Janayugom Online
human activist arrest

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ഫാസിസ്റ്റ് രീതിതന്നെ

Web Desk
Posted on August 29, 2018, 10:22 pm

മനുഷ്യാവകാശ — ദളിത് — സാമൂഹ്യ പ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തിയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചും അറസ്റ്റ് ചെയ്യുന്ന നടപടി ബിജെപി സര്‍ക്കാരുകള്‍ തുടരുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പൂനെ പൊലീസ് അഞ്ചു മനുഷ്യാവകാശ — തൊഴിലാളി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവം. ഈ വര്‍ഷം ജനുവരി ആദ്യദിനം മഹാരാഷ്ട്രയിലെ കൊറെഗാവില്‍ ദളിതര്‍ക്കുനേരെ സവര്‍ണഗുണ്ടകള്‍ അഴിച്ചുവിട്ട അതിക്രമങ്ങളുടെ പേരു പറഞ്ഞാണ് കണ്ടെത്തലുകളെന്ന പേരില്‍ ചില കഥകള്‍ മെനഞ്ഞ് കള്ളക്കേസ് ചുമത്തി സുധ ഭരദ്വാജ്, വരവര റാവു, വെര്‍നന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, അരുണ്‍ ഫെരേര എന്നിവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതേ സംഭവത്തില്‍ അന്വേഷണം നടത്തി കണ്ടെത്തിയതെന്ന പേരില്‍ ചില കള്ളക്കഥകള്‍ പൂനെ പൊലീസ് നേരത്തേ പ്രചരിപ്പിക്കുകയും അതിന്റെ തുടര്‍ച്ചയായി മലയാളിയടക്കം ചില മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഭീമ കൊറേഗാവ് സംഭവത്തിന് പിന്നില്‍ യഥാര്‍ഥത്തില്‍ തീവ്ര വലതുപക്ഷ — ഹിന്ദുത്വ സംഘടനകളായ സംഭാജി ഭിണ്ഡേ, മിലിന്ദ് എക്‌ബോതെ എന്നിവയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അതിനെ മറച്ചുപിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വധ ഗൂഢാലോചനയെന്ന കള്ളക്കഥ മെനഞ്ഞ് കഴിഞ്ഞ ജൂണില്‍ വിവിധ മനുഷ്യാവകാശ — ദളിത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന സുധീര്‍ ധവാലെ, അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവത്ത്, പ്രൊഫസര്‍ ഷോമ സെന്‍, മലയാളിയായ റോണ വില്‍സന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നത്. ഒരു വര്‍ഷം മുമ്പ് നടന്നതെന്നും ഏപ്രില്‍ മാസത്തില്‍ പൊലീസ് കണ്ടെത്തിയതെന്നും പ്രചരിപ്പിച്ചായിരുന്നു അന്നത്തെ അറസ്റ്റ് ഉണ്ടായത്. പ്രധാനമന്ത്രിയെ പോലൊരു ഉന്നത വ്യക്തിയെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്നത് പോലുള്ള പച്ചക്കള്ളമാണ് അന്ന് പ്രചരിപ്പിച്ചത്. ആ ഘട്ടത്തിലും സംഭവത്തില്‍ നക്‌സല്‍ ബന്ധമുണ്ടെന്ന് പൊലീസ് പ്രചരിപ്പിക്കുകയുണ്ടായി.
ആ ഘട്ടത്തില്‍ തന്നെ അതിന്റെ പൊള്ളത്തരവും യുക്തിയില്ലായ്മയും വെളിപ്പെട്ടിരുന്നതാണ്. ഒന്നര വര്‍ഷം മുമ്പ് നടന്ന ഗൂഢാലോചന കണ്ടെത്താന്‍ വൈകിയത്, കണ്ടെത്തിയിട്ടും അറസ്റ്റ് ചെയ്യാന്‍ പിന്നെയും മാസങ്ങള്‍ വൈകിയത് തുടങ്ങിയ കാര്യങ്ങളില്‍ യുക്തിഭദ്രമായ വിശദീകരണം നല്‍കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരെ വേട്ടയാടാനുള്ള വളഞ്ഞ വഴികള്‍ കണ്ടെത്തുകയായിരുന്നു പൊലീസെന്ന് അന്നുതന്നെ വ്യക്തമായതുമാണ്. മാത്രവുമല്ല ദളിതര്‍ക്ക് നേരെ സവര്‍ണ അതിക്രമമുണ്ടായ സംഭവത്തില്‍ ദളിത് അവകാശ പ്രവര്‍ത്തകരുടെ പങ്കെന്താണെന്ന് വിശദീകരിക്കാനും സാധിച്ചിരുന്നില്ല.
ഈയൊരു പശ്ചാത്തലം നില്‍ക്കേയാണ് ഇപ്പോള്‍ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലില്‍ അടച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയേയും മനുഷ്യാവകാശ ലംഘനങ്ങളെയും ചോദ്യം ചെയ്യുന്നവരെകല്‍ത്തുറുങ്കിലടയ്ക്കുകയെന്ന ഫാസിസ്റ്റ് രീതി പല തവണയായി രാജ്യത്ത് ആവര്‍ത്തിക്കുകയാണ്. ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ ദേശവിരുദ്ധരെന്ന് മുദ്ര കുത്തി ജയിലില്‍ അടച്ചതുമുതല്‍ നിരവധി ഉദാഹരണങ്ങള്‍ ഇതിന് തെളിവുകളായുണ്ട്.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, ധബോല്‍ക്കര്‍ എന്നിവരുടെ വധത്തിന് പിന്നില്‍ സമാന സ്വഭാവമുണ്ടെന്നും ഒരേ രീതിയാണ് അവലംബിക്കപ്പെട്ടതെന്നും കണ്ടെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഇപ്പോഴത്തെ അറസ്റ്റ് ഉണ്ടായതെന്നത് യാദൃച്ഛികമല്ല. വലതുപക്ഷ ഹിന്ദു തീവ്ര സംഘടനകള്‍ രാജ്യത്ത് വന്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടെന്ന കണ്ടെത്തലും അതേ തുടര്‍ന്നുള്ള അറസ്റ്റുകളുമുണ്ടായതും കഴിഞ്ഞയാഴ്ചയിലാണ്. ജൂണ്‍ മാസത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇതേ കാരണങ്ങള്‍ നിരത്തി തന്നെയാണ് അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് ദളിത് അതിക്രമങ്ങള്‍ക്ക് പിന്നില്‍ രണ്ട് തീവ്ര ഹിന്ദു സംഘടനകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളിലാണ് അന്നത്തെ അറസ്റ്റുമുണ്ടായത്. ഈ രണ്ട് സംഭവങ്ങളുടെയും സമാനതകള്‍ ചിലത് ഓര്‍മപ്പെടുത്തുന്നുണ്ട്. രാജ്യത്ത് ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കുവാനും അതുവഴി സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനും ശ്രമിക്കുന്നത് ഹിന്ദു സംഘടനകളാണെന്ന് വരുമ്പോഴാണ് ഇത്തരം വ്യാജ പ്രചരണം സൃഷ്ടിക്കപ്പെടുന്നത് എന്നതാണ് അതില്‍ ഒന്ന്. പ്രസ്തുത കണ്ടെത്തലുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ലഘൂകരിക്കാനുമുള്ള നിഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. അതുപോലെതന്നെ രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്‌നങ്ങള്‍ ഗുരുതരമാവുകയും മോഡിയുടെ പ്രതിഛായ അനുനിമിഷം തകരുകയും ചെയ്യുമ്പോള്‍ അതിനെ മറികടക്കാനും ഇത്തരം കള്ളക്കഥകള്‍ ഉപയോഗപ്പെടുമെന്ന ദുഷ്ടലാക്കും ഇതിന് പിന്നിലുണ്ട്. വധഗൂഢാലോചന പോലുള്ള കുപ്രചരണങ്ങള്‍ സഹതാപം നേടാനുള്ള കുറുക്കുവഴിയായി ഉപയോഗിക്കാമെന്നാണ് മോഡി പ്രഭൃതികള്‍ ധരിച്ചുവച്ചിരിക്കുന്നതെന്ന് കരുതാവുന്നതാണ്.
ആടിനെ പട്ടിയെന്നും പിന്നീട് പേപ്പട്ടിയെന്നും വിളിച്ച് വിളിച്ച് തല്ലിക്കൊല്ലാനാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന — കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. അതിന് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണിപ്പോള്‍. ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ നാടകം കൂടിയാണിപ്പോള്‍ മോഡിയും കൂട്ടരും കളിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുന്ന ഫാസിസ്റ്റ് രീതി കൂടിയാണ്. ജനാധിപത്യ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രതപ്പെടണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.