തെലങ്കാന ഏറ്റ്മുട്ടൽ: മൃതദേഹം സംസ്കരിക്കരുതെന്ന് കോടതി

Web Desk
Posted on December 07, 2019, 3:12 pm

ഹൈദരാബാദ്: ഏറ്റുമുട്ടൽ കൊലയുമായി ബന്ധപ്പെട്ട നിർണായക ഹർജികളിൽ വാദം കേൾക്കുന്നത് തെലങ്കാന ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. വ്യാജ ഏറ്റുമുട്ടൽ കൊലയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഒൻപത് ഹർജികൾ ആണ് പരിഗണിക്കുക. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരുടേയും മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടുവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

you may also like this video

പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചിത്രീകരിച്ച് സിഡിയോ പെന്‍ഡ്രൈവോ മഹ്ബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്. ജില്ലാ ജഡ്ജി ഇത് ഞായറാഴ്ച വൈകിട്ടോടെ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കൈമാറണം.വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ചതിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. പ്രതികള്‍ തോക്ക് തട്ടിയെടുത്ത് പൊലീസിനെ വെടിവച്ചെന്നാണ് കമ്മിഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞത്. പൊലീസ് തിരിച്ചു വെടിവച്ചപ്പോഴാണ് നാലുപേരും കൊല്ലപ്പെട്ടത്. പ്രതികളുടെ കല്ലേറിൽ രണ്ടു പൊലീസുകാര്‍ക്കും പരുക്കേറ്റു. സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പിനായി സൈബരാബാദിൽ എത്തും.