May 26, 2023 Friday

Related news

May 26, 2023
May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 25, 2023
May 24, 2023
May 24, 2023
May 24, 2023
May 23, 2023

മനുഷ്യമഹാശൃംഖലയ്ക്ക് നാട് ഒരുങ്ങി

Janayugom Webdesk
കൊച്ചി
January 23, 2020 10:12 pm

എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 26‑ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ‘മനുഷ്യമഹാശൃംഖല’ വിജയിപ്പിക്കുന്നതിന് മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. മനുഷ്യ മഹാശൃംഖലയിൽ എറണാകുളം ജില്ലയിൽ ജനലക്ഷങ്ങൾ പങ്കാളികളാകും. പ്രവർത്തകരെ അണിനിരത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാർത്ഥം എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ രണ്ടു ജാഥകൾ പര്യടനം പൂർത്തിയാക്കി. സിപിഐ ജില്ലാ സെക്രട്ടറി പി രാജു ക്യാപ്റ്റനായ കിഴക്കൻ മേഖല ജാഥാ പോത്താനിക്കാട് നിന്നും ആരംഭിച്ച് കാക്കനാട് സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ക്യാപ്റ്റനായ പടിഞ്ഞാറൻ മേഖലാ ജാഥാ കൂത്താട്ടുകുളത്ത് നിന്നും ആരംഭിച്ച് ചെറായിയിൽ സമാപിച്ചു. നൂറോളം കേന്ദ്രങ്ങളിൽ ഇരു ജാഥകൾക്കും ആവേശകരമായ സ്വീകരണവും വരവേല്പുമാണ് ലഭിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിൽപെട്ടവർ ജാഥയുടെ സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്തത് ആവേശകരമായ അനുഭവമായിരുന്നു.

എറണാകുളം ജില്ലയുടെ അതിർത്തികളായ കറുകുറ്റി മുതൽ അരൂർ വരെയുള്ള 46 കിലോമീറ്റർ ദൂരത്തിൽ ലക്ഷക്കണക്കിന് പ്രവർത്തകർ മനുഷ്യമഹാശൃംഖലയിൽ അണിനിരക്കും. പ്രധാനപ്പെട്ട പത്തു കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടക്കും. കറുകുറ്റി, അങ്കമാലി, അത്താണി, പറവൂർ കവല, പുളിഞ്ചോട്, കളമശ്ശേരി പ്രീമിയർ കവല, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂർ, മാടവന എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങൾ നടക്കുന്നത്.
തൃശൂർ ജില്ലയിൽ നാലുലക്ഷത്തിലേറെ പേർ അണിനിരക്കും. ജില്ലയുടെ വടക്കേ അതിർത്തിയായ ചെറുതുരുത്തി മുതൽ തെക്കേ അതിർത്തിയായ പൊങ്ങം വരെ 70. 5 കിലോമീറ്ററിലാണ് മനുഷ്യ മഹാശൃംഖല തീർക്കുക. ജില്ലാതല സംഘാടകസമിതിയുടെ നിർദേശാനുസരണം നിയോജകമണ്ഡലം സംഘാടകസമിതികളും പഞ്ചായത്ത്, വാർഡ്, ബൂത്ത് സംഘാടകസമിതികളും രൂപീകരിച്ചാണ് ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രാദേശികമായി സ്ക്വാഡുകളുടെ ഗൃഹസന്ദർശനങ്ങളും കുടുംബയോഗങ്ങളും ഭരണഘടനാ സംരക്ഷണസദസുകളും നടന്നു.

ശൃംഖലയുടെ പ്രചാരണാർത്ഥം നടന്ന രണ്ട് മേഖലാ ജാഥകളിലും വലിയ ജനപങ്കാളിത്തമാണുണ്ടായത്. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജിന്റെ നേതൃത്വത്തിൽ നടന്ന തെക്കൻ മേഖലാ ജാഥയ്ക്കും സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം വർഗീസ് ക്യാപ്റ്റനായ വടക്കൻ മേഖലാ ജാഥയ്ക്കും വിവിധ കേന്ദ്രങ്ങളിൽ വൻവരവേൽപ്പാണ് ലഭിച്ചത്. മനുഷ്യമഹാശൃംഖലയിൽ വർഗബഹുജന സംഘടനാപ്രവർത്തകരെ അണിനിരത്തുന്നതിന്റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും കർഷക, കർഷകതൊഴിലാളി, മഹിളാ, യുവജന, വിദ്യാർഥി സംഘടനകളും പ്രത്യേകം ക്യാമ്പെയ്നുകളും നടത്തിവരുന്നു ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ ഓച്ചിറവരെയുള്ള 110 കിലോമീറ്ററിൽ ഏഴ് ലക്ഷത്തോളം പേർ ശൃംഖലയിൽ അണിനിരക്കും. ശൃംഖല വൻവിജയമാക്കുവൻ നടന്ന പ്രചരണജാഥകൾ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. തെക്കൻ മേഖലാജാഥ സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും വടക്കൻമേഖലാജാഥ സിപിഐ (എം) ജില്ലാ സെക്രട്ടറി ആർ നാസറുമാണ് നയിച്ചത്.

ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തിയ ജാഥയെ പതിനായിരങ്ങൾ വരവേറ്റു. ശൃംഖല വിജയമാക്കുവാനായി എൽഡിഎഫിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് കുടുംബയോഗങ്ങളും നടത്തി. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ളവരും ആലപ്പുഴയിലെ ദേശീയ പാതയിൽ മനുഷ്യശൃംഖലയിൽ കണ്ണികളാവും. കോട്ടയം ജില്ലയിലും ഒരുക്കങ്ങൾ പൂർണം. ദേശീയ പാതയില്‍ ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലാണ് കോട്ടയം ജില്ലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അണിചേരുന്നത്. ജില്ലയില്‍ നിന്നും ഒരുലക്ഷത്തിലധികം പ്രവര്‍ത്തകരെ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ ഇതിനകംതന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. രണ്ട് ജാഥകളാണ് ജില്ലയിലുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചാരണം നടത്തിയത്. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍ നയിച്ച തെക്കന്‍ മേഖലാ ജാഥയ്ക്കും അഡ്വ കെ സുരേഷ് കുറുപ്പ് എംഎല്‍എ നയിച്ച വടക്കന്‍ മേഖലാ ജാഥയ്ക്കും മികച്ച സ്വീകരണമാണ് ലഭിച്ചത്.

പലയിടങ്ങളിലും വിവിധ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും ജാഥയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. എല്‍ഡിഎഫിലെ ഘടകക്ഷികളും ബഹുജന സംഘടനകളും സ്വന്തം നിലയിലും മനുഷ്യമഹാശൃംഖലയ്ക്കായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സിപിഐയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ സദസ്, ലോംഗ് മാര്‍ച്ചുകള്‍, സിപിഎം നേതൃത്വത്തില്‍ കുടുംബസദസ്സുകള്‍, പ്രതീകാത്മക മനുഷ്യചങ്ങല എന്നിവയും പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്നുവരുന്നു. മനുഷ്യമഹാശൃംഖലയ്ക്ക് അഭിവാദ്യം അർപ്പിച്ച് ഇടുക്കി ജില്ലയിൽ തങ്കമണി മുതൽ ഇരട്ടയാർ വരെ 27 കിലോമീറ്ററിൽ ഉപമനുഷ്യ ശൃംഖല സൃഷ്ടിക്കും. മനുഷ്യശൃംഖലയുടെ പ്രചാരണാർത്ഥം സിപിഎം ജില്ലാസെക്രട്ടറി കെ കെ ജയചന്ദ്ര‍ന്റെ നേതൃത്വത്തിൽ നടന്ന ജാഥക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിൽപ്പെട്ട 52 പഞ്ചായത്തുകളിലും ജാഥ പര്യടനം നടത്തി.

Eng­lish Sum­ma­ry: human chain in ker­ala will soon

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.