തുണ ഉറപ്പാക്കിയായിരുന്നു മുന്നേറ്റം. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കന്മാർ ജാഥയെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ ക്യാപ്റ്റനായി ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലും സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ക്യാപ്റ്റനായി തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലുമായി മൂന്നുദിവസം പര്യടനം നടത്തി 18 ന് സമാപിച്ചു. തിരുവനന്തപുരത്ത് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും ആറ്റിങ്ങലിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനുമാണ് ജാഥകൾ ഉദ്ഘാടനം ചെയ്തത്. എൽഡിഎഫ് ജാഥകൾക്ക് പുറമെ വിവിധ സംഘടനകളും പ്രചാരണ ക്യാമ്പെയിനുകൾ സംഘടിപ്പിച്ചിരുന്നു. കൊല്ലം ജില്ലയുടെ തെക്കേ അതിര്‍ത്തിയായ കടമ്പാട്ടുകോണം മുതല്‍ വടക്കേ അതിര്‍ത്തിയായ ഓച്ചിറവരെയുള്ള 57 കിലോമീറ്റര്‍ ദൂരത്തിലായി മൂന്നു ലക്ഷം പേര് ശൃംഖലയിൽ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എന്‍ അനിരുദ്ധന് പറഞ്ഞു.
രാഷ്ട്രീയത്തിനതീതമായി സമസ്ത ജന വിഭാഗങ്ങളും ഇതില്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാന പോയിന്റുകളിലെല്ലാം പൊതുസമ്മേളനങ്ങള്‍ നടക്കും. മനുഷ്യമഹാശൃംഖലയുടെ വിജയത്തിനായി ജില്ലയില്‍ രണ്ട് മേഖലാജാഥകളാണ് പര്യടനം നടത്തിയത്. സിപിഐ(എം) ജില്ലാ സെക്രട്ടറി എസ് സുദേവന് നയിച്ച പടിഞ്ഞാറന്‍ മേഖലാ ജാഥ പരവൂരില്‍ സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയിലും ആര് രാമചന്ദ്രന് എംഎല്‍എ നയിച്ച പടിഞ്ഞാറന്‍ മേഖലാ ജാഥ ഓച്ചിറയില്‍ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ എന്‍ ബാലഗോപാലുമാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ നടത്തിയ പര്യടനങ്ങളിൽ പതിനായിരങ്ങളാണ് വരവേല്പിനെത്തിയത്.
പത്തനംതിട്ട ജില്ലയിൽ വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലയിൽ നിന്നുള്ള ജനലക്ഷങ്ങൾ ആലപ്പുഴ ജില്ലയിലെ കായംകുളം, ഹരിപ്പാട് മേഖലയിലാണ് മനുഷ്യ മഹാശൃംഖലയിൽ കണ്ണികളാവുക. പ്രക്ഷോഭത്തിന്റെ പ്രചരണത്തിനായി പത്തനംതിട്ടയിൽ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്, സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം കെ അനന്തഗോപന്‍ എന്നിവര്‍ ക്യാപ്റ്റന്മാരായി രണ്ട് ജാഥകൾ സംഘടിപ്പിച്ചിരുന്നു. കെ അനന്തഗോപന്റെ നേതൃത്വത്തിലുള്ള ജാഥ പന്തളത്ത് സിപിഐ കേന്ദ്ര കണ്ട്രോള് കമ്മിഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. എ പി ജയന് ക്യാപ്റ്റനായ ജാഥ കോന്നി മണ്ഡലത്തിലെ ഏനാദിമംഗലത്ത് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദനും ഉദ്ഘാടനം ചെയ്തു.
English Summary: Human chain followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.