June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

പൗരത്വനിയമ ഭേദഗതിക്കെതിരെ മനുഷ്യമഹാശൃംഖലയിൽ അണിചേർന്നത് ദശലക്ഷങ്ങൾ

By Janayugom Webdesk
January 26, 2020

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് സമാനതകളില്ലാത്ത പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ച കേരളത്തിൽ, മനുഷ്യ മഹാശശൃംഖലയിലൂടെ പ്രതിഷേധത്തിന്റെ മനുഷ്യമതിൽ തീർത്ത് പുതിയൊരു അധ്യായം രചിച്ചു. റിപ്പബ്ലിക് ദിനത്തിൽ എൽഡിഎഫ് ആഹ്വാനപ്രകാരം കളിയിക്കാവിള മുതൽ കാസർകോട് വരെയുള്ള ദേശീയ പാതയിൽ 620 കിലോമീറ്റർ ദൂരത്തിൽ നടത്തിയ മനുഷ്യമഹാശൃംഖല കേരളത്തിന്റെ ചരിത്രത്തിലെ മറ്റൊരു സാമൂഹ്യ മുന്നേറ്റമായി മാറി. രാജ്യത്തിന്റെ മതനിരേപക്ഷതയും ഭരണഘടനയും സംരക്ഷിക്കുന്നതിൽ കേരളം മുന്നിലുണ്ടെന്ന സന്ദേശമാണ് മനുഷ്യമഹാശൃംഖലയിലൂടെ വ്യക്തമായത്. എഴുപത് ലക്ഷം പേർ കണ്ണിചേരുമെന്ന് പ്രതീക്ഷിച്ച മനുഷ്യമഹാശൃംഖല പ്രതിഷേധ മതിലായി മാറിയപ്പോൾ പങ്കെടുത്തവരുടെ എണ്ണം തിട്ടപ്പെടുത്തുക അസാധ്യമായി. പലയിടങ്ങളിലും അഞ്ചും ആറും നിരകളായാണ് മിക്കയിടങ്ങളിലും ജനങ്ങൾ ശൃംഖലയുടെ ഭാഗമായത്. സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ, ജനപ്രതിനിധികൾ, എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, കലാകാരന്മാർ, സ്വാതന്ത്ര്യസമര സേനാനികളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ പങ്കാളികളായി.

ഞായറാഴ്ച ഉച്ചയോടെ മുൻനിശ്ചയപ്രകാരമുള്ള സ്ഥലങ്ങളിലേക്ക് ലക്ഷോപലക്ഷം ജനങ്ങൾ ഒഴുകിയെത്തി. മൂന്നരയ്ക്ക് മനുഷ്യമഹാശൃംഖലയുടെ റിഹേഴ്സൽ നടന്നു. നാല് മണിക്ക് ഭരണഘടനാ ആമുഖം വായിച്ച് പ്രതിജ്ഞയെടുത്തു. ഭരണഘടനയെ തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കെതിരെ ഭരണഘടന സംരക്ഷിക്കുക, മതം നോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയുള്ള മനുഷ്യമഹാശൃംഖലയിൽ, പലസ്ഥലങ്ങളിലും രാഷ്ട്രീയ വേർതിരിവില്ലാതെയാണ് ജനലക്ഷങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. തുടർന്ന് സംസ്ഥാനത്ത് 250ഓളം കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും ചേർന്നു. കാസർകോട് സിപിഐ (എം) പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയായി ആരംഭിച്ച മഹാശൃംഖലയുടെ അവസാന കണ്ണി കളിയിക്കാവിളയിൽ സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുമായിരുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആർ അനിൽ, സിപിഐ (എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ നേതൃത്വത്തിൽ എൽഡിഎഫിന്റെ നേതാക്കളും പ്രവർത്തകരും, മലങ്കര ഓർത്തഡോക്സ് സഭാവൈദികരും പാളയം ഇമാം വി പി ഷുഹൈബ് മൗലവിയും ഉൾപ്പെടെ വിവിധ സമുദായ പ്രമുഖരും അണിനിരന്നു. സിനിമ, കലാ സാംസ്കാരിക മേഖലയിലുള്ള പ്രമുഖരെല്ലാം ഇവിടെ ശൃംഖലയുടെ ഭാഗമായി. പാളയത്ത് നടന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷനായി. മനുഷ്യമഹാശൃംഖലയ്ക്ക് തുടക്കമിട്ട കാസർകോട് രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ണികളായി. കാസര്‍കോട് പുതിയ ബസ് സാന്റ് പരിസരത്ത് സിപിഐ(എം) പോളിറ്റ് ബ്യൂറോം അംഗം എസ് രാമചന്ദ്രന്‍ പിള്ളആദ്യ കണ്ണിയും സിപിഐ ദേശീയ കൗണ്‍സിലംഗം മന്ത്രി ഇ ചന്ദ്രശേഖരന്‍ രണ്ടാം കണ്ണിയുമായി.

 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.