മനുഷ്യ ശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി ഉപേക്ഷിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ

Web Desk
Posted on August 19, 2019, 9:16 am

കോട്ടയം:  മനുഷ്യശരീരഭാഗങ്ങള്‍ ബക്കറ്റിലാക്കി പാടത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍ (34), പെരുമ്ബായിക്കാട് ചിലമ്ബിട്ടശ്ശേരി ക്രിസ് മോന്‍ ജോസഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.  ശരീരാവശിഷ്ടം കളയുവാന്‍ ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ മരിച്ച എണ്‍പതുവയസ്സുള്ള രോഗിയുടെ മൃതദേഹഭാഗമാണ് ആര്‍പ്പൂക്കരയില്‍ തള്ളിയത്. ശനിയാഴ്ച രാത്രിയിലാണ് ഇതുചെയ്തത്.  ശരീരഭാഗത്തിനൊപ്പമുണ്ടായിരുന്ന ആശുപത്രി ഉപകരണത്തിന്റെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാന്‍ പോയവരാണ് പാടത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചനിലയില്‍ ബക്കറ്റ് കിടക്കുന്നതുകണ്ടത്. ദുരൂഹത തോന്നിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. മനുഷ്യശരീര ഭാഗങ്ങളാണെന്ന് സംശയം തോന്നിയ പൊലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തെ അറിയിച്ചു.

ഇവര്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ വന്‍കുടല്‍, ചെറുകുടല്‍, കരള്‍, പിത്താശയം, വൃക്കകള്‍ എന്നിവയാണ് ബക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്. മൃതദേഹം എംബാം ചെയ്ത ശേഷം സ്വകാര്യ ആശുപത്രിയില്‍നിന്ന് സംസ്‌കരിക്കാന്‍ നല്‍കിയ ഉദരഭാഗങ്ങളാണിതെന്ന് ഗാന്ധിനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

you may also like this video