Monday
18 Feb 2019

ജനദ്രോഹത്തിനുപകരം ജനസൗഹൃദ ബാങ്കിങ്ങാവണം ലക്ഷ്യം

By: Web Desk | Tuesday 10 July 2018 10:34 PM IST

കിട്ടാക്കടത്തിന്റെ പേരില്‍ ഈട് നല്‍കിയ വീടും പറമ്പും ഒഴിപ്പിക്കാന്‍ ഉദേ്യാഗസ്ഥര്‍ നടത്തിയ ശ്രമം കളമശേരിക്കടുത്ത് പത്തടിപ്പാലത്ത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായി. സുഹൃത്തിന് വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാന്‍ രണ്ടുലക്ഷം രൂപ വായ്പക്കായാണ് വീട്ടുടമ വീടും പറമ്പും ഈടായി നല്‍കിയത്. വായ്പ വാങ്ങിയ പണം വ്യവസ്ഥയനുസരിച്ച് തിരിച്ചുനല്‍കാന്‍ നിയമാനുസൃതം ബാധ്യതയുണ്ട്. എന്നാല്‍ വായ്പയുടെ പേരില്‍ കുടിശിക നൂറ്റിപതിനഞ്ച് ഇരട്ടിയായി മാറിയതും തുക തിരിച്ചടയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച സ്ഥലം ഉടമക്ക് നീതിപൂര്‍വമായ ഒത്തുതീര്‍പ്പിലൂടെ അതിന് അവസരം ഒരുക്കാതിരുന്ന ബാങ്കിന്റെ നടപടിയും അപലപനീയമാണ്. ന്യായമായ ആവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പയെടുത്ത് ചെറുകിട സംരംഭത്തിന് മുതിര്‍ന്ന് അതില്‍ പരാജയപ്പെട്ട സംഭവമാണ് പത്തടിപ്പാലത്ത് ഉണ്ടായത്. വായ്പ തിരിച്ചടയ്ക്കാന്‍ സ്ഥലം ഉടമ നാല് സെന്റ് സ്ഥലം വിറ്റ് ഒരു ലക്ഷം രൂപ ബാങ്കില്‍ അടച്ചതായാണ് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാവുന്നത്. രണ്ട് ലക്ഷം രൂപയുടെ വായ്പ 2.30 കോടി രൂപയായി മാറിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി വായ്പാതുകയുടെ ഇരുപത്തിയഞ്ച് ഇരട്ടി തുക, 50 ലക്ഷം രൂപ, അടയ്ക്കാനുള്ള സന്നദ്ധത ഭൂഉടമ അറിയിച്ചതാണത്രെ. എന്നാല്‍ ഭൂഉടമയ്ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ വീടും ഭൂമിയും 38 ലക്ഷം രൂപയ്ക്ക് ഓണ്‍ലൈനായി ലേലം ചെയ്തു വിറ്റതായാണ് വ്യക്തമാകുന്നത്. സര്‍ഫാസി നിയമത്തിന്റെ മറവില്‍ ഈടു നല്‍കിയ വീടും പറമ്പും ബാങ്കുകള്‍ ഭൂമാഫിയകളുമായി ചേര്‍ന്ന് ഉടമസ്ഥന് ആവശ്യമായ അറിയിപ്പുപോലും നല്‍കാതെ ലേലം ചെയ്ത് വില്‍ക്കുന്നതായുള്ള പരാതി ഇത് ആദ്യമല്ല. സാധാരണക്കാരായ ഇടപാടുകാരുടെ കിട്ടാക്കടത്തിന്റെ പേരില്‍ കാണിക്കുന്ന കാര്‍ക്കശ്യം വന്‍കോര്‍പ്പറേറ്റുകളുടെയും അതിസമ്പന്നരുടെയും കാര്യത്തില്‍ കാണുന്നില്ലെന്നത് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഇടയാക്കുന്നുവെന്നതും ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്. മനസിലാക്കിയിടത്തോളം ഗണ്യമായ ഒരു തുക നല്‍കി സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ സന്നദ്ധമായ കുടുംബത്തോട് മാനുഷികപരിഗണന കാട്ടി പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണാനാവുന്നതായിരുന്നു. അതിന് മുതിരാന്‍ ബാങ്ക് അധികൃതര്‍ തയാറാവാത്തത് പ്രശ്‌നത്തില്‍ ഭൂമാഫിയ അടക്കം നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിന് സാധുത നല്‍കുന്നു.
ബാങ്കുകളുടെ കിട്ടാക്കടം രാജ്യത്തിന്റെ സമ്പദ്ഘടനയെ തെല്ലൊന്നുമല്ല ദുര്‍ബലമാക്കിയിരിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടത്തില്‍ സിംഹഭാഗവും വന്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയ വായ്പകളാണ്. അത്തരക്കാരുടെ വായ്പകള്‍ പുനഃക്രമീകരിക്കാനും എഴുതിത്തള്ളാനും ബാങ്കുകളും സര്‍ക്കാരും ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ അത്തരം ആനുകൂല്യങ്ങള്‍ സാധാരണക്കാരായ ഇടപാടുകാര്‍ക്ക് ലഭ്യമല്ലെന്നത് കടുത്ത അനീതിയാണ്. ഒഴിച്ചുകൂടാനാവാത്ത ജീവിതാവശ്യങ്ങള്‍ക്കോ ചെറുകിട തൊഴില്‍സംരംഭങ്ങള്‍ക്കോ വേണ്ടി ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടി വരുന്ന ഇടപാടുകാരെയും വമ്പന്‍ കോര്‍പറേറ്റുകളെയും ഒരേപോലെ കാണുന്ന സര്‍ഫാസി നിയമത്തില്‍ ആവശ്യമായ ഇളവുകളും ഭേദഗതികളും കൊണ്ടുവരുന്നതിനെപ്പറ്റി ഭരണകൂടവും നിയമനിര്‍മാതാക്കളും ഗൗരവപൂര്‍വം ചിന്തിക്കണം. സത്യസന്ധരായ ഇടപാടുകാര്‍ക്ക് ന്യായമായ സാവകാശവും ഇളവുകളും നല്‍കി ചെറുകിട വായ്പകളെടുത്ത് കടക്കെണിയിലായ കുടുംബങ്ങളെ സംരക്ഷിക്കാന്‍ സമൂഹത്തിനും ഭരണകൂടങ്ങള്‍ക്കും ബാധ്യതയുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആവശ്യമായ ഔദേ്യാഗിക സംവിധാനങ്ങളെപ്പറ്റി നിയമനിര്‍മാതാക്കള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി പഠിക്കാന്‍ ലോക്‌സഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. അത് പത്ത് ലക്ഷം കോടിയിലധികം അധികരിച്ച് സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കിട്ടാക്കടങ്ങളുടെ ഉടമകളായ വമ്പന്‍ വ്യവസായികള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ നല്‍കി അത്തരക്കാര്‍ക്ക് ആശ്വാസം നല്‍കാനുള്ള ശ്രമത്തിനിടെയാണ് ലോക്‌സഭാ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ നീക്കം. ബിജെപിയുടെ തലമുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷി അധ്യക്ഷനായ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഭരണവൃത്തങ്ങള്‍ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയക്കളികള്‍ എന്തുതന്നെയായാലും കടബാധ്യതകളില്‍പെട്ട് നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് ആശ്വാസകരമായ നടപടികള്‍ക്കും നിയമനിര്‍മാണത്തിനും നിയമനിര്‍മാതാക്കളും സംസ്ഥാന സര്‍ക്കാരുകളും ഈ അവസരം പ്രയോജനപ്പെടുത്തണം. അതിസമ്പന്നരെയും ഏറ്റവും സാധാരണക്കാരെയും ഒരേ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന സര്‍ഫാസി നിയമത്തിന്റെ കാര്‍ക്കശ്യത്തില്‍ നിന്നും നിര്‍ധനരായ ഇടപാടുകാരുടെ താല്‍പര്യം എങ്ങനെ സംരക്ഷിക്കാമെന്ന് ചിന്തിക്കാന്‍ ഉചിതമായ സന്ദര്‍ഭമാണിത്. ബോധപൂര്‍വം വായ്പകള്‍ തിരിച്ചടയ്ക്കാന്‍ വിസമ്മതിക്കുന്നവരെയും സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരെയും വേറിട്ടു കാണാന്‍ സംവിധാനങ്ങളുണ്ടാവണം. ചെറുകിട വായ്പകള്‍ക്കായി ഈടു നല്‍കിയ വസ്തുവകകള്‍ തിരിച്ചടവിനായി വിവേകപൂര്‍വം വിനിയോഗിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവണം. അത് വായ്പയെടുത്ത സാധാരണക്കാരെ വഴിയാധാരമാക്കുന്ന നിലവിലുള്ള നിയമത്തിനു പകരം വയ്ക്കുന്ന ഒന്നായിരിക്കണം. ജനദ്രോഹത്തിന് പകരം ജനസൗഹൃദ ബാങ്കിങ്ങായിരിക്കണം പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷ്യം.