15 March 2025, Saturday
KSFE Galaxy Chits Banner 2

മനുഷ്യവിഭവ ഗുണമേന്മയും വികസന പരിപ്രേക്ഷ്യവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
February 6, 2025 4:17 am

മനുഷ്യവിഭവ ശേഷിയുടെ ഗുണമേന്മ ഉറപ്പാക്കാതെ ലോകരാജ്യങ്ങള്‍ക്കൊന്നും സാമ്പത്തിക വികസനം സാധ്യമാവില്ല. ഈ യാഥാര്‍ത്ഥ്യം ശരിയായവിധത്തില്‍ തിരിച്ചറിയാതെയാണ് നമ്മുടെ ഭരണകര്‍ത്താക്കളും ബിസിനസ് ലോകവും ബുദ്ധജീവി വിഭാഗങ്ങളും ഇന്ത്യ ഒരു ലോക സാമ്പത്തികശക്തിയായി അതിവേഗം രൂപാന്തപ്പെട്ടുവരികയാണെന്ന് വീമ്പിളിക്കുന്നത്. ഈയവസരത്തിലാണ് ഇക്കൂട്ടരെല്ലാം കണക്കിലെടുക്കേണ്ടൊരു വസ്തുതയിലേക്ക് ധനശാസ്ത്ര നൊബേല്‍ ജേതാവ് ഡോ. അമര്‍ത്യാ സെന്‍ നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്. മതിയായ വിദ്യാഭ്യാസ നിലവാരമോ ആരോഗ്യമോ ഇല്ലാത്തൊരു അധ്വാനശക്തിയായിട്ടും ആഗോള സാമ്പത്തികശക്തി എന്ന പദവിക്കായി പരിശ്രമം നടത്തിവരുന്ന ഏക ലോകരാജ്യം ഇന്ത്യയാണ് എന്നാണ് ഡോ. സെന്‍ പറയുന്നത്.
ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയുടെ വലിപ്പവും ഗുണമേന്മയും കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള അതിന്റെ അവസ്ഥ പരമദയനീയമാണെന്നേ ഒറ്റനോട്ടത്തില്‍ കരുതാന്‍ നിര്‍വാഹമുള്ളൂ. സര്‍വകലാശാലകളുടെ കാര്യമായാലും ദേശീയ സാങ്കേതിക, മാനേജ്മെന്റ് സ്ഥാപനങ്ങളുടെ കാര്യമായാലും ലോകനിലവാരം പുലര്‍ത്തുന്നവയായി ഉയര്‍ത്തിക്കാട്ടാവുന്നതായി ഒന്നോ രണ്ടോ എണ്ണം മാത്രമേയുള്ളൂ. ഇതിനുപുറമെ ഹ്രസ്വകാല നയസമീപനങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ നയങ്ങളുടെ ഫലമായി നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ ഗുണമേന്മപോലും അടിക്കടി നാശോന്മുഖമാകുന്നതായാണ് അനുഭവപ്പെടുന്നത്. മതിയായ യോഗ്യതയില്ലാത്ത അധ്യാപകരെ അക്കാദമിക് — ഇതര പരിഗണനകള്‍ കണക്കിലെടുത്ത് നിയമിക്കുന്നതും നിലവാരത്തകര്‍ച്ചയുടെ ആക്കം വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തരം ഒട്ടേറെ അപാകതകളും അപര്യാപ്തതകളും വ്യാപകമായതിനെ തുടര്‍ന്ന് പ്രതിവര്‍ഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബിരുദധാരികളായി പുറത്തുവരുന്ന ദശലക്ഷങ്ങളില്‍‍ ചെറിയൊരുഭാഗത്തെ മാത്രമേ യോഗ്യത നേടിയവരായി കാണാന്‍ കഴിയുന്നുള്ളൂ എന്നതാണ് വസ്തുത.
തൊഴില്‍ തേടുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും അവരില്‍ ചെറിയൊരു ഭാഗത്തിനുമാത്രമേ എംപ്ലോയിബിലിറ്റി അവകാശപ്പെടാന്‍ സാധ്യമാകുന്നുള്ളു. വിദ്യാഭ്യാസ യോഗ്യതയോടൊപ്പം തൊഴില്‍ പരിശീലനം കൂടി നല്‍കാനായെങ്കില്‍ മാത്രമേ, തൊഴിലിനുള്ള യോഗ്യത പൂര്‍ത്തീകരിക്കാന്‍ സാധ്യമാകൂ. ഇന്ത്യന്‍ യുവത അഭിമുഖീകരിക്കുന്ന അതിഗുരുതരമായ പ്രതിസന്ധിയാണിത്. 2020ലെ ലോക സാമ്പത്തിക ഫോറം തന്നെ ഈ പ്രതിസന്ധിയിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധക്ഷണിച്ചിരുന്നതാണ്. അന്നത്തെ നിലയില്‍ എന്‍ജിനീയറിങ് ബിരുദധാരികളില്‍ 20ശതമാനത്തിനും സാധാരണ ബിരുദധാരികളില്‍ 10ശതമാനത്തിനും മാത്രമാണ് തൊഴിലിന് അര്‍ഹമായ വൈദഗ്ധ്യമുണ്ടായിരുന്നുള്ളൂ എന്നായിരുന്നു കണ്ടെത്തല്‍. ഇന്ത്യന്‍ ഭരണകൂടം 2019ല്‍ തയ്യാറാക്കിയ എന്‍ജിനീയറിങ് ബിരുധാരികളെ സംബന്ധിച്ച എംപ്ലോയിബിലിറ്റി റിപ്പോര്‍ട്ടില്‍ സൂചന നല്‍കിയിരുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയായിരുന്നു. എന്‍ജിനീയറിങ് ബിരുദധാരികളില്‍ 80ശതമാനത്തിനും അവര്‍ പഠനവിധേയമാക്കിയിരുന്ന വിജ്ഞാനശാഖയില്‍ പണിയെടുക്കാനുള്ള കഴിവില്ലായിരുന്നു എന്നതാണിത്. 2024ല്‍ നിതി ആയോഗ് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നല്‍കുന്ന വിവരമാകട്ടെ ആഗോള മൂല്യശൃംഖലയില്‍ ഇന്ത്യയുടെ ഇലക്ട്രോണിക്സ് വിജ്ഞാനമേഖലയുടെ ശാക്തീകരണ സ്ഥാനം കണക്കിലെടുത്താല്‍ ഇലക്ട്രോണിക്സ് എന്‍ജിനീയര്‍മാരില്‍ 80ശതമാനത്തിനും പ്രസ്തുത മേഖലയില്‍ പണിയെടുക്കാനുള്ള വൈദഗ്ധ്യമില്ല എന്നാണ്.
പുതിയ ശാസ്ത്ര‑സാങ്കേതിക വിജ്ഞാനശാഖകളുടെ വരവോടെ സാങ്കേതിവിദ്യാ പ്രയോഗം സാമൂഹ്യശാസ്ത്ര മേഖലയിലേക്കുകൂടി — സ്ഥിതിവിവര കണക്കുകള്‍ക്കുള്ള മുന്തിയ പ്രാധാന്യം അടക്കം അതിവേഗം കടന്നുകയറ്റം നടത്തിവരികയാണ്. നിര്‍മ്മിതബുദ്ധി (എഐ) സംവിധാനങ്ങളും റോബോട്ടിക്ക് അറിവുകളും വ്യാപകമായതോടെ മനുഷ്യന്റെ കായികശക്തിക്കും ബുദ്ധിശക്തിക്കും മറ്റുമുള്ള പങ്ക് ഏറെക്കുറെ അപ്രസക്തമാക്കപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം ഉള്‍ക്കൊള്ളുന്നതിന് അനുയോജ്യമായൊരു ചട്ടക്കൂട് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ – ഗവേഷണ മേഖലകളില്‍ ഇപ്പോള്‍ നിലവിലില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാനോ അംഗീകരിക്കാനോ ഉള്ള മാനസികാവസ്ഥ ഇന്ത്യയിലെ രാഷ്ട്രീയാധികാര ശക്തികള്‍ക്കോ ഭരണസംവിധാനങ്ങള്‍ക്കോ നിലവിലില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 

വിദ്യാഭ്യാസ വ്യവസ്ഥയുടെ താഴേത്തട്ടിലുള്ള അവസ്ഥാവിശേഷവും ഒട്ടും മെച്ചമല്ല. 2023ലെ ആന്വല്‍ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത്, വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ 14–18പ്രായത്തിലുള്ള 25ശതമാനം പേര്‍ക്കും ആറ് — ഏഴ് പ്രായത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രാദേശിക ഭാഷയിലുള്ള പുസ്തകങ്ങള്‍ പോലും വായിക്കാന്‍ കഴിയുന്നില്ല എന്നാണ്. 64.7ശതമാനം കുട്ടികള്‍ക്കും ഗണിതശാസ്ത്ര പരിജ്ഞാനവും വളരെ മോശമാണ്. ഏഴ് മുതല്‍ ഒമ്പത് വയസുവരെയുള്ള വിഭാഗക്കാരില്‍ 61ശതമാനം പേര്‍ക്കും ഒരു സ്കെയിലിന്റെ സഹായത്തോടെ ഒരു നിശ്ചിത ദൈര്‍ഘ്യം അളക്കുന്നതിനുള്ള കഴിവുപോലുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തൊഴില്‍ വിജ്ഞാനമോ പരിശീലനമോ നേടിയിട്ടുള്ളവര്‍ വെറും 5.6ശതമാനം ബിരുദധാരികള്‍ മാത്രമേ വരുന്നുള്ളൂ. 2015ല്‍ ഇത്തരം മേഖലകളെപ്പറ്റി ആധികാരികമായൊരു പഠനം നടത്തുക ലക്ഷ്യമാക്കി തുടക്കമിട്ട സ്കില്‍ ഇന്ത്യ പ്രോഗ്രാം എവിടെയും എത്താത്ത അവസ്ഥയിലാണ്. പരിശീലനമോ പുനര്‍പരിശീലനമോ നല്‍കിയാല്‍ത്തന്നെയും എംപ്ലോയിബിള്‍ ആക്കാന്‍ കഴിയുന്ന യുവാക്കളുടെ എണ്ണം തുലോം പരിമിതമാണ്.
സ്കൂളില്‍ പ്രവേശനം നേടുന്നന്നവരുടെ എണ്ണവും ക്രമേണ കുറഞ്ഞുവരുന്നതായിട്ടാണ് കാണുന്നത്. കാരണം, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ലക്ഷക്കണക്കിനാണ് ഏതാനും വര്‍ഷങ്ങളായി തൊഴിലില്ലാത്തവരായി അലഞ്ഞുതിരിയുന്നത് എന്നതുതന്നെ. സ്വാഭാവികമായും താഴേത്തട്ടില്‍ നിന്നുതന്നെ വിദ്യാഭ്യാസം അനാകര്‍ഷകമായി മാറുന്നുവെന്നാണ് യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ — ഏകീകൃത ജില്ലാതല വിവരശേഖരണ സംവിധാനം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ കാണുന്നത്. 2021–22നും 2023–24നും ഇടയില്‍ സ്കൂള്‍ പ്രവേശനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കുറവ് 255.7ല്‍‍ നിന്ന് 235ദശലക്ഷത്തിലേക്കാണ്. ഇതാണ് യാഥാര്‍ത്ഥ്യമെന്നിരിക്കെ മോഡി സര്‍ക്കാരിനെ പുകഴ്ത്തുന്ന ധനശാസ്ത്രജ്ഞരും ഹിന്ദുത്വവാദി സംഘടനകളും, എന്‍ഡിഎ ഭരണം പിന്തുടര്‍ന്നുവരുന്ന സാമ്പത്തിക നയങ്ങളുടെയും ജനസംഖ്യാ വര്‍ധനാഹ്വാനങ്ങളുടെയും ഫലമായി നമ്മുടെ രാജ്യം അതിവേഗം ആഗോള നേതൃസ്ഥാനത്തേക്കുള്ള വഴിയിലൂടെ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന വ്യാപകമായ പ്രചരണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. നാം അടിയന്തരമായി തിരിച്ചറിയേണ്ടൊരു വസ്തുത, അതിവേഗം വളര്‍ന്ന് ശക്തിപ്രാപിച്ചുവരുന്ന യുവാക്കളുടെ ഊര്‍ജം ഫലപ്രദമായി വിനിയോഗിക്കപ്പെടാതിരുന്നാല്‍ അതിന്റെ ഫലം ഗുരുതരമായ സാമൂഹ്യ അസ്വസ്ഥതകളിലേക്കും അക്രമങ്ങളിലേക്കും നയിക്കുമെന്നാണ്. ഇപ്പോള്‍തന്നെ, വിദ്യാസമ്പന്നരായ യുവാക്കള്‍ ഭാവിയെ സംബന്ധിക്കുന്ന പ്രതീക്ഷകളെല്ലാം തകര്‍ന്ന് വഴിവിട്ട ജീവിതമാര്‍ഗങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്തകളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

മയക്കുമരുന്നടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപഭോഗം അവര്‍ക്കിടയില്‍ അഭൂതപൂര്‍വമായ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഭീകരപ്രവര്‍ത്തകരുടെയും രാജ്യദ്രോഹികളുടെയും സ്വാധീനത്തില്‍ അകപ്പെടുന്നവരുടെ എണ്ണവും കുറവല്ല. സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന് ഊറ്റംകൊള്ളുന്ന കേരളത്തില്‍പ്പോലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരക്കാരായി സമീപകാലത്ത് 20വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്. അച്ഛനമ്മമാരെയും സഹോദരങ്ങളെയും കൊലക്കത്തിക്കിരയാക്കുന്നവരുടെ പട്ടികയില്‍ ഇടംനേടുന്നത് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്.
കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ജീവിതക്ലേശങ്ങളില്‍ മടുപ്പുതോന്നുന്ന വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഒന്നുകില്‍ അക്രമികളായി മാറുന്നു, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. 1970നും 2000ത്തിനും ഇടയ്ക്കുള്ള 30വര്‍ഷക്കാലയളവില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്താനായത്, ഇവിടങ്ങളില്‍ നടന്ന 80ശതമാനത്തിലധികം സിവില്‍ ഏറ്റുമുട്ടലുകളില്‍ 60ശതമാനത്തിലും 30വയസില്‍ താഴെയുള്ളവരുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു എന്നാണ്. ഇന്ത്യയിലാണെങ്കില്‍ 65ശതമാനം പേരും 35വയസില്‍ താഴെ പ്രായമുള്ളവരായിരുന്നു. അതായത് 429ദശലക്ഷം പേരില്‍ ബഹുഭൂരിഭാഗവും 15–29പ്രായത്തില്‍പ്പെട്ടവരായിരുന്നു.
ഇന്ത്യന്‍ യുവജനത അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ഏകദേശ രൂപം കണ്ടെത്താന്‍ ഇതിലേറെ കണക്കുകള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇത്തരമൊരു പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളില്‍ തൊഴിലില്ലായ്മ മാത്രമല്ല, വര്‍ധിച്ചുവരുന്ന അസമത്വങ്ങളും ചൂഷണവും അഴിമതികളും നഗ്നമായ സ്വജനപക്ഷപാതവും ജനാധിപത്യ അവകാശ ധ്വംസനങ്ങളും ഉള്‍പ്പെടുന്നു. അതേസമയം നിലവിലുള്ള രാഷ്ട്രീയ ഭരണകര്‍ത്താക്കളും അവര്‍ നടുനായകത്വം വഹിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങളും നിയമസംവിധാനങ്ങളും ഇത്തരം അനീതികള്‍ക്കുനേരെ കണ്ണടയ്ക്കുന്നു. നീതി നിഷേധത്തിനെതിരെ രംഗത്തുവരുന്ന യുവജനതയെ മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും സംസ്കാരത്തിന്റെയും പേരില്‍ ഭിന്നിക്കാനുള്ള എല്ലാവിധ ഹീനമാര്‍ഗങ്ങളും സംഘടിതമായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും നടത്തിവരികയുമാണ്. വെറും പ്രാദേശിക ആഭ്യന്തര പ്രശ്നങ്ങളായി രൂപംകൊള്ളുന്ന ഇത്തരം ഭിന്നതകള്‍ അതിവേഗം ദേശീയതലത്തില്‍ ഭിന്നിപ്പുകള്‍ക്കും ദേശീയ രാഷ്ട്രീയ അസ്ഥിരതയ്ക്കും തകര്‍ച്ചയ്ക്കും വഴിയൊരുക്കുന്നു. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.