വിദ്യാര്‍ഥിനിയുടെ അപകട മരണം: ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Web Desk
Posted on August 03, 2019, 7:02 pm

കോഴിക്കോട്: കൊയിലാണ്ടി എസ്എന്‍ കോളജിലെ വിദ്യാര്‍ഥിനി അനുശ്രീ ജൂലൈ 24 ന് വടകരയില്‍ ബസ്സിടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംഭവം നടന്ന് ഒമ്പത് ദിവസം കഴിഞ്ഞിട്ടും ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് പരാതിയുള്ളതായി കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

സംഭവസ്ഥലത്തുണ്ടാക്കിയ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നതായി പരാതിയുണ്ട്. ട്രാഫിക് പരിഷ്‌കാരങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന പരാതി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ ലഭിച്ച ശേഷം കേസ് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

അനുശ്രീയുടെ ദാരുണമായ അന്ത്യത്തിന് ഇടയാക്കിയത് പിന്നില്‍ ഡ്രൈവറുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് വിദ്യാര്‍ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജെ എന്‍ അതുല്‍ സുരേന്ദ്രന്‍ പറഞ്ഞു. ട്രാഫിക് നിയമലംഘനം നടത്തി ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരുടെ മത്സരവും വിലപ്പെട്ട ജീവനുകള്‍ അപഹരിക്കുകയാണ്. കൊയിലാണ്ടി എസ്എന്‍ കോളജില്‍ നിന്നും ക്ലാസ് കഴിഞ്ഞതിനുശേഷം വടകര ലിങ്ക് റോഡില്‍ ബസ്സിറങ്ങിയ അനുശ്രീ വടകര പഴയ സ്റ്റാന്റ് സ്റ്റാന്‍ഡിലേക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാക്കില്‍ നിര്‍ത്തിയ ബസുകളെ മറികടന്നെത്തിയ വടകര കൊയിലാണ്ടി റൂട്ടിലോടുന്ന അശ്വമേധം ബസാണ് ഇടിച്ചിട്ടത്. ബസ് ഡ്രൈവര്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയാണുണ്ടായത്.

അപകടം നടന്നയുടന്‍ ഓടിരക്ഷപ്പെട്ട ഡ്രൈവറുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ടങ്കിലും ഡ്രൈവറെ കിട്ടാത്തതിനാല്‍ അന്വേഷണം മുന്നോട്ടു പോയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ഇതിനുമുന്‍പും ലിങ്ക് റോഡില്‍ നടപ്പിലാക്കിയത് അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അശാസ്ത്രീയമായ പരിഷ്‌കാരമാണ് അനുശ്രീയുടെ ജീവനെടുത്തത്. അശാസ്ത്രീയമായ രീതിയില്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ നടത്തി വടകര ലിങ്ക് റോഡില്‍ ബസുകള്‍ക്ക് സ്റ്റാന്‍ഡ് അനുവദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പരാതിയിലുണ്ട്. അശാസ്ത്രീയമായി നിര്‍മ്മിച്ച ലിങ്ക് റോഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടി കലക്ടറെയും മറ്റു തെറ്റിദ്ധരിപ്പിച്ചാണ് പരിഷ്‌കാരങ്ങള്‍ കൈക്കൊണ്ടതെന്ന് പരാതിയില്‍ പറയുന്നു.

ജനുവരി ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നിലവില്‍ വന്ന ശേഷം 7മാസത്തിനിടയില്‍ ഇത് നാലാമത്തെ മരണമാണ്. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ഇവിടെ വടകരയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കി വിദ്യാര്‍ഥിനിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരായ വടകര ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, വടകര ആര്‍ടിഒ, വടകര നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്ന വടകര പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ മാതൃകാപരമായി നടപടിയെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.