ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമൂഹിക നീതി വകുപ്പ് നൽകുന്ന വിജയാമൃതം പദ്ധതിയിൽ നിന്നും കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച വിദ്യാർത്ഥികളെ ഒഴിവാക്കാൻ പാടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
അണ്ണാമല സർവകലാശാലയിൽ നിന്നും എംഎ പബ്ളിക് അഡ്മിനിസ്ട്രേഷൻ ആദ്യ ചാൻസിൽ ഫസ്റ്റ് ക്ലാസിൽ പാസായ വിദ്യാർത്ഥിക്ക് സാമൂഹിക നീതി വകുപ്പ് നിരസിച്ച വിജയാമൃതം സ്കോളർഷിപ്പ് ഉടൻ ലഭ്യമാക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സാമൂഹിക നീതി വകുപ്പ് ഡയറക്ടർക്ക് ഉത്തരവ് നൽകി.
ഇടപ്പള്ളി സ്വദേശി വി എ നസീർ സമർപ്പിച്ച പരാതിയിലാണ് നടപടി. ബിരുദമോ പി.ജിയോ ആദ്യ ചാൻസിൽ 50 ശതമാനം മാർക്കോടെ പാസാകുന്ന ഭിന്ന ശേഷികാർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. പ്രൈവറ്റ് സ്റ്റഡി,പാരലൽ കോളേജ്, വിദൂര വിദ്യാഭ്യാസം തുടങ്ങിയ രീതികളിൽ പഠിച്ചവർക്കും സഹായം നൽകും. എന്നാൽ അണ്ണാമല സർവകലാശാലയിൽ നിന്നും വിദൂരവിദ്യാഭ്യാസം വഴി പഠിച്ച തനിക്ക് സ്കോളർഷിപ്പ് നിഷേധിച്ചെന്നാണ് വിദ്യാർത്ഥിയുടെ പരാതി.
സാമൂഹിക നീതി വകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. നിലവിലെ മാർഗ്ഗനിർദ്ദേശ പ്രകാരം കേരളത്തിൽ പഠിച്ചവരെ മാത്രം സ്കോളർഷിപ്പിന് പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. മാർഗ്ഗ നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
English summary: Human Rights commission on Vijayamrtham project
You may also like this video: