കോവിഡ് കാലത്ത് യുദ്ധസമാനമാണ് സാഹചര്യങ്ങൾ. ഭരണയന്ത്രമാകെയും നീതിപീഠവും ക്രമസമാധാന സംവിധാനങ്ങളുമെല്ലാം മഹാമാരിയെ നേരിടാനുള്ള പ്രവർത്തനങ്ങളിൽ മുഴുകുന്ന, അസാധാരണമെന്ന വാക്കിനുപോലും പ്രതിഫലിപ്പിക്കാൻ സാധിക്കാത്ത അവസ്ഥാവിശേഷം. മരിക്കുന്നവരുടെയും രോഗികളുടെയും എണ്ണവും വ്യാപനത്തിന്റെ തോതും കുറയ്ക്കുന്നതിന് എല്ലാവരും എല്ലാം മറന്നുള്ള പ്രവർത്തനങ്ങളിൽ. അതിനൊപ്പം രാജ്യത്താകെയുള്ള ജനങ്ങൾ തോൾ ചേർന്ന് നിൽക്കുകയും ചെയ്യുന്നു. ഓരോ ദേശത്തിന്റെയും പ്രദേശത്തിന്റെയും പ്രശ്നങ്ങൾ കണ്ടറിഞ്ഞും കേട്ടും പരിഹരിക്കുന്നതിന് കിണഞ്ഞു ശ്രമിക്കുകയാണ് അതാതിടങ്ങളിലെ ഭരണ സംവിധാനങ്ങളും രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും ബഹുജന സംഘടനകളും. അതിനിടയിലും സംഘപരിവാർ സംഘടനകൾ തങ്ങൾക്കാകാവുന്ന വിധത്തിൽ ഭരണവും സ്വാധീനവുമുപയോഗിച്ച് അവരുടെ അജണ്ടകൾ മുറപോലെ ഇപ്പോഴും നടപ്പിലാക്കുന്നുണ്ട്.
നിലവിലുള്ള ആശങ്കകളെ ശക്തിപ്പെടുത്തിക്കൊണ്ട് നമ്മുടെ നീതിപീഠങ്ങളും അതിന്റെ കൂടെയുണ്ട്. അതാണ് ഡൽഹിയിൽ നിന്നും യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുമുള്ള വാർത്തകൾ വ്യക്തമാക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകരായ ഡോ. ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവ്ലാഖ എന്നിവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം കേന്ദ്രസർക്കാർ ധൃതിപിടിച്ച് നടത്തുന്നത് ഇതിന്റെ ഒരു ഉദാഹരണമാണ്. ഭീമ കൊറേഗാവ് കേസ് പുനഃപരിശോധിക്കുന്നതിനുള്ള തീരുമാനം ഇപ്പോഴത്തെ മഹാരാഷ്ട്ര സർക്കാർ കൈക്കൊണ്ടിരുന്നതാണ് അതിനിടെയാണ് സംസ്ഥാനത്ത് കൊറോണ വ്യാപനം ഉണ്ടായത്. അതിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ പ്രസ്തുത നടപടി വൈകുകയായിരുന്നു.
മുൻ ബിജെപി സർക്കാർ ചുമത്തിയ കേസ് പ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അതിനായി സുപ്രീം കോടതിയിൽ നിന്ന് ഇരുവരും ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന ഉത്തരവ് നേടുകയും ചെയ്തു. അതനുസരിച്ച് നാളെ അവർ ഹാജരായിരിക്കണം. ഹാജരായാലും ഇല്ലെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനാണ് പദ്ധതി. ഇതേ കേസിൽ കുറ്റാരോപിതരായ ഒമ്പതു പേർ 2018 മുതൽ ജയിലിൽ കഴിയുകയാണ്. അവരിൽ ചിലർക്കെതിരെയുള്ള തെളിവുകളെന്ന് പറഞ്ഞിരുന്ന ചില കമ്പ്യൂട്ടർ രേഖകൾ കൃത്രിമമായിരുന്നുവെന്ന് അടുത്ത കാലത്താണ് കണ്ടെത്തലുകളുണ്ടായത്. എന്നിട്ടും ഡോ. ആനന്ദ് തെൽതുംബ്ഡെ, ഗൗതം നവ്ലാഖ എന്നിവരെ ജയിലിൽ അടയ്ക്കാനാണ് നീക്കം നടക്കുന്നത്. അസമിലെ അഖിൽ ഗോഗോയിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഒന്നൊഴിയുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ കേസ് ചുമത്തി അദ്ദേഹത്തെയും ജയിലിൽ നിന്ന് പുറത്തുവരാൻ സാധിക്കാത്ത വിധം വേട്ടയാടുകയാണ്. വിചിത്രമായ കാര്യം ഇത്തരം കേസുകൾ പരിഗണിക്കുന്നതിന് നമ്മുടെ കോടതികൾ ഇപ്പോഴും അമിത താൽപര്യം കാട്ടുന്നുവെന്നതാണ്. സുപ്രധാനമായ കേസുകൾ മാത്രമേ വീഡിയോ കോൺഫ്രൻസിങ്ങിലൂടെ പരിഗണിക്കാവൂ എന്ന് നിർദ്ദേശം നൽകിയ സുപ്രീം കോടതി തന്നെ എന്താണ് ഭീമ കൊറേഗാവ് കേസിന്റെ പ്രാധാന്യം എന്ന് വ്യക്തമാക്കാതെ പരിഗണിക്കുകയായിരുന്നു.
കോവിഡിനിടയിലും അഖിൽ ഗോഗോയിയുടെ പേരിൽ പുതുതായി ചുമത്തുന്ന ഓരോ കേസുകൾ പരിഗണിക്കുന്നതിലും അസമിലെ വിവിധ കോടതികൾ അമിതമായ താൽപര്യമാണ് കാട്ടുന്നത്. സുപ്രീംകോടതി തന്നെയാണ് കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അവർക്ക് ഭക്ഷണം കിട്ടുന്നുണ്ടല്ലോ എന്ന ചോദ്യം ഉന്നയിച്ചതും. ഇതിലൂടെയെല്ലാം കോടതിയുടെ നിഷ്പക്ഷതയെ കുറിച്ചുള്ള ആശങ്കകൾ ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ഫെബ്രുവരിയിൽ വംശഹത്യ ലക്ഷ്യം വച്ചു നടന്ന വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തിന്റെ ഇരകൾ ഈ ലോക്ഡൗൺ കാലത്ത് ദുരിതത്തിലാണ്. കോവിഡിനെതിരായ പ്രതിരോധത്തിന്റെ അടിസ്ഥാന തത്വമായ സമൂഹ അകലം പാലിക്കൽ എന്നതിന്റെ പേരിൽ ഇരകളെ പാർപ്പിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ ഒഴിവാക്കി.
കത്തിച്ചതും തകർക്കപ്പെട്ടതുമായ അവരുടെ കുടിലുകളിലേയ്ക്കും വീടുകളിലേയ്ക്കും നിർബന്ധിതമായി പറിച്ചു നടപ്പെട്ടു. അവിടെ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ കെടുതിയിലാണ് ഇരകൾ. അവർക്ക് എന്തെങ്കിലും സഹായമെത്തിക്കുന്നതിലോ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി പാർപ്പിക്കലോ അല്ല ഡൽഹി പൊലീസിന്റെ മുഖ്യ അജണ്ട. അവരിപ്പോഴും ഡൽഹി കലാപത്തിന്റെ കുറ്റവാളികളെ തേടിയുള്ള കൃത്യനിർവ്വഹണത്തിലാണ്. പിടികൂടുന്നതും പ്രതിചേർക്കപ്പെടുന്നതും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ മാത്രമാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തിന്റെ പേരിൽ ജാമിയ മിലിയ സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി മീരാൻ ഹൈദറിനെ അറസ്റ്റ് ചെയ്തതും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി ഉമർഖാലിദിനെ പ്രതി ചേർത്തതും ഈ മാസം ആദ്യമായിരുന്നു. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഫ്രാബാദിൽ നടന്ന പ്രതിഷേധത്തിന്റെ പേരിൽ ജാമിയ സമരത്തിന്റെ ഏകോപന സമിതിയുടെ മാധ്യമ വിഭാഗം പ്രവർത്തക സഫൂറ സർഗാറിനെ അറസ്റ്റ് ചെയ്തത്. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 17 പേരെ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ ഉടൻ ജയിലിൽ അടച്ചിരിക്കുകയാണ് യുപിയിൽ ആദിത്യനാഥിന്റെ പൊലീസ്. കോവിഡിന്റെ ഈ കാലവും മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും വേട്ടയാടുന്നതിനുള്ള അവസരമായാണ് കേന്ദ്രത്തിലെയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെയും സർക്കാരുകൾ ഉപയോഗിക്കുന്നത്. ജനാധിപത്യ വിരുദ്ധവും മനുഷ്യത്വ രഹിതവുമായ ഈ നീക്കം അവസാനിപ്പിച്ചേ മതിയാകൂ.
ENGLISH SUMMARY: human rights violation and our law
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.