ഹൃദയതാളം തെറ്റി മരണവുമായി മല്ലടിച്ചുകഴിയുന്നവര്ക്ക് കൃത്രിമ ഹൃദയം നിര്‍മ്മിച്ചു നല്‍കാനുള്ള ഫാക്ടറി ഇന്ത്യയിലാദ്യമായി പാലക്കാട് വാണിയമ്പലത്ത്. 450 കോടി രൂപ മുതല്‍ മുടക്കുള്ള ഈ ഹൃദയ നിര്‍മ്മാണശാലയുടെ ഗവേഷണ കേന്ദ്രവും പാലക്കാട്ടായിരിക്കുമെന്ന് പ്രമുഖ ഹൃദ്രോഗ ചികിത്സകന് ഡോ. മൂസക്കുഞ്ഞി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎസിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രമാണ് ഇപ്പോള്‍ കൃത്രിമഹൃദയ നിര്മ്മാണശാലകളുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യ, ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലെ ആദ്യത്തെ ഹൃദയ നിര്മ്മാണസംരംഭത്തിനാണ് കേരളത്തില്‍ തുടക്കംകുറിക്കാന്‍ പോകുന്നത്.
ഹൃദയ നിര്‍മ്മാണ ഫാക്ടറിക്ക് വാണിയമ്പലത്തു വാങ്ങിയ 20 ഏക്കറില്‍ നാല് മാസത്തിനകം കെട്ടിടനിര്‍മ്മാണം ആരംഭിക്കും. കൃത്രിമഹൃദയങ്ങള്ക്ക് ആഗോളവ്യാപകമായി കടുത്തക്ഷാമം അനുഭവപ്പെടുമ്പോള്‍ കേരളത്തിലെ ഈ സംരംഭം വന്വിജയമായിരിക്കുമെന്നും അദ്ദേഹം കരുതുന്നു. ഇന്ത്യയില്‍ കൃത്രിമഹൃദയത്തിന് നൂറുകണക്കിന് ആവശ്യക്കാരാണുള്ളതെങ്കിലും വന്‍വില നല്കി വിദേശനിര്‍മ്മിത ഹൃദയങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണുള്ളത്. ഇതുമൂലം ഇന്ത്യന്‍ ഹൃദ്രോഗികള്‍ തങ്ങളുടെ ജീവന് മരണത്തിനു വിട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്ന നിസഹായാവസ്ഥ. കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന കൃത്രിമഹൃദയങ്ങള്ക്ക് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയ്ക്കു നല്കുവാനും കഴിയും.
നിര്‍ദ്ദിഷ്ട ഹൃദയ നിര്‍മ്മാണശാല 10 രൂപ വിലയുള്ള ഓഹരികളും പുറത്തിറക്കും. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇവിടെ 1500 പേര്‍ക്ക് നേരിട്ടു തൊഴിലും ലഭിക്കും. ഇതുവഴി ഹൃദ്രോഗ ചികിത്സാരംഗത്ത് കേരളം ഇന്ത്യയ്ക്കു വഴികാട്ടിയാവുകയും ചെയ്യും. മനുഷ്യഹൃദയം മനുഷ്യനില്‍ മാറ്റിവയ്ക്കുന്നതിനെ അപേക്ഷിച്ച് കൃത്രിമഹൃദയം മാറ്റിവയ്ക്കുന്നതാണ് കൂടുതല്‍ വിജയകരമെന്ന് ഡോ. മൂസക്കുഞ്ഞി അറിയിച്ചു. നിര്മ്മിതഹൃദയം ഏറെക്കാലം വിജയകരമായി പ്രവര്‍ത്തിക്കുകയും ചെയ്യും.
യുഎസിലും ജര്‍മ്മനിയിലും ഈ നൂതന ഹൃദയസാങ്കേതിക വിദ്യ വ്യാപക പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. ജര്‍മ്മനിയില്‍ താന്‍ ഒട്ടേറെപേര്‍ക്ക് നിര്മ്മിതഹൃദയം മാറ്റിവച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൃത്രിമ ഹൃദയ നിര്‍മ്മാണത്തിനാവശ്യമായ ലോഹഘടകങ്ങള്‍ ഇന്ത്യയില്‍ സുലഭമാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന, ഐ ടി തുടങ്ങിയവയുടെ സഹായത്തോടെ സ്ഥാപിക്കുന്ന ഗവേഷണ കേന്ദ്രവും പാലക്കാട്ടെ 400 കിടക്കകളുള്ള ആശുപത്രിയും ഹൃദയ നിര്‍മ്മാണശാലയുടെ ഭാഗമായുണ്ടാകും.
English Summary: Human heart factory to be opened in Palakkad.
you may also like this video;